ഇപ്പോള്‍ ജീവിക്കുന്നവരുടെ മാത്രമല്ല, വരും തലമുറയുടേതും കൂടിയാണ് നമ്മുടെ ഹരിതഭൂമി. എക്കാലത്തെയും ഭൂമിയുടെ അവകാശികള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ച് മണ്‍മറഞ്ഞു പോയവരോ ഇന്നും പടപൊരുതുന്നവരോ ആയ ‘ഹരിത മനുഷ്യർ’ തെളിച്ച പാതയിലാണ് എല്ലാ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും മുന്നോട്ടു നീങ്ങുന്നത്..

സിയാറ്റില്‍ മൂപ്പന്‍ - മണ്ണിന്റെ വിലയറിഞ്ഞ മഹാൻ

‘ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍’ എന്ന തലക്കെട്ടോടെ ലോകമെങ്ങും കേള്‍വികേട്ട, തന്റെ ഗോത്ര ഭാഷയിലെ പ്രസംഗത്തിലൂെടയാണ് സിയാറ്റില്‍ മൂപ്പനെ നാം അറിയുന്നത്. ജീവിതകാലം 1780-1866. അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശത്തില്‍പ്പെട്ട സുഖ്വാമിഷ് എന്ന കൂട്ടരുടെ തലവനായിരുന്നു സിയാറ്റില്‍ മൂപ്പന്‍. 1854 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സ് മൂപ്പന് ഒരു കത്തയച്ചു. റെഡ് ഇന്ത്യക്കാരുടെ ഭൂമി വാങ്ങാന്‍ താല്‍പര്യമറിയിച്ചുള്ളതായിരുന്നു അത്. അതിനായി തന്റെ ഗവര്‍ണറെ മൂപ്പന്റെയടുത്തേക്ക് അയയ്ക്കുകയും ചെയ്തു. ഗവര്‍ണറുടെ സ്വീകരണ സമ്മേളനത്തില്‍ സിയാറ്റില്‍ മൂപ്പന്‍ നടത്തിയ മറുപടി പ്രസംഗം ഇന്നും കാലത്തിന്റെ ചുവരില്‍ മായാതെ നിലനില്‍ക്കുന്നു.

‘ആകാശത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതെങ്ങനെ? ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ്. അന്തരീക്ഷത്തിന്റെ നവ നൈര്‍മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതായിരിക്കെ നിങ്ങള്‍ക്ക് അവ എങ്ങനെ വാങ്ങാന്‍ കഴിയും ?’. ഈ വാക്കുകൾ എക്കാലത്തും പരിസ്ഥിതി സ്‌നേഹികളെ ആവേശംകൊള്ളിക്കുന്നു.

അരിസ്റ്റോട്ടില്‍- ജീവശാസ്ത്രത്തിന്റെ പിതാവ്

പ്ലേറ്റോയുടെ ശിഷ്യനും മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗുരുവുമായിരുന്ന ഗ്രീക്ക് തത്വചിന്തകന്‍. ജീവശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം ബിസി 384-322 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, തര്‍ക്കശാസ്ത്രം, മനോവിജ്ഞാനീയം എന്നീ മേഖലകളില്‍ സംഭാവനകള്‍ നല്‍കി. പ്രകൃതിശാസ്ത്രത്തില്‍ സസ്യങ്ങളെയും ജന്തുക്കളെയും ആദ്യമായി വര്‍ഗ്ഗീകരണം നടത്തി. ജീവശാസ്ത്ര പഠനത്തിനായി ഗ്രീസിലെ ആതന്‍സില്‍ ലൈസിയം (Lyceum) എന്ന പഠനശാലയും ബൊട്ടാണിക്കല്‍ ഗാര്‍ഡനും സ്ഥാപിച്ചു.

