വരണ്ട സ്ഥലങ്ങളിൽ മാത്രം കണ്ടിരുന്ന സാമൂഹിക ചിലന്തി (സോഷ്യൽ സ്പൈഡർ), ചെന്നായ് ചിലന്തി എന്നിവ കേരളത്തിൽ വ്യാപകമാവുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവ വൈവിധ്യ വിഭാഗം ഗവേഷണ വിദ്യാർഥികളായ ദൃശ്യ മോഹൻ, കാശ്മീര അനിരുദ്ധൻ എന്നിവർ നടത്തിയ പഠനത്തിലാണ് പരിസ്ഥിതി വ്യതിയാനത്തിന്റെ സൂചനകൾ നൽകുന്ന തെളിവുകൾ കണ്ടെത്തിയത്. ജർമനിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അരക്നോളജി ലെറ്റേഴ്സ് എന്ന ശാസ്ത്ര മാസികയുടെ കഴിഞ്ഞ ലക്കത്തിൽ ഇവരുടെ പഠനഫലം പ്രസിദ്ധീകരിച്ചിരുന്നു.

ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തിൽ സർവകലാശാല ഗ്രാന്റ്സ് കമ്മിഷന്റെ ഗവേഷണ ഫെലോഷിപ്പോടെയാണു പഠനങ്ങൾ നടത്തുന്നത്. തമിഴ്നാട് അതിർത്തിയിലും പാലക്കാട്ടെ ചില പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന സാമൂഹിക ചിലന്തി ഇപ്പോൾ തൃശൂർ, എറണാകുളം ജില്ലകളിൽ വ്യാപകമാണ്. ഇവയുടെ ശരീരം ചൂടിനെ തടഞ്ഞ് നിർത്തുന്ന വിധത്തിൽ രോമങ്ങളും ശൽക്കങ്ങളും പൊതിഞ്ഞ നിലയിലാണ്. കൂട്ടമായി ജീവിക്കുന്നതിനാലാണു സാമൂഹിക ചിലന്തിയെന്നു വിളിക്കുന്നത്.

300 മുതൽ 500 വരെ അംഗങ്ങളുള്ള കോളനിയായിട്ടാണ് ഇവ ജീവിക്കുന്നത്. ഇര പിടിക്കാനുള്ള വല കെട്ടുന്നതും ഇര പിടിക്കുന്നതും കുട്ടികളെ സംരക്ഷിക്കുന്നതും കൂട്ടം ചേർന്നാണ്. വലിയ വണ്ടുകളും പുൽച്ചാടികളുമാണു പ്രധാന ആഹാരം. ചെന്നായ്ക്കളെ പോലെ ഇരയെ ഓടിച്ചു പിടിച്ച് ഭക്ഷിക്കുന്നതിനാലാണ് ഇവയെ ചെന്നായ് ചിലന്തി എന്നു വിളിക്കുന്നത്. പുല്ലിലും മണ്ണിലും ജീവിക്കുന്ന ചെന്നായ് ചിലന്തി ചെറുപ്രാണികളെയും മറ്റുമാണു ഭക്ഷിക്കുന്നത്.

ഇവരുടെ കണ്ടത്തലുകളിൽമേൽ തുടർ പഠനങ്ങൾക്കായി ഇസ്രയേലിലെ ബെൻഗുറിയോൺ സർവകലാശാലയിലെ മുതിർന്ന ചിലന്തി ഗവേഷക ഡോ. യേൽ ലൂബിൻ, സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാലയിലെ ചിലന്തി ഗവേഷകനായ ഡോ. വോൾഫ് ഗാങ് നണ്ട്വിങ് എന്നിവർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.