ഒരു ദിവസം കൊണ്ട് 350 മില്യണ്‍ മരങ്ങള്‍ നട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഇത്യോപ്യ. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാവുന്ന ദുരവസ്ഥ മറികടക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്കു കീഴില്‍ അണിനിരന്നപ്പോഴാണ് ഈ റെക്കോഡ് നേട്ടം കൈവരിക്കാനായത്.

മരം ശരിക്കുമൊരു വരമാണെന്ന് എത്യോപ്യക്കാര്‍ക്ക് ഇപ്പോ പിടിക്കിട്ടി. ഗിന്നസ് റെക്കോഡ് തേടിയെത്തിയപ്പോള്‍. ഇത്യോപ്യന്‍ പ്രധാനമന്ത്രി അഭിയ് അഹമ്മദ് നേതൃത്വം നല്‍കുന്ന ഹരിതവിപ്ളവം രാജ്യമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിനുപിന്നാലെ ഒാരോരുത്തരായി മരം നടീല്‍ ചലഞ്ച് ഏറ്റെടുത്തു. രാജ്യത്തിന്റെ പലഭാഗത്തായി അങ്ങനെ ഒറ്റദിവസം കൊണ്ട് 350 മില്യണ്‍ തൈകള്‍ നട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടെ തന്നെ മരം നടാന്‍ സമയം നല്‍കി. യുഎൻ സമിതിയുടെ കണക്കുപ്രകാരം എത്യോപ്യയുടെ വനവിസ്തൃതിയില്‍ സാരമായ കുറവ് സമീപകാലത്തുണ്ടായിട്ടുണ്ട്. 

20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ 35 ശതമാനത്തോളം പരന്ന് കിടന്നിരുന്ന കാടാണ് 100വര്‍ഷത്തിനിപ്പുറം വെറും 4ശതമാനമായി ക്കുറഞ്ഞത്. അതിന്റെ ദുരന്തം ഇത്യോപ്യ അനുഭവിക്കുകയും ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നായ മരുഭൂമി വല്‍ക്കരണവും മണ്ണിന്റെ പുഷ്ടിമക്കുറവും എത്യോപ്യയെ കടുത്ത ദാരിദ്രത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചു. നഷ്ടപ്പെട്ട ഫലപുഷ്ടിമ വീണ്ടെടുക്കാനും അതുവഴി ഉല്‍പാദനം കൂട്ടാനും മരം നടീല്‍ സഹായകമാകുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നു. ഏതായാലും ഗിന്നസ് റെക്കോ‍ഡ് ഇതിനൊക്കെ പ്രചോദനമായി.