തലയിലൂടെ ട്രക്ക് കയറിയിറങ്ങിയ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഫത്തേജാനിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പുള്ളിപ്പുലിയെ വാഹനമിടിച്ചുവീഴ്ത്തിയത്. ട്രക്കിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയ പുള്ളിപ്പുലി തൽക്ഷണം ജീവനറ്റതായി ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനമായ ഭരത് ലാൽ വ്യക്തമാക്കി.

തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ പുള്ളിപ്പുലിയുടെ തലയോട്ടി പിളർന്നിരുന്നു. പ്രദേശവാസികളാണ് ചോരയിൽ കുളിച്ചുകിടക്കുന്ന പുള്ളിപ്പുലിയുടെ മൃതദേഹം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ഇവരെത്തി പുള്ളിപ്പുലിയുടെ ശരീരം ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പുള്ളിപ്പുലിയെ ഇടിച്ചു വീഴ്ത്തിയ ട്രക്ക് ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് വർഷമായി സമീപത്തുള്ള പ്രവർത്തനരഹിതമായി കിടക്കുന്ന റബർ ഫാക്ടറിയിൽ താമസമാക്കിയ പുലിയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. സമീപത്തുള്ള ഗ്രാമങ്ങളിൽ ഭക്ഷണംതേടി ഇറങ്ങുമെങ്കിലും ഇന്നേവരെ ഈ പുലി മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഈ മാസം  സമാനമായ രീതിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ പുലിയാണിത്. ബിജ്നോറിൽ ഒരു പുള്ളിപ്പുലി വാഹനാപകടത്തിലും മറ്റൊന്ന് ട്രെയിൻ തട്ടിയും കൊല്ലപ്പെട്ടിരുന്നു. ഈ മേഖലയിൽ ഈ വർഷം ഉതുവരെ 8 പുള്ളിപ്പുലികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

English Summary: Truck runs over leopard in Bareilly