ക്ലൗഡ് സീഡിങ് വിജയകരമോ? വിമാനത്തില്‍ ഒരു തവണ ക്ലൗഡ് സീഡിങ് നടത്തിയാൽ ഉണ്ടാകുന്നത്?
മഴ കുറയുകയും വരള്‍ച്ച രൂക്ഷമാകുകയും ചെയ്യുന്ന ഈ ആഗോളതാപന കാലത്ത് ഇപ്പോള്‍ അടിക്കടി കേള്‍ക്കുന്ന പേരാണ് ക്ലൗഡ് സീഡിങ്. വിമാന മാര്‍ഗം ആകാശത്ത് രാസവസ്തുക്കള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴമേഘങ്ങള്‍ നിര്‍മിച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വരള്‍ച്ച ഒഴിവാക്കാന്‍ മാത്രമല്ല ചൈന പോലുള്ള രാജ്യങ്ങള്‍ വായുമലിനീകരണം കുറയ്ക്കാനും ക്ലൗഡ് സീഡിങ് വഴി കൃത്രിമമായി മഴ പെയ്യിക്കാറുണ്ട്. വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ക്ലൗഡ് സീഡിങ് പരീക്ഷിക്കാന്‍ കേരളത്തില്‍ പോലും ഒരു സമയത്ത് പദ്ധതിയിട്ടിരുന്നു.
1940 കളിലാണ് ക്ലൗഡ് സീഡിങ് എന്ന വിദ്യ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ക്ലൗഡ് സീഡിങ് ചൈനയും അമേരിക്കയും പോലുള്ള രാജ്യങ്ങള്‍ നിരന്തരം പരീക്ഷിക്കാറുണ്ടെങ്കില്‍ പോലും ഇത് വിജയകരമാണോ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എല്ലായ്പോഴും ക്ലൗഡ് സീഡിങ് നടക്കുമ്പോള്‍ മഴ പെയ്യാത്തതു തന്നെയാണ് ഈ സംശയത്തിനു പിന്നിലെ കാരണം. ക്ലൗഡ് സീഡിങ് നടത്തിയ ഉടനെയല്ല മഴ പെയ്യുന്നത് എന്നതിനാല്‍ പെയ്തത് കൃത്രിമ മഴയോ അതോ സ്വാഭാവിക മഴയോ എന്ന സംശയവും പലപ്പോഴുമുണ്ടാകാറുണ്ട്.
ക്ലൗഡ് സീഡിങ് വിജയകരമോ ?
ഈ സംശയം പരിഹരിക്കാന്‍ യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ക്ലൗഡ് സീഡിങ് അളക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തി. പക്ഷേ ഈ മാര്‍ഗത്തിലൂടെ കണ്ടെത്തിയ ക്ലൗഡ് സീഡിങിന്‍റെ പരിണിത ഫലങ്ങളുടെ യാഥാർഥ്യം ഒട്ടും സന്തോഷം നല്‍കുന്നതായിരുന്നില്ല. ഒരു വിമാനത്തില്‍ ഒരു തവണ ക്ലൗഡ് സീഡിങ് നടത്തിയാൽ ഉണ്ടാകുന്നത് നിങ്ങളുടെ കണ്‍പീലികളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ മാത്രം അളവിലുള്ള മഞ്ഞാണ് എന്നതാണ് ഈ പഠനത്തില്‍ വ്യക്തമായത്.
കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകനായ കട്ജാ ഫ്രെഡറികിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ക്ലൗഡ് സീഡിങിനെക്കുറിച്ചുള്ള ഈ പഠനം നടത്തിയത്. റഡാര്‍ ഡിഷ് ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തുമ്പോള്‍ എത്ര അളവില്‍ ആകാശത്ത് മഞ്ഞു കണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നു നിരീക്ഷിച്ചത്. ഈ മഞ്ഞുകണങ്ങളാണ് ക്രമേണ മേഘങ്ങളില്‍ നിന്ന് മഴ പെയ്യിക്കാന്‍ കാരണമാകുന്നതും. ആദ്യകാലത്ത് ക്ലൗഡ് സീഡിങ്ങിനുപയോഗിച്ചിരുന്നത് ഡ്രൈ ഐസ് എന്നറിയപ്പെടുന്ന രാസവസ്തുയായിരുന്നു. ഇപ്പോള്‍ കുറേക്കൂടി ഫലപ്രദമെന്ന് കരുതുന്ന സില്‍വര്‍ അയൊഡൈഡാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്നത്.
