ഇതുവരെ കാണാത്ത രീതിയിലും ഭാവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‍ഡിസ്കവറി ചാനൽ ഒരുക്കുന്ന മാൻ വേഴ്സസ് വൈൽഡ് എന്ന ടെലിവിഷൻ പരിപാടിയിലാണ് പ്രധാനമന്ത്രി വ്യത്യസ്ത ഭാവത്തിലെത്തുന്നത്. സാഹസിക പ്രിയനും അവതാരകനുമായ ബെയർ ഗ്രിൽസാണ് പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കുന്നത്. 

ബെയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കിലാണു മോദി വനാന്തര സാഹസിക യാത്ര നടത്തുന്നത്. പരിപാടിയുടെ പ്രചാരണ വിഡിയോ ഗ്രില്‍സ് ട്വിറ്ററിൽ പുറത്തുവിട്ടു. ഈ ട്വീറ്റ് മോദിയും പങ്കുവച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവുമായുള്ള അപൂർവ വനസഞ്ചാരം എന്നാണു വിഡിയോ പറയുന്നത്. കാൽനടയായി മോദി കാട്ടിലൂടെ നടക്കുന്നത്, മുളകൊണ്ട് ആയുധമുണ്ടാക്കുന്നത്, ചെറുവഞ്ചിയിൽ സഞ്ചരിക്കുന്നത് തുടങ്ങിയവയാണു വിഡിയോയിൽ ഉള്ളത്.

ട്വിറ്ററിൽ ഗ്രിൽസ് പങ്കുവച്ച വിഡിയോയിൽ പരമ്പരാഗത ചങ്ങാടം തുഴയുന്ന പ്രധാനമന്ത്രിയെ കാണാം. രാഷ്ട്രീയത്തിന് അതീതമായി പ്രകൃതിയെ അറിഞ്ഞുള്ള ഈ പരിപാടിയിൽ പങ്കെടുക്കാനായതിലുള്ള സന്തോഷം പ്രധാനമന്ത്രിയും ട്വിറ്ററിലൂടെ പങ്കുവച്ചു. നമ്മുടെ വിശാലമായ ജൈവവ്യവസ്ഥയുള്ള നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പ്രകൃതിയെ മുറിപ്പെടുത്താതെ ജീവിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഓർമപ്പെടുത്തി. വനത്തിനുള്ളിൽ ബെയർ ഗ്രിൽസിനൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ ജീവിതത്തോട് ചേർത്തുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

180 തോളം രാജ്യങ്ങളിലുള്ള ജനങ്ങൾക്ക് പുതിയൊരു അനുഭവമായിരിക്കും പ്രധാനമന്ത്രിയുടെ ഈ പരിപാടി സമ്മാനിക്കുകയെന്ന് ബെയർ ഗ്രിൽസ് കുറിച്ചു. മൃഗസംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ജനങ്ങൾ ഉറ്റുനോക്കുന്ന ഈ പരിപാടി ഓഗസ്റ്റ് 12 ന് വൈകുന്നേരം 9 മണിക്കാണ് ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്യുന്നത്.