കാള്‍ ലിനയസ് (Carl Linnaeus) – വര്‍ഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്

വര്‍ഗ്ഗീകരണ ശാസ്ത്രത്തിന്റെയും (Taxonomy) ആധുനിക സസ്യശാസ്ത്രത്തിന്റെയും പിതാവ്. ജീവജാലങ്ങള്‍ക്ക് ദ്വിനാമ നാമകരണം (Binomial Nomenclature) നല്‍കി ഏകീകരിച്ച ശാസ്ത്രനാമങ്ങള്‍ സമ്മാനിച്ചു. സ്വീഡന്‍കാരനായ ഇദ്ദേഹത്തിന്റെ ജീവിതകാലം 1707 മുതല്‍ 1778 വരെയാണ്. 1732 ല്‍ നടത്തിയ പഠനയാത്ര ചരിത്ര സംഭവമായി. 1735-ല്‍ സിസ്റ്റമാ നാച്ചുറേ (Systema Naturae) എന്ന പ്രസിദ്ധ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. സസ്യശാസ്ത്രത്തിനു നല്‍കിയ സംഭാവനകൾകൊണ്ട് ‘സസ്യഗവേഷകരിലെ രാജകുമാരന്‍’ എന്നറിയപ്പെടുന്നു. ജീവജാലങ്ങള്‍ക്ക് ലോകമാകെ അംഗീകൃതമായ പൊതുവായ ശാസ്ത്രനാമം നല്‍കിയെന്നതിന്റെ പേരിൽ എന്നും സ്മരിക്കപ്പെടുന്നു.

റേച്ചല്‍ കാഴ്‌സണ്‍– നിശ്ശബ്ദ വസന്തം സൃഷ്ടിച്ചവൾ

‘പരിസ്ഥിതി സ്‌നേഹികളുടെ സുവിശേഷം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകമാണ് നിശ്ശബ്ദ വസന്തം (Silent Spring). ആധുനിക ലോകത്ത് പരിസ്ഥിതി ബോധം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈ പുസ്തകം രചിച്ചത് റേച്ചല്‍ കാഴ്‌സണ്‍ (Racheal Carson) എന്ന അമേരിക്കക്കാരിയായിരുന്നു (1907-1964). ഡിഡിടി അടക്കമുള്ള കീടനാശിനികളുടെ അപകടങ്ങളേെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ പുസ്തകത്തിലൂടെ അവര്‍ക്കു കഴിഞ്ഞു.

മസനോബു ഫുക്കുവോക്ക - ഒറ്റവൈക്കോല്‍ വിപ്ലവകാരി

1975 ല്‍ പ്രസിദ്ധീകരിച്ച 'ഒറ്റ വൈക്കോല്‍ വിപ്ലവം' (One straw Revolution) പ്രകൃതി കൃഷിയുടെ ബൈബിളായി ലോകം സ്വീകരിച്ചു. ജപ്പാനില്‍ ജനിച്ച ഫുക്കുവോക്ക മണ്ണിന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ, മനുഷ്യന്റെ ഇടപെടല്‍ ഏറ്റവും കുറച്ച് വിളവെടുക്കാവുന്ന രീതികളില്‍ വിശ്വസിച്ചു. യന്ത്രങ്ങള്‍, രാസവളങ്ങള്‍ എന്നിവയുടെ ഉപയോഗത്തില്‍ താല്‍പര്യപ്പെട്ടില്ല. മണ്ണിന്റെ ഉര്‍വരത നിലനിര്‍ത്തി കളകള്‍ പോലും നശിപ്പിക്കാതെയുള്ള കൃഷിയായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. മണ്ണില്‍ വിളയേണ്ടത് ആഹാരമാണ് പണമല്ല എന്നായിരുന്നു ഫുക്കുവോക്കയുടെ സന്ദേശം.

