ഇരുപതിനായിരത്തിൽ പരം വർഷങ്ങളുടെ പഴക്കം, കാറിന്റെ വലുപ്പം ; നദി വറ്റി വരണ്ടപ്പോൾ പുറത്തു വന്നത്?
ചെറുകാറുകളുടെ വലുപ്പമുള്ള അമഡിലോസ് അഥവാ ഇത്തിൾപന്നികളുടെ ഫോസിലുകൾ അർജന്റീനയിൽ നിന്നും കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയ ഒരു കർഷകനാണ് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ നിന്നും നാല് ഇത്തിൾപന്നികളുടെ ഫോസിലുകൾ കണ്ടെത്തിയത്.
ഫോസിലുകൾക്ക് ഇരുപതിനായിരത്തിൽ പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ബ്യൂനസ് ഐറിസിലെ ഒരു നദിയുടെ അടിത്തട്ടിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ജുവാൻ ഡെ ഡിയോസ് സോട്ട എന്ന കർഷകൻ മൺകൂന കണക്കെയുള്ള ഫോസിലുകളുടെ ആദ്യകാഴ്ചയിൽ അവ കുതിരയുടെയോ പശുവിന്റെയോ അവശിഷ്ടങ്ങളാകുമെന്നാണ് കരുതിയത്. എന്നാൽ സമീപത്തേക്ക് ചെന്നപ്പോൾ പുറംതോടുകൾ കാണപ്പെട്ടതോടെ അദ്ദേഹം വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വരൾച്ചയെ തുടർന്ന് വല്ലിമൻസ നദിയുടെ അടിത്തട്ട് ദൃശ്യമായപ്പോഴാണ് ഫോസിലുകൾ കാണാനായത്.
പുരാവസ്തു ഗവേഷകനായ പാബ്ലോ മെസ്സിനിയോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ഇവ നാലും ഇത്തിൾപന്നികളുടെ ഫോസിലുകൾ ആണെന്നു തിരിച്ചറിഞ്ഞത്. നാല് ഫോസിലുകളിൽ രണ്ടെണ്ണം പൂർണ വളർച്ചയെത്തിയ ഇത്തിൾപന്നികളുടേതാണ്. ഫോസിലുകളെല്ലാം ഒരേ സ്ഥലത്തുതന്നെയാണ് കാണപ്പെട്ടത്. ഒരേ സ്ഥലത്ത് ഒരേ സാഹചര്യത്തിൽ ജീവികളെ കൂട്ടമായി മരണപ്പെട്ട അവസ്ഥയിൽ കണ്ടെത്തുന്നത് അപൂർവമാണെന്നും അതിനാൽ ഒരുപാട് വിവരങ്ങൾ ഈ ഫോസിലുകളുടെ വിശദമായ പരിശോധനയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏറെ കട്ടിയുള്ള പുറന്തോടുകളോടു കൂടിയ ഇത്തരം ഇത്തിൾപന്നികൾ ഏതാണ്ട് 20 മില്യൺ വർഷങ്ങൾക്കു മുൻപ് തെക്കൻ അമേരിക്കയിൽ ഉദ്ഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്. സസ്തനികളായ ഇവ പൂർണ വളർച്ചയെത്തിയാൽ വോക്സ് വാഗൺ ബീറ്റിൽ കാറിനോളം വലുപ്പം വയ്ക്കുന്നവയാണ്. ഇവയ്ക്ക് 1000 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരുന്നിരിക്കാമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ആമകളുടെ രൂപവുമായി സാദൃശ്യമുള്ള ഇവ വളരെ പതുക്കെ മാത്രം ഇഴഞ്ഞുനീങ്ങുന്ന സസ്യഭുക്കുകൾ ആയിരുന്നു എന്നാണ് നിഗമനം. പുരാതന മനുഷ്യർ തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാൻ ഇത്തരം ഇത്തിൾ പന്നികളുടെ തോടുകൾ ഉപയോഗിച്ചിരുന്നതായും ഗവേഷകർ കരുതുന്നു. ഇതിനുവേണ്ടി മനുഷ്യർ ഇവയെ കൊലപ്പെടുത്തിയതിലൂടെയാകാം പതിനായിരം വർഷങ്ങൾക്കു മുൻപ് ഈ വിഭാഗത്തിൽപ്പെട്ട ഇത്തിൾ പന്നികൾക്ക് വംശനാശം സംഭവിച്ചത്.
കണ്ടെത്തിയ ഫോസിലുകളുടെ കൃത്യമായ പ്രായവും മരണകാരണവും കണക്കാക്കുന്നതിനും അവ ഏത് ലിംഗത്തിൽപ്പെട്ടവയാണെന്ന് തിരിച്ചറിയുന്നതിനും കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് ഗവേഷകർ. ഇതിനുമുൻപ് ബ്രസീലിൽ നിന്നും ഉറുഗ്വേയിൽ നിന്നും ഇത്തിൾപന്നികളുടെ ഫോസിലുകൾ കണ്ടെത്തിയിരുന്നു.
Ancient Armadillos The Size Of A Small Car Discovered In Argentina