വേനലെത്തുന്നതിന് മുൻപേ കുതിച്ചുയർന്ന് താപനില; കാർവാറിൽ 37.2 ഡിഗ്രി സെൽഷ്യസ്!
ബെംഗളൂരുവിൽ വേനലെത്തുന്നതിന് മുൻപേ കുതിച്ചുയർന്ന് താപനില. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ കൂടിയ താപനില 32.6 ഡിഗ്രി സെൽഷ്യസിലെത്തി. കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും. മുൻവർഷത്തെ അപേക്ഷിച്ച് 3 ഡിഗ്രിയാണ് താപനില കൂടിയിരിക്കുന്നത്. ജനുവരിയിൽ പരമാവധി 28 ഡിഗ്രി വരെയാണ് മുൻവർഷങ്ങളിൽ നഗരത്തിൽ കൂടിയ ചൂടായി രേഖപ്പെടുത്തിയിരുന്നത്.പൊതുവെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടിരുന്ന സ്ഥാനത്താണ് വേനൽചൂട് എത്തിയിരിക്കുന്നത്.
ഉത്തരകന്നഡ ജില്ലയിലെ തീരദേശ നഗരമായ കാർവാറിൽ താപനില 37.2 ഡിഗ്രി സെൽഷ്യസ് കടന്നു. 2019ൽ കനത്ത മഴ ലഭിച്ചതിന് പിന്നാലെയാണ് ഇത്തവണ താപനില ജനുവരി അവസാനമെത്തുമ്പോഴേക്കും കുതിച്ചുയരുന്നത്. ഇതോടെ ഈ വർഷം രൂക്ഷമായ വരൾച്ച നേരിടേണ്ടിവരുമെന്ന് കർണാടക സ്റ്റേറ്റ് നാച്വറൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. അറബിക്കടലിൽ ചൂട് കൂടുന്നതിനാലാണ് തീരദേശ മേഖലകളിൽ ചൂട് കൂടി വരുന്നത്.
English Summary: Garden City is warming up