കാൽ നൂറ്റാണ്ടിനിടയിലെ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂട് ഇന്നലെയും കോട്ടയത്ത് രേഖപ്പെടുത്തി. റബർ ബോർഡിനു കീഴിലുള്ള പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 37.8 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ ചൂട്. 

കഴിഞ്ഞ 11 നും ഇതേ ചൂട് അനുഭവപ്പെട്ടു. എന്നാൽ ഇതിനു ശേഷം ഓരോ ഡിഗ്രി സെൽഷ്യസ് വീതം ചൂട് കുറഞ്ഞ് ഞായറാഴ്ച 35.7 ഡിഗ്രി സെൽഷ്യസ് വരെ എത്തി.  സാധാരണ മാർച്ച് മാസത്തിൽ 37 ഡിഗ്രി സെൽഷ്യസിനു മുകളിൽ  ചൂട് ഉയരാറുണ്ട്. എന്നാൽ ഫെബ്രുവരി മാസത്തിൽ ചൂട് ഇത്രയും ഉയരുന്നത് അപൂർവമാണെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 2018, 1999 ഫെബ്രുവരി മാസങ്ങളിലാണ് ഇതിനു മുൻപ് ഇതിനു സമാനമായ വിധത്തിൽ ചൂട് റിപ്പോർട്ട് ചെയ്തത്. അന്ന് 37.5 ഡിഗ്രി സെൽഷ്യസായിരുന്നു.

കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പ്രകാരം കുമരകം മേഖലയിലെ കൂടിയ ചൂട് 34.6 ഡിഗ്രി സെൽഷ്യസാണ്. വരും ദിവസങ്ങളിലും 2 മുതൽ 4 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

ചൂട് കൂടുമ്പോൾ 

പ്രതികൂലം

വെയിലത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാതപ സാധ്യത.

കൃഷികളും കാർഷിക വിളകളും നാണ്യവിളകളും കരിഞ്ഞുണങ്ങുകയും വിളവു കുറയുകയും ചെയ്യുന്നു.

കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു.

തീപി‍ടിത്ത സാധ്യത.

അനുകൂലം

 വൈകാതെ വേനൽമഴ ലഭിക്കാനുള്ള സാധ്യത.