ഹെന്റി ഡേവിഡ് തോറോ - ഏകാന്തതയുടെ തോഴന്‍

നഗരജീവിതത്തില്‍നിന്ന് പ്രകൃതിയിലേക്കുള്ള തിരിച്ചുവരവാണ് യഥാർഥ ജീവിതമെന്ന ദര്‍ശനത്തിലായിരുന്നു തോറോ എന്ന അമേരിക്കന്‍ പ്രകൃതി സ്‌നേഹിയുടെ ജീവിതം (1817-1862). കോണ്‍കോഡ്, മെറിമാക് നദികളിലൂടെ നടത്തിയ യാത്രയില്‍ ജീവിതദര്‍ശനം മാറിമറിഞ്ഞ തോറോ, വാള്‍ഡന്‍ തടാകക്കരയിലൊരു കുടില്‍ നിര്‍മിച്ച് താമസിച്ചു. പുല്ലും പുഴുവും കിളികളും പ്രകൃതിയും കൂട്ടുകാരായപ്പോള്‍ ഏകാന്തതയാണ് ഏറ്റവും നല്ല കൂട്ടുകാരനെന്ന് അദ്ദേഹം എഴുതി. വാള്‍ഡനില്‍ വച്ചെഴുതിയ ഡയറിക്കുറിപ്പുകള്‍ വാള്‍ഡന്‍ (Walden) എന്ന വിഖ്യാത ഗ്രന്ഥമായി പുറത്തിറങ്ങി.

വംഗാരി മാതായ് - ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനം

കെനിയയിലെ കിക്കുയു ഗോത്രവര്‍ഗ്ഗത്തില്‍ ജനിച്ച്, അമേരിക്കയില്‍ താമസമാക്കിയ പരിസ്ഥിതി പ്രവര്‍ത്തകയും സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവും. ജീവിതം മുഴുവന്‍ (1940-2011) പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച് ഗ്രീന്‍ബെല്‍റ്റ് എന്ന പ്രസ്ഥാനത്തിലൂടെ കെനിയയിലും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും കോടിക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടു. ‘ഒരു ചെടി നടുന്നതിലൂടെ സമാധാനത്തിന്റെ വിത്ത് പാകുകയാണ് നമ്മൾ’ എന്ന് അവര്‍ വിശ്വസിച്ചു.

ഇ.എഫ്. ഷുമാക്കര്‍ - ചെറുതിന്റെ സൗന്ദര്യം കണ്ടയാൾ

ബര്‍മക്കാരെ (മ്യാന്‍മര്‍) ആധുനിക ജീവിത പാഠങ്ങള്‍ പഠിപ്പിക്കാന്‍ പോയി, അവരുടെ ലളിത ജീവിതവും ആനന്ദവും കണ്ട് ജീവിതം മാറിപ്പോയ ജര്‍മന്‍കാരനാണ് ഷുമാക്കര്‍ (1911 - 1977). പാശ്ചാത്യ വികസന സങ്കല്‍പങ്ങള്‍ക്കു പകരം അഹിംസയിലധിഷ്ഠിതമായ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മുന്നോട്ടുവച്ച ഷുമാക്കര്‍ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ സാമൂഹിക സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള ചിന്തകള്‍ വിവരിക്കുന്ന ഷുമാക്കറിന്റെ പ്രശസ്ത കൃതിയാണ് സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍: എ സ്റ്റഡി ഓഫ് ഇക്കണോമിക്‌സ് ആസ് ഇഫ് പീപ്പിള്‍ മാറ്റേഡ് (Small is beautiful : A study of economics as if people mattered).

ചികോ മെന്‍ഡസ് - മഴക്കാടുകളുടെ സംരക്ഷകന്‍

ആമസോണ്‍ മഴക്കാടുകളുടെ രക്ഷയ്ക്കായി പോരാടിയ ബ്രസീല്‍കാരനാണ് ചികോ മെന്‍ഡസ് (1944-1988). കര്‍ഷക കുടുംബത്തില്‍ ജനിച്ച് 18 വയസ്സുവരെ നിരക്ഷരനായി ജീവിച്ച് പിന്നീട് പരിസ്ഥിതി പോരാളിയായി മാറിയയാളാണ് മെന്‍ഡസ്.

