ലോകത്തെ ഏറ്റവും വലുതും ഭാരമേറിയതുമായ പക്ഷിയാണ് അന്‍ഡിയന്‍ കോഡോര്‍ എന്ന കഴുകന്‍ ഇനത്തില്‍ പെട്ട പക്ഷി. തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഇവയുടെ ചിറകിന്‍റെ നീളം ഉള്‍പ്പടെ കണക്കിലെടുത്താണ് വലുപ്പത്തിലെ ഒന്നാം സ്ഥാനം ഇവയ്ക്കു നല്‍കിയത്. ശരാശരി 10 കിലോയാണ് ഈ വര്‍ഗത്തില്‍ പെട്ട പൂര്‍ണ വളര്‍ച്ചയെത്ത പക്ഷികളുടെ ശരീര ഭാരം. പക്ഷേ ഇങ്ങനെയുള്ള വലുപ്പവും ശരീരഭാരവുമൊന്നും ഉയര്‍ന്നു പറക്കുന്നതില്‍ നിന്ന് ആന്‍ഡിയന്‍ കോഡോര്‍ കഴുകന്‍മാരെ കാര്യമായി തടസ്സപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല ചിറകനക്കാതെ തുടര്‍ച്ചയായി മണിക്കൂറുകളോളം പറക്കാനും ഇവയ്ക്ക് കഴിയും.

5 മണിക്കൂര്‍ നേരം ഏതാണ്ട് 100 മൈല്‍ ദൂരം വരെ ചിറകനക്കാതെ തുടര്‍ച്ചയായി പറക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വലിയ ശരീരഭാരം മൂലം ചിറകനക്കി പറക്കുന്നത് ഒട്ടേറെ ഊര്‍ജം ചിലവാകുന്ന പ്രവർത്തിയാണ്. അതിനാലാകാം കാറ്റിനെ തന്ത്രപരമായി ഉപയോഗിച്ച് ഈ രീതിയില്‍ പറക്കാന്‍ കോഡോര്‍ കഴുകന്‍മാര്‍ ശീലിച്ചതെന്നാണ് കരുതുന്നത്. ഏതാണ്ട് 250 മണിക്കൂറോളം നേരം ഇവ പറക്കുന്നത് ഗവേഷകര്‍ നിരീക്ഷിയ്ക്കുകയുണ്ടായി. ഇതിലാണ് 5 മണികകൂറിലധികം സമയത്തേക്ക് ചിറക് കാര്യമായി അനക്കുക പോലും ചെയ്യാതെ ഇവ പറക്കുന്നതായി കണ്ടെത്തിയത്.

ചെറു പക്ഷികളും മൃഗങ്ങളും വലിയ മൃഗങ്ങളുടെ ശവശരീരങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ആഹാര സ്രോതസ്സ് കണ്ടെത്തുന്നതിനായി ആകാശത്ത് വട്ടം ചുറ്റിപ്പറക്കുന്നതില്‍ ഇവ വിദഗ്ധരാണ്. ഈ വൈദഗ്ധ്യവും ഇവയെ ചിറകടിക്കാതെ പറക്കാനുള്ള കഴിവില്‍ സഹായിച്ചിട്ടുണ്ടാകാം. മറ്റൊരു പ്രത്യേകത കൂടി ഇവയില്‍ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. മിക്കപ്പോഴും പറക്കാനെടുക്കുന്ന സമയത്തില്‍ 1 ശതമാനത്തോളം  മാത്രമെ ഇവ ചിറകടിയ്ക്കുന്നുള്ളൂ. ഇത് പറന്നുയരാന്‍ വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്.

ആന്‍ഡിയന്‍ കഴുകന്‍മാര്‍

തെക്കേ അമേരിക്കയുടെ പസിഫിക് കടല്‍മേഖലയോടു ചേര്‍ന്നുള്ള പ്രദേശത്താണ് ഈ കഴുകന്‍മാർ പ്രധാനമായും കാണപ്പെടുന്നത്. ഏതാണ്ട് 3.5 മീറ്ററാണ് ഇവയുടെ ഒരു ചിറകിന്‍റെ അറ്റത്ത് നിന്ന് അടുത്ത ചിറകിന്‍റെ അറ്റം വരെയുള്ള നീളം. ന്യൂ വേള്‍ഡ് വള്‍ച്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ കഴുകന്‍ വിഭാഗം 70 വയസ്സ് വരെ ജീവിച്ചിരിയ്ക്കാറുണ്ട്. അര്‍ജന്‍റീന, പെറു, ചിലെ തുടങ്ങി ആറ് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ ദേശീയ ചിഹ്നങ്ങളില്‍ ഈ കഴുകന് സ്ഥാനമുണ്ട്. ദക്ഷിണ അമേരിക്കയിലെ മിത്തുകളിലെയും പുരാണങ്ങളിലെയും ഒഴിവാക്കാനാകാത്ത സാന്നിധ്യം കൂടിയാണ് ഈ കഴുകന്‍മാര്‍. ശരീരം മുഴുവന്‍ കറുത്ത നിറത്തിലുള്ള തൂവലുകളാല്‍ മൂടിയ ഇവയുടെ കഴുത്തില്‍ മാത്രമാണ് വെള്ള തൂവലുകള്‍ കാണപ്പെടുന്നത്. 

ആന്‍ഡസ് പര്‍വത നിരകളില്‍ ശരാശരി 5000 അടി ഉയരമുള്ള മേഖലകളിലാണ്  ആണ് ഈ കഴുകന്‍മാരുടെ വാസം. പാറക്കെട്ടുകളില്‍ കൂട് കൂട്ടുന്ന ഇവ 7 വയസ്സുള്ളപ്പോള്‍ മുതല്‍ ഇണ ചേരാന്‍ തുടങ്ങും. ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഈ കഴുകന്‍മാര്‍ നേരിടുന്നുണ്ട്. ഐയുസിഎന്‍ പട്ടികയില്‍ വംശനാശ ഭീഷണിയ്ക്ക് സാധ്യതയുള്ള ജീവികളുടെ പട്ടികയിലാണ് ആന്‍ഡിയന്‍ കഴുകന്‍മാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English Summary:  World’s largest soaring bird Andean condors can fly for 160 km without flapping wings