68 വർഷങ്ങൾക്കുശേഷം രാജസ്ഥാനിൽ കണ്ടെത്തിയ അപൂർവ മരം
അക്കേഷ്യ ഇബർണിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അപൂർവയിനം കരിവേലം മരം 68 വർഷങ്ങൾക്കുശേഷം രാജസ്ഥാനിൽ കണ്ടെത്തി. 1951ൽ സസ്യശാസ്ത്രജ്ഞനായ കെ എസ് സാൻഖലയാണ് ആദ്യമായി ഈ ഇനത്തിൽപ്പെട്ട മരം രാജസ്ഥാനിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സർവേ നടത്തുന്നതിനിടെയാണ് യാദൃശ്ചികമായി കരിവേല മരം അദ്ദേഹം കണ്ടെത്തുന്നത്. എന്നാൽ പിന്നീട് ഇക്കാലമത്രയും രാജസ്ഥാനിൽ എവിടെയും ഈ ഇനത്തിൽപ്പെട്ട മരം കണ്ടെത്തിയിരുന്നില്ല.
പരിസ്ഥിതി ശാസ്ത്രജ്ഞനും മുൻ ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്ററുമായ ഡോക്ടർ സതീഷ് ശർമയാണ് ഇപ്പോൾ രാജസ്ഥാനിൽ വീണ്ടും ഈ ഇനത്തിലുള്ള മരം കണ്ടെത്തിയിരിക്കുന്നത്. ആരവല്ലി മലനിരകളിലെ വിവിധ ഇനം അക്കേഷ്യകളെക്കുറിച്ച് പഠനം നടത്തുന്നതിനിടെ ഉദയ്പൂർ നഗരത്തിൽ നിന്നും 15 കിലോമീറ്റർ മാറി ധാർ എന്ന ഗ്രാമത്തിലെ ഒരു വഴിയരികിലാണ് അപൂർവ ഇനത്തിലുള്ള അഞ്ചു കരിവേല മരങ്ങൾ ഡോക്ടർ സതീഷ് ശർമ കണ്ടെത്തിയത്.
അവയിൽ മൂന്നെണ്ണം അൽപം വളർച്ച കൈവരിച്ചതും രണ്ടെണ്ണം തീരെ ചെറിയവയും ആണെന്ന് അദ്ദേഹം പറയുന്നു. മരത്തെക്കുറിച്ച് കൂടുതൽ പഠനം നടത്തിയ ശേഷമാണ് അവ അക്കേഷ്യ ഇബർണിയ എന്ന ഇനം ആണെന്ന് ഉറപ്പു വരുത്തിയത്. ആദ്യമായി കണ്ടെത്തിയതിനു ശേഷം പിന്നീട് സസ്യങ്ങളെയും മരങ്ങളെയും കുറിച്ചുള്ള ഒരു പഠന പുസ്തകങ്ങളിലും അക്കേഷ്യ ഇബർണിയ സ്ഥാനം പിടിച്ചിരുന്നില്ലെന്ന് ഡോക്ടർ സതീഷ് ശർമ കൂട്ടിച്ചേർക്കുന്നു. സസ്യ ശാസ്ത്രജ്ഞനായ എംഎസ് ഭണ്ഡാരി 1978 ൽ രചിച്ച ' ഫ്ലോറ ഓഫ് ഇന്ത്യൻ ഡസർട്ട്' എന്ന പുസ്തകത്തിൽ പോലും ഈ ഇനം ഇടം നേടാതെ പോയി.
1951ൽ ആദ്യമായി മരം കണ്ടെത്തിയതിൽ നിന്നും വളരെ വ്യത്യസ്തമായ കാലാവസ്ഥയിലാണ് ഇപ്പോൾ അവ വളരുന്നതായി കണ്ടെത്തിയത്. അധികം മഴ ലഭിക്കാത്ത മരുഭൂമി പ്രദേശത്താണ് അവ ആദ്യം സാന്നിധ്യമറിയിച്ചത് എങ്കിൽ കനത്ത മഴ ലഭിക്കുന്ന നിബിഡ വനങ്ങളുള്ള ആരവല്ലി മലനിരകളുടെ തെക്കു ഭാഗത്തു നിന്നുമാണ് ഇപ്പോൾ അവ കണ്ടെത്തിയിരിക്കുന്നത്. ഈ ഇനത്തിന് പൂർണമായി വംശനാശം സംഭവിച്ചിരുന്നില്ലെന്നു വേണം ഇതിലൂടെ അനുമാനിക്കാൻ എന്നും ഡോക്ടർ സതീഷ് ശർമ പറയുന്നു.
സ്വതവേ ചെറിയ മരങ്ങളുടെ വിഭാഗത്തിൽ പെട്ട അക്കേഷ്യ ഇബർണിയയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തടിക്ക് മഞ്ഞ കലർന്ന നിറമായിരിക്കും. പിന്നീട് വളരുന്നതനുസരിച്ച് തടിയുടെ നിറം കറുപ്പായി മാറും. മഞ്ഞ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ഇവ ശൈത്യകാലതാണ് കായ്ക്കുന്നത്. മറ്റ് അക്കേഷ്യ വിഭാഗങ്ങളുടെ പ്രത്യേകതകൾ തന്നെയാണ് ഇവയ്ക്കെങ്കിലും തടിയുടെ നിറവും കായ്കളുടെ ഘടനയുമാണ് ആണ് അക്കേഷ്യ ഇബർണിയയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
English Summary: Rare Species of Babool Tree Found in Rajasthan after 68 Years Causes a Stir