വീടിനുള്ളിൽ 140 പാമ്പുകൾ; കഴുത്തിൽ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കി യുവതിക്ക് ദാരുണാന്ത്യം!
കഴുത്തിൽ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കി കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തി. ഇന്ത്യാനയിലാണ് 8 അടിയോളം നീളമുള്ള പെരുമ്പാമ്പ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്.
ഓക്സ്ഫർഡിലെ ബെൻടണിൽ ബുധനാഴ്ച രാത്രിയാണ് ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പെട്ടെന്നു തന്നെ മെഡിക്കൽ വിദഗ്ധരും അവിടെയെത്തി. കൃത്രിമശ്വാസവും മറ്റും നല്കിയെങ്കിലും അപ്പോഴേക്കും അവർ മരിച്ചിരുന്നു.യുവതിയെ കണ്ടെത്തിയ വീടിനുള്ളിൽ 140 പാമ്പുകളുണ്ടായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇവിടെത്തന്നെയുള്ള ഷെറിഫ് ഡൊണാൾഡിന്റെ ഉടമസ്ഥതയിലുള്ളതാണ് പാമ്പുകളെ വളർത്തിയിരുന്ന കെട്ടിടം. 140 പാമ്പുകളിൽ 20 എണ്ണം മാത്രമായിരുന്നു ലോറയുടേത്. താമസക്കാരില്ലാത്ത ഈ കെട്ടിടത്തിൽ പാമ്പുകളെ പരിപാലിക്കുന്നതിനായി ആഴ്ചയിൽ രണ്ട് തവണ ലോറ ഹഴ്സ്റ്റ് സന്ദർശിക്കാറുണ്ടായിരുന്നു. പൊസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
English Summary: Woman Found Dead with Python Around Her Neck in Home