4 ജില്ലകളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ കൂടാതെ കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.  മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ  2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാമെന്നും മുന്നറിയിപ്പുണ്ട്.  

എന്തു കെ‍ാണ്ടാണ് ഇത്തവണ ചില ജില്ലകൾ മാത്രം, കൂടുതൽ ചൂടാകുന്നത്. 3 വർഷമായി ചില സ്ഥലങ്ങളിൽ തീവ്ര, അതിതീവ്രമഴ പെയ്യുന്ന രീതിയിൽ ചൂടും ഉയരുന്നത് ആകാംക്ഷയും ആശങ്കയുമുണ്ടാക്കുന്നു. സാധാരണ കൂടിയ ചൂട് രേഖപ്പെടുത്താറുള്ള പുനലൂരും പാലക്കാടും ഇപ്പേ‍ാഴത്തെ പട്ടികയിൽ ഇല്ല. 5 ജില്ലകളിലാണു തീച്ചൂടേറ്റത്. ഈ സമയത്ത് 38 ഡിഗ്രി ചൂട് അസാധാരണമെന്നു വിദഗ്ധർ പറയുന്നു. ആകാശം ശൂന്യമാകുന്നതേ‍ാടെ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മി (യുവി) നേരിട്ടു പതിക്കുന്നതു ചൂടിന്റെ തീവ്രത കൂട്ടുന്നതായി യൂറേ‍ാപ്യൻ ബഹിരാകാശ ഏജൻസിയിലെ കാലാവസ്ഥാ വ്യതിയാന വിഭാഗം ഗവേഷകൻ ഡേ‍ാ. എം.കെ.സതീഷ്കുമാർ പറഞ്ഞു. കൂടിയ ആർദ്രതയും കാറ്റിന്റെ കുറവും ചൂടു വർധിക്കാൻ കാരണമാണ്.

മേഘങ്ങളുണ്ടെങ്കിൽ ചൂടിന്റെയും യുവിയുടെയും അളവു കുറയും. സാധാരണ മാർച്ച് രണ്ടാമത്തെ ആഴ്ച മുതലാണ് വേനൽമഴ ലഭിച്ചു തുടങ്ങുക. അതിന്റെ ലഭ്യത നിരീക്ഷിച്ചാണു വരൾച്ചാസാധ്യത വിലയിരുത്തുക. ദക്ഷിണ ഭാഗത്തു നിന്നുള്ള തണുത്ത വായുവിന്റെ വരവു ദുർബലമായതും ചൂടു വർധിക്കാൻ പ്രധാന കാരണമാണെന്നു കെ‍ാച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ.എം.ജി.മനേ‍ാജ് പറഞ്ഞു. ഇത്തവണ ജനുവരിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 8 ഡിഗ്രി കൂടുതലായിരുന്നു താപനില. ഓരേ‍ാ പ്രദേശത്തും ചൂടു നിലനിൽക്കുന്നതിനു പ്രകൃതിദത്തമായ ഘടകങ്ങളുണ്ട്.

സൂര്യനിൽ നിന്നുള്ള ചൂടിനേക്കാൾ കൂടുതലായിരിക്കും അതു ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോൾ അനുഭവപ്പെടുക. വനമേഖലയിൽ ചൂട് വലിച്ചെടുക്കാൻ സംവിധാനമുണ്ട്. മറ്റിടങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ചൂടും ഇപ്പേ‍ാഴത്തെ സ്ഥിതിക്കു കാരണമാണ്.

English Summary: Temperatures soar in 4 Kerala districts