ജപ്പാനിൽ ആഞ്ഞടിച്ച് ഹാഗിബിസ്; 60 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്
ജപ്പാനിൽ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ ഇതുവരെ 40 മരണം. 31,000 സൈനികർ അടക്കം ഒരു ലക്ഷത്തിലധികം രക്ഷാപ്രവർത്തകരെ സർക്കാർ നിയോഗിച്ചു. തലസ്ഥാനനഗരിയിൽ കാര്യമായ കുഴപ്പമുണ്ടായില്ലെങ്കിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സമീപപ്രദേശങ്ങളിൽ വൻനാശമാണുണ്ടായിട്ടുള്ളത്. ഇരുനൂറിലധികം പേർക്കു പരുക്കേറ്റെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തെത്താൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൻഷൂവിൽ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹാഗിബിസ് 60 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റു മൂലമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുഴകൾ കരകവിഞ്ഞു. ചിലയിടങ്ങളിൽ ഉരുൾപ്പൊട്ടലും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മിക്ക പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്. ജപ്പാനിലെ നഗാനോയിൽ ചികൂമാ നദി കരകവിഞ്ഞതിനെ തുടർന്ന് അടുത്തുള്ള വീടുകളിലേക്കു വെള്ളം ഇരച്ചുകയറി മേൽക്കൂരകൾ നിലംപതിച്ചു.
പലയിടത്തും നദി കരകവിഞ്ഞ് വീടുകളുടെ മൂന്നാം നില വരെ വെള്ളത്തിനടിയിലായി. ഹെലികോപ്റ്ററുകളിലാണ് ഇവിടെയുള്ളവരെ രക്ഷിച്ചത്. ഫുകുഷിമയിൽ കോപ്റ്ററിൽ കയറ്റാനുള്ള ശ്രമത്തിനിടെ താഴെ വീണ് ഒരു സ്ത്രീ മരിച്ചു. വൃദ്ധമന്ദിരത്തിലെ അന്തേവാസികളെ രക്ഷിക്കാൻ മണിക്കൂറുകൾ നീണ്ട പ്രയത്നം വേണ്ടിവന്നു. മുങ്ങിപ്പോയ വീടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. ധാന്യ സംഭരണകേന്ദ്രങ്ങളും വെള്ളത്തിനടിയിലായി.
ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ വീടുകൾക്കുള്ളിലും മേൽക്കൂരകളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തിൽ മിക്ക പ്രദേശങ്ങവും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ഇടങ്ങളിലായി സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽ കഴിയുന്നത്. പത്തു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി.ഇന്നലെ രാവിലെ ചുഴലിക്കാറ്റ് ശമിച്ചതോടെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കാൻ ശ്രമം തുടങ്ങി. 800 ഫ്ലൈറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്.