നെയ്യാർ വന്യജീവി സങ്കേതത്തിൽ 174 ഇനം പക്ഷികളും 215 ഇനം ചിത്രശലഭങ്ങളും ഉണ്ടെന്നു വനം വകുപ്പും സർക്കാർ ഇതര സംഘടനകളും ചേർന്നു നടത്തിയ സർവേയിൽ കണ്ടെത്തി.  പേപ്പാറ വന്യജീവി സങ്കേതത്തിൽ 171 ഇനം പക്ഷികളും ചിത്രശലഭങ്ങളുമാണ് ഉള്ളത്.

രണ്ടിടത്തും സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ സമൃദ്ധമായ സാന്നിധ്യമുണ്ട്. അപൂർവമായ ലെസർ ഫിഷിങ് ഈഗിൾ, ഏറ്റവും വേഗമേറിയ പക്ഷിയായ പെരിഗ്രീൻ ഫാൽക്കൻ എന്നിവയാണു നെയ്യാറിലെ പ്രധാന കണ്ടെത്തൽ. ബ്ലാക് ആൻഡ് ഓറഞ്ച് ഫ്ലൈ ക്യാചർ, ഓറിയന്റൽ ഡ്വാർഫ് കിങ്‌ഫിഷർ തുടങ്ങിയ പക്ഷികളെയും സർവേയിൽ രേഖപ്പെടുത്തി.

സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരി, ട്രാവൻകൂർ ഈവ്‌നിങ് ബ്രൗൺ, സതേൺ ബേഡ്‌വിങ്, ഷോർട് ബാൻഡഡ് സെയ്‌ലർ, സ്പോട്ടഡ് റോയൽ, സ്ട്രയേറ്റഡ് ഫൈവ് റിങ്, ബ്ലൂ നവാബ്, സ്മോൾ ലെപേഡ് എന്നിവയാണു ചിത്രശലഭങ്ങളിലെ പ്രധാന കണ്ടെത്തൽ. 

25 ഇനം തുമ്പികൾ, 21 ഇനം ഉറുമ്പുകൾ, 3 ഇനം ചീവീടുകൾ, 25 ഇനം ഉരഗങ്ങൾ, 15 ഇനം ഉഭയജീവികൾ എന്നിവയെയും സർവേയിൽ കണ്ടെത്തി.വൈൽഡ്‌ലൈഫ് വാർഡൻ ജെ.ആർ.അനി, അസി. വാർഡൻമാരായ സതീശൻ, ജെ.സുരേഷ്‍, ഡോ. എസ്.കലേഷ്, കെ.ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സർവേ. ട്രാവൻകൂർ നേചർ ഹിസ്റ്ററി സൊസൈറ്റി, തമിഴ്നാട് നേചർ ഹിസ്റ്ററി സൊസൈറ്റി, കെഎഫ്ആർഐ തുടങ്ങിയ സംഘടനകൾ സർവേയുമായി സഹകരിച്ചു.