തീരമിടിച്ചിൽ ഭീഷണിയിൽ പമ്പാതീരം; ഭീതിയോടെ പ്രദേശവാസികൾ
മഴ ശക്തിപ്രാപിച്ചതോടെ നദീതീരങ്ങളും വിറങ്ങലിക്കുന്നു. പ്രളയത്തിനു ശേഷം അതിജീവനത്തിന്റെ പാതയിലൂടെ മന്ദം നീങ്ങുന്ന നദീതീരവാസികൾക്ക് 3 ദിവസമായി ഇരമ്പിയാർത്തു പെയ്യുന്ന മഴ സമ്മാനിക്കുന്നത് ആധിയുടെ സങ്കടക്കാലമാണ്. ഇനിയും മറ്റൊരു പ്രളയം കര കവിഞ്ഞെത്തുമോ എന്ന ഭീതിയും ഇവരെ അലട്ടുന്നു തീരങ്ങൾ വിഴുങ്ങി പ്രളയകാലത്ത് ഗതി മാറിയ ഒഴുകിയ ഏതാനും പ്രദേശങ്ങളിലൂടെ വീണ്ടും പോകാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന പ്രതീതിയിലാണ് 2 ദിവസമായി പമ്പാനദിയുടെ പോക്ക്.
പഞ്ചായത്തിലെ ചില തീരഭാഗങ്ങൾ ഇതിനോടകം നദിയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മറ്റു പ്രദേശങ്ങൾ ഏതു നിമിഷവും അടർന്നു വീഴാവുന്ന നിലയിലും കുതിർന്നു നിൽപാണ്. പഞ്ചായത്ത് 4–ാം വാർഡിലെ തീരഭാഗങ്ങളാണ് കൂടുതൽ ഭീഷണി നേരിടുന്നത്. ഇത്തവണത്തെ മഴക്കാലം തുടങ്ങിയ ശേഷം ഇതിനോടകം 6 കുടുംബങ്ങളുടെ അതിർത്തി നദി കവർന്നെടുത്തു കഴിഞ്ഞു.
കാർഷികവിളകളും ഫലവൃക്ഷങ്ങളും ഉൾപ്പെടെയുള്ളവയാണ് പുരയിടം സഹിതം വെള്ളം കൊണ്ടുപോയത്. പുല്ലേലിൽ, തുണ്ടിയിൽകടവുകളാണ് കൂടുതൽ ഭീഷണി നേരിടുന്നത്. കീഴുകര ഭാഗത്ത് നദിയിലെ പോത്തങ്ങാനത്ത് പാറയിൽ തട്ടി തിരിഞ്ഞു മറിഞ്ഞൊഴുകുന്ന വെള്ളമാണ് ഇവിടെ എതിർഭാഗത്ത് നാശം വിതയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വരാവിൽ 2 വീടുകളുടെയും കിഴക്കേതിൽ, പടിഞ്ഞാറേതിൽ പുരയിടങ്ങളുടെ അതിർത്തികളും നദി വിഴുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തിനു മുൻപ് തന്നെ നദീതീരങ്ങൾ ഇടിയുന്നതു സംബന്ധിച്ച് കലക്ടറേറ്റിൽ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു. ജലസേചനവകുപ്പിൽ നിന്ന് യാതൊരു വിധത്തിലുമുള്ള ആശ്വാസവും നദി കടന്ന് എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.