യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശങ്ങളിൽ അതീവ ജാഗ്രത. യമുനയുടെ തീരത്തു താമസിക്കുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ ആരംഭിച്ചു. ഡൽഹിയിലും ഹരിയാനയിലും ഇടവിട്ടു പെയ്യുന്ന മഴയാണു യമുനയിലെ ജലനിരപ്പ് ഉയർത്തിയത്.

ഹരിയാനയിലെ ഹാത്‍നി കുണ്ഡ് ബാരേജിൽ നിന്നു 8.28 ലക്ഷം ക്യൂസെക്സ് ജലം. വെള്ളമാണു യമുനയിലേക്കു തുറന്നുവിട്ടത്. ഇതോടെയാണു നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നത്. യമുനയോടു ചേർന്നു പ്രദേശങ്ങളിലെ ചില വീടുകളിൽ വെള്ളം കയറിയതോടെയാണ് ഒഴിപ്പിക്കൽ നടപടികൾക്ക് യമുന നഗർ അധികൃതർ നടപടി തുടങ്ങിയത്. നദീതീരത്തു കൃഷി നടത്തുന്നവരാണ് ഇത്തരം കുടുംബങ്ങളിൽ ഏറെയും. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഇടവിട്ടു നല്ല മഴ കിട്ടിയിരുന്നു.

യമുനയിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും പ്രളയം ഉണ്ടായാൽപോലും നേരിടാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം യമുനയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതോടെ ഓൾഡ് യമുന പാലത്തിനു മുകളിലുള്ള ഗതാഗതം കുറച്ചുദിവസത്തേക്കു നിർത്തിവച്ചിരുന്നു. ഹാത്‍നി കുണ്ഡിൽ നിന്നു കൂടുതൽ വെള്ളമെത്തിയാൽ ജലനിരപ്പ് വീണ്ടുമുയരുമെന്നതിനാൽ അധികൃതർ കടുത്ത ജാഗ്രതയിലാണ്.

മണൽഖനനം വ്യാപകം:ജല ബോർഡ്

യമുനാ നദിയിൽ മണൽഖനനം വ്യാപകമാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ജല ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) സമീപിച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനു സമിതിയെ നിയോഗിക്കാൻ എൻജിടി നിർദേശിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നദിയിൽ പലയിടത്തും തടയണകൾ നിർമിച്ചു മണൽ ഖനനം നടത്തുന്നതായാണു ജലബോർഡ് പരാതിയിൽ ആരോപിച്ചത്.  നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ ഇതു തടസ്സപ്പെടുത്തുന്നതായും ജലബോർഡ് പരാതിപ്പെട്ടു.

മഴ: ഹിമാചലിൽ 18 മരണം

കനത്ത മഴയെത്തുടർ‌ന്ന് ഹിമാചൽ പ്രദേശിലെ ചമ്പ ബസ് സ്റ്റാൻഡിനു സമീപം റോഡ് ഒഴുകിപ്പോയ നിലയിൽ.

പേമാരിയിലും മണ്ണിടിച്ചിലിലും ഹിമാചൽപ്രദേശിൽ 18 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കുണ്ട്. മരംവീണും മണ്ണിടിച്ചിലിൽപെട്ടുമാണു മരണം. ഒഴുക്കിൽപ്പെട്ടും വീടുകൾ തകർന്നും മരിച്ചവരുമുണ്ട്. മണാലി – കുളു ദേശീയപാത ഭാഗികമായി തകർന്നു. മണാലിക്കു സമീപം വഴിയിൽ കുടുങ്ങിയവരിൽ മലയാളികളുമുണ്ട്. ഇവർ സുരക്ഷിതരാണെന്നാണു വിവരം. ഹിമാചലിൽ 68 റോഡുകളിൽ ഗതാഗത തടസ്സമുണ്ട്.

ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ 18 പേരെ കാണാതായി. അതിനിടെ, ബിയാസ് നദി കരകവിഞ്ഞതുമൂലം പ്രളയത്തിൽപെട്ട 11 പേരെ പഞ്ചാബിലെ ഗുർദാസ്പുരിൽ രക്ഷപ്പെടുത്തി.

അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലുടനീളം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളം, കർണാടക, ആന്ധ്രയുടെ തീരദേശ ജില്ലകൾ, തെലങ്കാന എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചെറു ന്യൂനമർദമാണു മഴയ്ക്കു കാരണം. ബെംഗളൂരുവിലും കർണാടകയിലെ തീരദേശ ജില്ലകളിലും ഇന്നു കനത്ത ‌മഴ പ്രതീക്ഷിക്കുന്നു.