റഡാര്‍ ഡിഷുകള്‍ വിമാനങ്ങളില്‍ ഘടിപ്പിച്ചാണ് ക്ലൗഡ് സീഡിങ് ഗവേഷക സംഘം നിരീക്ഷിച്ചത്. ശൈത്യകാലത്ത് അമേരിക്കയിലെ ഇഡാഹോയില്‍ നടത്തിയ ക്ലൗഡ് സീഡിങ്ങാണ് പ്രധാനമായും നിരീക്ഷണ വിധേയമാക്കിയത്. ക്ലൗഡ് സീഡിങ്ങിലൂടെ മേഘങ്ങള്‍ എത്ര വേഗത്തില്‍ ഒരുമിച്ചു കൂടുന്നുവെന്നതും അവ എത്രത്തോളും വലുപ്പമേറയതാണ് എന്നുമാണ് പ്രധാനമായും നിരീക്ഷിച്ചത്.
കാലാവസ്ഥ നിര്‍ണായകം
ഇഡാഹോയിലെ ക്ലൗഡ് സീഡിങ് എല്ലായ്പോഴും വിജയകരമായിരുന്നില്ലെന്നാണ് പഠനത്തില്‍ വ്യക്തമായത്. ചില സമയങ്ങളില്‍ മാത്രമാണ് സില്‍വര്‍ അയൊഡൈഡ് മേഘങ്ങള്‍ ഒരുമിച്ചു കൂടാന്‍ കാരണമായത്. ആ സമയങ്ങളില്‍ മാത്രമാണ് മഴ പെയ്തതും. പക്ഷേ ഇതിനു കാരണം സാങ്കേതിക വിദ്യയുടെ പിഴവല്ലെന്ന് ഗവേഷകര്‍ പറയുന്നു, മറിച്ച് അന്തരീക്ഷത്തിലെ കാലാവസ്ഥ എന്നത് പ്രവചനാതീതമായ ഒന്നാണ് ഈ കാലാവസ്ഥയിലെ മാറ്റങ്ങളും ക്ലൗഡ് സീഡിങ് വഴി പെയ്യുന്ന മഴയെ ബാധിക്കുമെന്നാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്.
ക്ലൗഡ് സീഡിങ് ആവശ്യമോ?
സ്വാഭാവികമായി ലഭിക്കുന്ന മഴയുടെ 20 ശതമാനം കൂടുതല്‍ വരെയെ ക്ലൗഡ് സീഡിങ്ങിലൂടെ വർധിപ്പിക്കാനാകൂ. അതും ക്ലൗഡ് സീഡിങ് വിജയകരമായാല്‍ മാത്രം. അങ്ങനെയിരിക്കെ വലിയ ചിലവുള്ള ഈ സാങ്കേതികവിദ്യ ഇനിയും ആവശ്യമുണ്ടോയെന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ക്ലൗഡ് സിഡിങ് എന്നത് മേഘങ്ങളെ ഉണ്ടാക്കാനുള്ള മാര്‍ഗമല്ല മറിച്ച് മേഘങ്ങളില്‍ നിന്ന് മഴ സൃഷ്ടിക്കാനുള്ള മാര്‍ഗമാണ്. അതായത് മേഘങ്ങള്‍ ആകാശത്തുണ്ടെങ്കില്‍ മാത്രമേ ക്ലൗഡ് സീഡിങ് സാധ്യമാകൂ എന്നതാണ് മറ്റൊരു വസ്തുത. അങ്ങനെയിരിക്കെ വിജയിക്കും എന്ന് ഉറപ്പില്ലാത്ത ക്ലൗഡ് സീഡിങ് വേണ്ട എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ കുറച്ചെങ്കിലും മഴ സൃഷ്ടിക്കാനായാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പരിഗണിച്ച് ഇത് തുടരണമെന്നാണ് മറ്റുള്ളവരുടെ നിലപാട്.
English Summary: Cloud Seeding Really Does Work - But Only Makes Enough Snow to Dust Your Eyelashes