ചിറകിലെ വിസ്മയ കാഴ്ചയുമായി നാഗശലഭം വിരുന്നെത്തി. ആനമല പാതയില്‍ ഷോളയാര്‍ കെഎസ്ഇബി ഡാം ഗേറ്റിനു സമീപത്താണ് ഈ ശലഭത്തെ യാദൃശ്ചികമായി കണ്ടത്. അപ്രതീക്ഷിതമായി അതുവഴി വന്ന യാത്രക്കാരെ ആശ്ചര്യപ്പെടുത്തികൊണ്ട് ശലഭത്തിന്റെ ചിറകനക്കങ്ങള്‍ കൗതുകം പകര്‍ന്നു. പകല്‍ സമയത്ത് അടങ്ങിയിരിക്കുന്ന ഇവ രാത്രിയിലാണ് സഞ്ചാരം. അതിനാല്‍ നിശാശലഭം എന്നാണിതിനെ ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്.

ചിറകിന്റെ അഗ്രഭാഗങ്ങള്‍ മൂര്‍ഖന്‍ പാമ്പിന്റെ തലയോട് സാദൃശ്യമുള്ളതിനാല്‍ അറ്റ്‌ലസ് മോത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയില്‍ കണ്ടുവരുന്നതില്‍ ഏറ്റവും വലുപ്പം കൂടിയ ശലഭമാണിത്. രണ്ടാഴ്ച ആയുസ്സുള്ള ഈ ശലഭം ലാര്‍വ അവസ്ഥയില്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഇവയെ കാണുന്നത്.

ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് മോത്ത് അഥവാ നാഗശലഭം. നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ സാധാരണ കാണാറുള്ളത്.ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള  ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ  കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.

ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്.  ഈ ശലഭങ്ങൾക്ക് രണ്ടാഴ്ച മാത്രമേ ആയുസ്സുള്ളൂ. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം.  രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഊർജം ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്.

പെൺശലഭത്തിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ഇവയുടെ ആൺ ശലഭങ്ങളെത്തുന്നത്.ദേവാലയങ്ങളിലും വീടുകളിലും അപൂര്‍വ്വമായി എത്തിപ്പെടാറുള്ള ഇവയ്ക്ക് ജനങ്ങള്‍ ദൈവീക പരിവേഷം നല്‍കാറുണ്ട്. അതിജീവനത്തിന്റെ ഭാഗമായുളള  ഉഗ്രരൂപമുള്ള ചിറകുകൾ പ്രത്യുൽപാദന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പൊഴിയും.

English Summary: Atlas moth scares off predators by looking like a cobra