ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കരയില്‍ മാത്രമല്ല അങ്ങ് വെള്ളത്തിലും ദിനോസറുകള്‍ തന്നെയായിരുന്നു ഭൂമിയിലെ രാജാക്കന്മാരെന്നതിന് തെളിവുകള്‍ പുറത്തുവന്നു. ആദ്യമായാണ് വെള്ളത്തില്‍ നീന്തുകയും ഇരതേടിപ്പിടിക്കുകയും ചെയ്തിരുന്ന ദിനോസറിനെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരം ലഭിക്കുന്നത്. 10 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഈ ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയതാവട്ടെ സഹാറ മരുഭൂമിയില്‍ നിന്നും. 

ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ പോലും വലിയ വെല്ലുവിളികളെ അതിജീവിക്കേണ്ട ഇന്ന് കാണുന്ന സഹാറ മരുഭൂമി ഒരുകാലത്ത് കാടും നദികളും ജീവജാലങ്ങളും നിറഞ്ഞ പ്രദേശമായിരുന്നുവെന്നതിന്റെ തെളിവുകളാണ് വീണ്ടും പുറത്തുവന്നിരിക്കുന്നത്. സഹാറ മരുഭൂമിയില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന നദികളില്‍ നീന്തിത്തുടിച്ച് വേട്ടയാടി ജീവിച്ചിരുന്ന ദിനോസറിന് ഗവേഷകര്‍ സ്‌പൈനോസറസ് ആഗെപ്റ്റിക്കസ് എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് ഇഞ്ച് നീളമുള്ള കൊമ്പന്‍ പല്ലുകളും നീണ്ടു പരന്ന് തുഴപോലെയുള്ള വാലുമായിരുന്നു ഇവയെ ഇരതേടാനും വെള്ളത്തില്‍ വേഗത്തില്‍ സഞ്ചരിക്കാനും സഹായിച്ചിരുന്നത്. ഭീകരന്മാരായ ടി റെക്‌സ് ദിനോസറുകള്‍ ഉള്‍പെട്ട തെറാപോഡ് വിഭാഗത്തിലാണ് ഈ നദീ ദിനോസറിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പൂര്‍ണ്ണമായും വളര്‍ച്ചയെത്തിയാല്‍ 50 അടി നീളവും 20 ടണ്‍ ഭാരവും ഈ കൂറ്റന്‍ ജീവിക്കുണ്ടാകും. നമ്മുടെ ആനയുടെ രണ്ടര ഇരട്ടി നീളവും നാലിരട്ടി ഭാരമുള്ള ഒരു ജീവി വെള്ളത്തിലൂടെ നീന്തിപോകുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കൂ. ഇത്രമേല്‍ ഭീമാകാരമായ ശരീരമുണ്ടായിരുന്നതുകൊണ്ടുതന്നെ വെള്ളത്തില്‍ ഇവക്ക് ശത്രുക്കളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കരുതപ്പെടുന്നത്. അതേസമയം, കുട്ടി സ്‌പൈനോസറസുകളെ മറ്റു ജീവികള്‍ ആഹാരമാക്കിയിരുന്നു. പ്രധാനമായും വന്‍ മീനുകളും ചരിത്രാതീതകാലത്തെ കൂറ്റന്‍ മുതലകളുമായിരുന്നു കുട്ടികളുടെ ശത്രുക്കള്‍. ഗവേഷകര്‍ കണ്ടെത്തിയ ഫോസില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത സ്‌പൈനോസറസിന്റേതാണ്. ഇതിന് ഏകദേശം നാല് ടണ്‍ ഭാരവും 35 അടി നീളവുമാണ് കണക്കാക്കുന്നത്. 

മീനിന്റെ ചിറകുകള്‍ പോലെയാണ് സ്പിനോസറസുകള്‍ നീണ്ടു പരന്ന വാലുകള്‍ വെള്ളത്തില്‍ ഉപയോഗിച്ചിരുന്നത്. മൂക്കിന്റെ സ്ഥാനവും കരുത്തുറ്റ എല്ലുകളും ചെറുകാലുകളും തുഴപോലുള്ള പരന്ന കാലുകളും ഇവ വെള്ളത്തില്‍ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് ലെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. ഡേവിഡ് ഉന്‍വിന്‍ പറയുന്നത്. സ്പിനോസറസുകളെക്കുറിച്ചുള്ള പഠനം നേച്ചര്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക് പര്യവേഷകനും പാലിയന്റോളജിസ്റ്റുമായ ഡോ. നിസാര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണ സംഘത്തില്‍ ഡോ. ഡേവിഡ് ഉന്‍വിനും പോര്‍ട്ട്‌സ്മൗത്ത് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് മാര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നു.

English Summary: Groundbreaking Spinosaurus Discovery Just Made It The First Known Swimming Dinosaur