നോർത്ത് വേൽസിലാണ് നൂറ് കണക്കിന് സ്റ്റാർലിങ് പക്ഷികളെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ഏഞ്ചലേസി റോഡിലാണ് മുന്നൂറോളം വരുന്ന പക്ഷികളുടെ ശവശരീരം ചിതറിക്കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. പ്രദേശവാസിയായ ഹന്നാ സ്റ്റീവൻസ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പക്ഷിക്കൂട്ടം പറന്നു പോകുന്നത് ശ്രദ്ധിച്ചിരുന്നതായി പ്രദേശിക ചാനലിനോട് വ്യക്തമാക്കി. ഇവ കൂട്ടത്തോടെ റോ‍ഡിലേക്ക്  പറന്നിറങ്ങി എന്തോ കൊത്തിപ്പെറുക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഇതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇവയെ ജീവനറ്റ നിലയിൽ റോഡിൽ കണ്ടെത്തിയത്.ഇവയുടെ ശരീരം നിറയെ രക്തവും പുരണ്ടിരുന്നു.

Image Credit: Facebook

ഹന്നാ സ്റ്റീവൻസും പങ്കാളിയായ ഡാഫിഡ് എഡ്വാർഡ്സും ചേർന്നാണ് പക്ഷികളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 225 ഓളം പക്ഷികളുടെ ശവശരീരം റോഡിൽ ചിതറിക്കിടന്നിരുന്നു. മരത്തിന്റെ ശിഖരങ്ങളിലും മറ്റും തങ്ങി നിൽക്കുന്ന നിലയിൽ വേറെയും പക്ഷികളെ കണ്ടെത്തിയിരുന്നു. ആറോളം പക്ഷികളുടെ വായിൽ ചോളം കണ്ടെത്തിയിരുന്നു. ഒരുപക്ഷേ വിഷം നിറഞ്ഞ ചോളം കഴിച്ചതാകാം പക്ഷികളുടെ കൂട്ടമരത്തിനു പിന്നിലെന്നാണ് ഇവരുടെ നിഗമനം.

ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസി പക്ഷികളുടെ ശരീരം വിശദ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ പക്ഷികളുടെ കൂട്ടമരണത്തിനു പിന്നിലുള്ള യഥാർഥ കാരണം കണ്ടെത്താനാകൂ. നോർത്ത് വേൽസ് പൊലീസും പക്ഷികളുടെ അജ്ഞാത മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

English Summary: Nobody Knows Why Hundreds Of Birds Were Found Dead In This Welsh Town