കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഭോപ്പാലിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള സത്പുര കടുവാ സങ്കേതത്തോട് ചേർന്നുള്ള മാട്കുലി മേഖലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ വനത്തിർത്തിയിലുള്ള കൃഷിഭൂമിയിലേക്ക് പോയ യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെയിൽ മധ്യപ്രദേശിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഫെബ്രുവരി 3 ന് കടുവയുടെ ആക്രമണത്തിൽ മറ്റൊരു യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ശരീരം പിന്നീട് പാതി ഭക്ഷിച്ച നിലയിൽ വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു.

യുവതിയുടെ മരണത്തിൽ രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. മെഹന്ദിഖേഡാ ഗ്രാമത്തിലെ സാവരിയാ ബായിയാണ് കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ബാന്ധവ്ഗർ ദേശീയ പാർക്കിൽ നിന്നും സത്പുര കടുവാ സങ്കേതത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന കടുവയാണ് ആക്രമണത്തിനു പിന്നിലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. 

കടുവയെ തിരിച്ചു കൊണ്ടുപോകണമെന്ന ആവശ്യവുമായിട്ടാണ് ഗ്രാമവാസികൾ വനംവകുപ്പിന്റെ ഓഫിസ് ആക്രമിച്ചത്. എന്നാൽ കടുവാ സങ്കേതത്തിലെ കടുവകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതിൽ ഏത് കടുവയാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്. കടുവയെ നിരീക്ഷിക്കാനുള്ള ഏർപ്പാടുകള്‍ തുടങ്ങിയതായി സത്പുര കടുവാ സങ്കേതത്തിലെ ഫീൽഡ് ഡയറക്ടറായ എസ് കെ സിങ് വ്യക്തമാക്കി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 4 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിച്ചു. 

മധ്യപ്രദേശിൽ കഴിഞ്ഞ 4 വർഷത്തിനിടയിൽ കടുവകളുടെ ആക്രമണത്തിൽ ഇരുപതോളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മധ്യപ്രദേശിലെ വനാതിര്‍ത്തികള്‍ ചുരുങ്ങുന്നതാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെ കാരണമെന്നന്നാണ് പരസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വനത്തിലെ ഇപ്പോഴുള്ള കടുവകളുടെ എണ്ണത്തിന് പര്യാപ്തമായ വിസ്തൃതി സംസ്ഥാനത്തെ കാടുകള്‍ക്കില്ല. ഇതാണ് അതിര്‍ത്തിക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും കടുവകളെ നയിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

English Summary: Tiger kills woman near Satpura Reserve