ഉഭയ ജീവികൾ 44, ഉരഗങ്ങൾ 54; വയനാട് വന്യജീവി സങ്കേതത്തിൽ 98 ഉഭയ, ഉരഗ ഇനങ്ങൾ
വയനാട് വന്യജീവി സങ്കേതത്തിൽ നടന്ന ഉഭയ, ഉരഗ ജീവി സർവേയുടെ ആദ്യഘട്ടം പൂർത്തിയായി. 98 ഇനങ്ങളെ നേരിൽ കണ്ട് രേഖപ്പെടുത്തി. എംഎൻഎച്ച്എസ്, എഡ്ജ്, എംബീസി തുടങ്ങി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വനംവകുപ്പാണ് കഴിഞ്ഞ 26 മുതൽ 29 വരെ സർവേ നടത്തിയത് ആകെ കണ്ടെത്തിയ 98 ഇനങ്ങളിൽ ഉഭയ ജീവികൾ 44ഉം ഉരഗങ്ങൾ 54 ഇനങ്ങളുമാണുള്ളത്. ഇതിൽ 12 ഇനം ഉഭയ ജീവികളും 5 ഇനം ഉരഗങ്ങളും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവയല്ല. ഇവയിൽ പലതും ഐയുസിഎൻ ചുവപ്പു പട്ടികയുടെ വംശനാശ ഭീഷണി നേരിടുന്നവയാണ്.
പൊൻമുടി ഇലത്തവള, അതീവ പരിസ്ഥിതി നാശ വിഭാഗത്തിലും തീവയറൻ അരുവിയൻ, മരച്ചൊറിയൻ തുടങ്ങി നാലിനം വംശനാശ ഭീഷണിപ്പട്ടികയിലുമുള്ളവയാണ്. ഉരഗജീവികളിൽ വയനാടൻ മരപ്പല്ലി വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലും വെള്ളാമ, ചീങ്കണ്ണി മുതലായവ അതീവ വംശനാശ ഭീഷണിപ്പട്ടികയിൽ പെട്ടവയുമാണ്. ഇവയിൽ 14 ഇനങ്ങൾ ലോകത്തിൽ സഹ്യപർവത നിരകളിൽ മാത്രം കാണുന്നവയാണ്. രാത്രി സർവേ കൂടി പൂർത്തികുമ്പോൾ കൂടുതൽ ഉഭയ ഉരഗ ജീവികളെ കണ്ടെത്താൻ കഴിയുമെന്ന് സർവേ സംഘം പറഞ്ഞു.
വയനാട് കരിയിലത്തവള, ചിലപ്പൻമാർ,കാട്ടുമണവാട്ടിത്തവള എന്നീ ഉഭജീവികളെയാണ് സർവേയിൽ ഏറ്റവും കൂടുതൽ കണ്ടത്. രണ്ടാം ഘട്ടത്തിൽ മതിയായ സംരക്ഷണ സൗകര്യങ്ങളോടെ ചെറു സംഘങ്ങളായി രാത്രി സർവേ നടത്തും. 2009 ൽ ഡോ.മുഹമ്മദ് ജാഫർ പാലോട്ടിന്റെ നേതൃത്വത്തിൽ ഇവിടെ ഉരഗ സർവേ നടന്നിരുന്നു. എന്നാൽ ഉഭയ ജീവികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ളത് ഇതാദ്യമായാണ് വയനാട് സങ്കേതത്തിൽ നടക്കുന്നത്. കേരള, കാലിക്കറ്റ്, വെറ്റിറിനറി സർവകലാശാലകൾ, ഫോറസ്ട്രി കോളജ്, കെഎഫ്ആർഐ എന്നീ സ്ഥാപനങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണ സംഘടനകളിൽ നിന്നുമായി 75 വൊളന്റിയർമാരെയും വനംവകുപ്പിലെ അറുപതോളം ഉദ്യോഗസ്ഥരെയും പ്രകൃതി സ്നേഹികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സർവേ നടത്തിയത്.
4 വൊളന്റിയർമാരും 3 വനം ഉദ്യോഗസ്ഥരും അടങ്ങുന്ന 20 ടീമുകളായി തിരിഞ്ഞായിരുന്നു കണക്കെടുപ്പ്.വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി. കെ. ആസിഫ്, അസിസ്റ്റന്റ് വാർഡൻമാരായ രമ്യ രാഘവൻ, പി.രതീശൻ, സുനിൽകുമാർ, പി. സുനിൽ, പീച്ചി വനഗേഷണ കേന്ദ്രത്തിലെ സന്ദീപ് ദാസ്, കെ. പി .രാജ്കുമാർ, കോഴിക്കോട് ഗവ. ആർട്സ് കോളജ് പ്രഫസർ കെ. അബ്ദുൽ റിയാസ്, ഗവേഷകൻ നിതിൻ ദിവാകർ, ബയോളജി്സ്റ്റ് ഒ. വിഷ്ണു എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.