യമുനയിൽ ജലനിരപ്പു കുതിച്ചുയർന്ന് കുടിലിലേക്കു വെള്ളം ഇരച്ചെത്തിയതോടെ മരത്തിനു മുകളിൽ രക്ഷതേടി ഗർഭിണിയായ യുവതിയും രണ്ടു കുട്ടികളും. രാത്രി മുഴുവൻ മരത്തിനു മുകളിലിരുന്നാണ് യുവതിയും ഭർത്താവും കുട്ടികളും രക്ഷപ്പെട്ടത്. ഉസ്മാൻപുരിൽ സൈക്കിൾ റിക്ഷാ തൊഴിലാളിയായ ജഹാംഗീറും ഭാര്യ നൂർജഹാനും കുട്ടികളുമാണു മരത്തിൽ കയറി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി കുടിലിൽ വെള്ളം നിറഞ്ഞതോടെ മരക്കൊമ്പ് ചാരിവച്ചാണു കുട്ടികളോടൊപ്പം നൂർജഹാൻ സമീപത്തെ മരത്തിനു മുകളിൽ കയറിയത്. രാത്രി വൈകി വീട്ടിലെത്തിയപ്പോഴാണു വീട്ടിൽ വെള്ളം കയറിയത് ജഹാംഗീർ കാണുന്നത്. ഒരുവിധത്തിൽ ഇയാളും മരത്തിലേക്ക് കയറി കുടുംബത്തോടൊപ്പം നേരംവെളുപ്പിച്ചു. വിവരമറിഞ്ഞ് പിറ്റേദിവസം ഉച്ചയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘമാണു കുടുംബത്തെ രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്.

യമുനാ നദിയിൽ ജലനിരപ്പ് കുറയുന്നു

ഹരിയാനയിലും ഡൽഹിയിലും മഴ കുറഞ്ഞതോടെ യമുനാ നദിയിൽ ജലനിരപ്പ് നേരിയ തോതിൽ കുറയുന്നു. അപകടനിലയ്ക്കു മുകളിൽ തന്നെയാണ് ഇപ്പോഴും ജലനിരപ്പ്. നേരത്തേ 206.60 മീറ്ററായി ഉയർന്ന ജലനിരപ്പ് ഇന്നലെ വൈകിട്ട് 206.50 മീറ്ററായി കുറഞ്ഞു. ഹരിയാനയിലെ ഹാത്‍നി കുണ്ഡ് ബറാജിൽ നിന്നു വെള്ളം കൂടുതലായി തുറന്നുവിടാത്തതും ജലനിരപ്പ് കുറയാൻ സഹായകമാവുമെന്നാണു കരുതപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടനിലയായ 205.33 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയർന്നത്. തുടർന്ന് നദിക്കു സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 23,000ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.

ജലനിരപ്പുയർന്നതോടെ ഓൾഡ് യമുന പാലത്തിലെ വാഹന ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ഇന്നലെ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതവും നിർത്തിവച്ചു. ഉസ്മാൻപുരിൽ സജ്ജീകരിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സന്ദർശനം നടത്തി. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം കുറ്റമറ്റതാണെന്നു സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ മനോജ് തിവാരി എംപി, മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.