ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. 66 വര്‍ഷം ഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റിയ കൊമ്പനായിരുന്നു പത്മനാഭന്‍.1954ല്‍ ഒറ്റപ്പാലം സ്വദേശിയാണ് പത്മനാഭനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 1976ല്‍ ഗുരുവായൂര്‍ കേശവന്‍ ചെരിഞ്ഞ ശേഷം കേശവന്റെ പിന്‍ഗാമിയായി പത്മനാഭനെ സകലരും വാഴ്ത്തി. 

ഒരുപാട് പ്രത്യേകതകളുള്ള കൊമ്പനായിരുന്നു പത്മനാഭൻ‍. ശാന്തശീലന്‍, ആള്‍ക്കൂട്ടമായിരുന്നു എന്നും ഹരം. ആന വരുമ്പോള്‍ കൃഷ്ണപരുന്ത് മാനത്തു വട്ടമിട്ടു പറക്കുമെന്നും ദേവസ്പര്‍മുള്ള ആനയാണെന്നും ഭക്തര്‍ വിശ്വസിച്ചു. പത്മനാഭനെ തൊട്ടുതൊഴുത് ആ ദേവസ്പര്‍ശം ഭക്തര്‍ ഏറ്റുവാങ്ങി. ഏക്കത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡാണ്. വല്ലങ്ങി പൂരത്തിന് 2004ല്‍ രണ്ടു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുപത്തി രണ്ടു രൂപയായിരുന്നു ഏക്കം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ സ്വര്‍ണക്കോലം എഴുന്നള്ളിച്ചിരുന്നതും പത്മനാഭന്റെ പുറത്താണ്.ഉല്‍സവ ആറാട്ടിനും പത്മനാഭന്‍ വേണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളിലെ കെങ്കേമനാണ് 80-ാം വയസിൽ വിടപറയുന്നത്. 

വാര്‍ധക്യസഹജമായ അസുഖം അലട്ടിയിരുന്നു. എഴുന്നള്ളിപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആനക്കോട്ടയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഭക്തരുടേയും ആനപ്രേമികളുടേയും പ്രവാഹമായിരുന്നു. ആനകളുടെ വേര്‍പാട് തൃശൂര്‍ ജില്ലയ്ക്കു എന്നും കണ്ണീരാണ്. ഓരോ ദേശങ്ങളിലേയും സൂപ്പര്‍സ്റ്റാറുകളാണ് ആനകള്‍. വീരപരിവേഷം. ഓരോ കൊമ്പന്‍മാരെ പാടിപുകഴ്ത്താന്‍ ഒരുപാട് കഥകളുണ്ട്. പത്മനാഭന്‍റെ വീരകഥകളും ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഗുരുവായൂര്‍ കേശവന്റെ യഥാര്‍ഥ പിന്‍ഗാമിയായി പത്മനാഭന്‍ അറിയപ്പെടും.

ആനയോട്ടങ്ങളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഒരിക്കല്‍ മാത്രമാണ് കൊമ്പന്‍ കൈവിട്ടു പോയിട്ടുള്ളത്. ഉല്‍സവ പറമ്പുകളിലെ വിശ്വസ്തനാണ്. ആള്‍ക്കൂട്ടങ്ങളെ കണ്ടാല്‍ ചെവിയാട്ടുന്ന പത്മനാഭന്‍. അമ്പാടിക്കണ്ണന്റെ പ്രിയപ്പെട്ടവന്‍. കളഭം ചാര്‍ത്തിയ നെറ്റിയുമായി തലയെടുപ്പോടെ പ്രൗഡിയായി നില്‍ക്കുന്ന പത്മനാഭന്‍റെ കാഴ്ച ഭക്തരുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല. അത്രയേറെ തിളക്കമുണ്ടായിരുന്നു പത്മനാഭന്റെ തലയെടുപ്പിന്.

English Summary: Gajarajaratnam Guruvayur Padmanabhan dead