രണ്ടു പതിറ്റാണ്ടിനുള്ളിൽ വേമ്പനാട്ടു കായൽ ചതുപ്പുനിലമാകുമെന്ന മുന്നറിയിപ്പുമായി ഒരു പഠന റിപ്പോർട്ട് കൂടി. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പഠന റിപ്പോർട്ടിലാണ് കായലിന്റെ ആഴം കുറയുന്നതിനാൽ ചെറിയ മഴക്കാലത്തു പോലും വെള്ളം കരയിലേക്കു കയറുന്നുവെന്നു കണ്ടെത്തിയത്. 

നദികളിലൂടെ വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പിടിച്ചു നിർത്താനുള്ള ശേഷി കായലിനു നഷ്ടമാകുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. നേരത്തെ രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണങ്ങളിൽ വേമ്പനാട്ടു കായലിന്റെ ആഴം കുറയുകയും സൂര്യപ്രകാശം നേരിട്ട് താഴേത്തട്ടിൽ എത്താനുള്ള സാഹചര്യമുണ്ടാകുകയും ചെയ്യുന്നതിനാൽ കായലിന്റെ അടിത്തട്ടിൽ സസ്യങ്ങളും മരങ്ങളും മുളപൊട്ടി വളരാൻ തുടങ്ങിയെന്നു കണ്ടെത്തിയിരുന്നു.

കൊച്ചി–വൈപ്പിൻ ഭാഗത്തെ പാലങ്ങളുടെ നിർമാണ ശേഷം ഉപേക്ഷിച്ച വസ്തുക്കളും പാലങ്ങൾക്കടിയിൽ അടിഞ്ഞുകൂടിയ മാലിന്യവും നീക്കം ചെയ്ത് ഒഴുക്കു പുനഃസ്ഥാപിക്കണം. 25 വർഷത്തിനിടയിൽ കായലിന്റെ വിസ്തൃതി 30% കുറഞ്ഞു. 1930ൽ തണ്ണീർമുക്കം ഭാഗത്ത് വേമ്പനാട്ടു കായലിന്റെ ആഴം 8– 9 മീറ്റർ ആയിരുന്നു. ഇപ്പോൾ 1.6– 4.5 മീറ്റർ മാത്രമാണുള്ളത്. കായലിൽ വന്നടിയുന്ന എക്കലും പ്ലാസ്റ്റിക്കും നീക്കം ചെയ്യാൻ നടപടിയില്ല. ഈ അവസ്ഥ തുടർന്നാൽ 20 വർഷത്തിനുള്ളിൽ വേമ്പനാട്ടു കായലിന്റെ പല ഭാഗങ്ങളും ചതുപ്പുനിലമാകാനുള്ള സാധ്യതയുണ്ടെന്നു പഠനത്തിനു നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഡോ.വി.എൻ.സഞ്ജീവൻ പറഞ്ഞു.

കായലിൽ പ്ലാസ്റ്റിക് 4276 ടൺ

തണ്ണീർമുക്കം – ആലപ്പുഴ ഭാഗത്തു മാത്രം വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ ചുരുങ്ങിയത് 4276 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നു കുഫോസ് പഠനം സൂചിപ്പിക്കുന്നു. ഈ ഭാഗത്തെ കായലിന്റെ വിസ്തീർണം 76.5 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും ശരാശരി 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം ഉണ്ട്.