ജോണ്‍ മൂര്‍- ദേശീയോദ്യാനങ്ങളുടെ പിതാവ്

സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറി, അവിടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകിയ ജോണ്‍ മൂര്‍ (1838-1914) ദേശീയോദ്യാനങ്ങളുടെ പിതാവെന്നറിയപ്പെടുന്നു. അമേരിക്കയിലെ യോസിമിറ്റ്, സെക്വയ നാഷനല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തു. പ്രകൃതിസംരക്ഷണത്തിനായി സിയെറാ ക്ലബ് എന്ന സംഘടന സ്ഥാപിച്ചു.

ഡേവിഡ് ബ്രോവര്‍ - കൊടുമുടികളുടെ സ്‌നേഹിതന്‍

വിനാശം വിതയ്ക്കാവുന്ന രണ്ട് അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് തടഞ്ഞാണ് ഡേവിഡ് ബ്രോവര്‍ (1912-2000) പ്രസിദ്ധനായത്. താന്‍ കീഴടക്കിയ എഴുപതിലധികം വരുന്ന കൊടുമുടികളാണ് ഡേവിഡിനെ പ്രകൃതിയെക്കുറിച്ചു പഠിപ്പിച്ചത്. അമേരിക്കക്കാരനായിരുന്ന ഇദ്ദേഹം സിയോ ക്ലബ് ബുള്ളറ്റിന്റെ പത്രാധിപരായിരുന്നു. 1964-ല്‍ അമേരിക്കയില്‍ വൈല്‍ഡര്‍നസ്സ് നിയമം പാസാക്കുന്നതില്‍ പങ്കുവഹിച്ചു.

ഗെലോഡ് നെല്‍സണ്‍ - ഭൗമദിനത്തിന്റെ പിതാവ്

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി. സെനറ്റ് അംഗവും ഗവര്‍ണറുമൊക്കെയായി പ്രവര്‍ത്തിച്ച നെല്‍സൺ ആണ് ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. പരിസ്ഥിതിയെ മറന്നുള്ള സാമ്പത്തിക വികസനത്തെ എതിര്‍ത്ത അദ്ദേഹം ‘ദ് വൈല്‍ഡേര്‍നസ്സ് സൊസൈറ്റി’ യുടെ മുഖ്യ ഉപദേശകനായിരുന്നു.

ഡേവിഡ് സുസുക്കി- കാലാവസ്ഥാ മാറ്റത്തിന്റെ ശബ്ദം

പ്രകൃതിയെ ദൃശ്യവല്‍ക്കരിച്ച ഡോക്യുമെന്ററികളിലൂടെയും ഡേവിഡ് സുസുക്കി ഫൗണ്ടേഷനിലൂടെയും ലോകപ്രശസ്തനായ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും. അദ്ദേഹത്തിന്റെ ‘ദ് നേച്വര്‍ ഓഫ് തിങ്സ്’ എന്ന ശാസ്ത്ര പരമ്പര ജനപ്രിയമാണ്, ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു

പോള്‍ വാട്‌സണ്‍– കടലിന്റെ ഇടയന്‍

സീ ഷെപ്പേര്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ച കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍. സമുദ്രത്തിലെ ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍. സമുദ്രജീവികളെ വേട്ടയാടുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പ്രമുഖരില്‍ ഒരാള്‍.

ആല്‍ഡോ ലിയോ പോള്‍ഡ് -വന്യതയുടെ പിതാവ്

അമേരിക്കക്കാരനായ ലിയോ പോള്‍ഡാണ് വന്യത എന്ന വാക്ക് ലോകത്തിന് മുന്‍പില്‍ കൊണ്ടുവന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹമെഴുതി. ‘എ സാന്‍ഡ് കൗണ്ടി അല്‍മനാക്’ (A sand county Almanac) ലോക പ്രശസ്തമായ പുസ്തകമാണ്. വനത്തിലൂടെയുള്ള സഞ്ചാരം നിരോധിക്കണമെന്ന ആവശ്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉന്നയിച്ച ആളായിരുന്നു ലിയോപോള്‍ഡ്.

ഇമെയിൽ – drsabingeorge10@gmail.com