കടുവകളുടെ സംരക്ഷണത്തിനു വേണ്ടി ഇന്ത്യയില്‍ പ്രത്യേകം ടൈഗര്‍ റിസര്‍വുകള്‍ ഒരുക്കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു തീരുമാനമെടുക്കുന്നത്. അത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ടൈഗര്‍ റിസര്‍വ് ഉത്തരാഖണ്ഡിലായിരുന്നു. അതിനു നല്‍കിയ പേരാകട്ടെ ഒരു ബ്രിട്ടിഷ് വേട്ടക്കാരന്റെയും. അതും ആയിരത്തിലേറെ കടുവകളെ വേട്ടയാടിയ ഒരു മനുഷ്യന്റെ! ജിം കോര്‍ബറ്റ് എന്ന ആ വേട്ടക്കാരന്‍ പക്ഷേ കൊന്നതു മുഴുവന്‍ നരഭോജികളായ കടുവകളെയായിരുന്നു. മാത്രവുമല്ല ഇന്ത്യയിലെ സസ്യ-ജന്തുജാലങ്ങളെപ്പറ്റി അദ്ദേഹത്തെപ്പോലെ അറിവുണ്ടായിരുന്ന വ്യക്തി അക്കാലത്തുണ്ടായിരുന്നുമില്ല. 1875ല്‍ ജനിച്ച് 1955ല്‍ അന്തരിച്ച കോര്‍ബറ്റിന്റെ ജീവിതത്തിലേറെയും ഇന്ത്യയിലായിരുന്നു. നൈനിറ്റാള്‍ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ വേട്ടയുടെ കഥകള്‍ പറയുന്ന 'ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും' എന്ന അദ്ദേഹത്തിന്റെ പുസ്തകവും ലോകപ്രശസ്തമാണ്. ബ്രിട്ടിഷ് ഇന്ത്യയുടെ പ്രകൃതിചിത്രം ഇത്രയേറെ വിശദമായി മറ്റു പുസ്തകങ്ങളിലൊന്നും നമുക്കു കണ്ടെത്താനാകില്ല. 

ഒരു അന്ധവിശ്വാസിയല്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ഇന്ത്യയില്‍ തന്നെ അമ്പരപ്പിച്ച, അന്ധവിശ്വാസത്തിന്റെ പടിവാതില്‍ക്കല്‍ വരെ കൊണ്ടെത്തിച്ച അസാധാരണ അനുഭവങ്ങള്‍ തനിക്കുണ്ടായതായി പലപ്പോഴായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു ഡാബിധുരയിലെ ക്ഷേത്രക്കടുവ. നൈനിറ്റാളിലെ നരഭോജിയായ പുള്ളിപ്പുലിയെ വേട്ടയാടാന്‍ പോകുംവഴിയായിരുന്നു ജിം കോര്‍ബറ്റ് ഡാബിധുരയിലെത്തുന്നത്. തനി നാട്ടിന്‍പുറത്തുകാര്‍ ജീവിക്കുന്ന, പുല്‍മേടുകളും താഴ്‌വരകളും അരുവികളും മലകളും കുന്നും കാടുമെല്ലാം നിറഞ്ഞ പ്രദേശം. പുള്ളിപ്പുലിയെ വേട്ടയാടാന്‍ പോകും മുന്‍പാണ് പ്രദേശത്തെ പുരോഹിതന്‍ കോര്‍ബറ്റിനോട് ക്ഷേത്രക്കടുവയെ പറ്റി പറഞ്ഞത്. നിങ്ങള്‍ക്കതിനെ വേട്ടയാടാന്‍ ഒരിക്കലും സാധിക്കില്ല എന്നായിരുന്നു പുരോഹിതന്റെ വാക്കുകള്‍. അതൊരു വെല്ലുവിളിയായൊന്നും അദ്ദേഹത്തിനു തോന്നിയില്ല. പക്ഷേ പിന്നീടുള്ള നാലു ദിവസവും പലയിടത്തുനിന്നായി ഒരു കടുവ പശുക്കളെ കൊന്നുതിന്നുന്ന വിവരം കോര്‍ബറ്റിനു ലഭിച്ചു. 

പാവപ്പെട്ട ഗ്രാമീണരുടെ അന്നമായിരുന്ന പശുക്കളെ കൊന്നൊടുക്കിയ കടുവയെ ഓരോ തവണയും അദ്ദേഹം പിന്തുടര്‍ന്നു കണ്ടെത്തി. അദ്യത്തെ തവണ തോക്കിന്‍കുഴലിന് അഞ്ചടി അടുത്തുവരെ കിട്ടിയതാണ് ആ ആണ്‍ കടുവയെ. പക്ഷേ പുത്തന്‍ റൈഫിളിലെ ചില സാങ്കേതികകാര്യങ്ങള്‍ മറന്നുപോയതിനെത്തുടര്‍ന്ന് അവനെ കിട്ടാതെ പോയി. രണ്ടാം തവണ വേട്ടയ്ക്കിറങ്ങിയ കോര്‍ബറ്റിന് കാണാന്‍ സാധിച്ചത് കടുവയും കരടിയും തമ്മിലുള്ള പോരാട്ടമായിരുന്നു. അവിടെയും കടുവയ്ക്കു വെടികൊണ്ടില്ല. കരടിയെ വെടിവച്ചു കൊല്ലുകയും ചെയ്തു. പിന്നീടൊരിക്കല്‍ പിന്തുടര്‍ന്ന് ഉള്‍ക്കാട്ടില്‍ പോയി, ഒരു ഫോറസ്റ്റ് ഗാര്‍ഡിനൊപ്പം പുല്‍മേട്ടിലും കടുവയെ തേടിയെത്തി. രണ്ടു തവണയും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഒരു രാത്രി ആ കടുവയെ ഉന്നംപിടിച്ചിരിക്കുമ്പോള്‍ അത് കോര്‍ബറ്റിരിക്കുന്ന മരത്തിന്റെ സ്ഥാനം കണ്ടെത്തുകയും താഴെയെത്തി മുകളിലേക്കു വലിഞ്ഞു കയറാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കിലോക്കണക്കിനു ഭാരമുള്ള പശുക്കളെ വലിച്ചുകൊണ്ടു പോകാന്‍ തക്ക ശക്തിയും വലുപ്പവുമുള്ള കടുവയ്ക്ക് മരത്തില്‍ കയറാന്‍ മാത്രം സാധിച്ചില്ല. 

മാത്രവുമല്ല കോര്‍ബറ്റിന്റെ തന്ത്രപരമായ ഒരു അലര്‍ച്ചയില്‍ അത് ഓടിപ്പോവുകയും ചെയ്തു. അദ്ദേഹം നരഭോജിപ്പുലിയെ തേടി വരുന്നതുവരെ അവിടെ ഒരു കടുവയും പശുവിനെ കൊന്നുതിന്നതായി അറിവില്ല. മാത്രവുമല്ല കോര്‍ബറ്റ് വന്നതിനു ശേഷം പുള്ളിപ്പുലിയെ അവിടെയെങ്ങും ആരും കണ്ടിട്ടുമില്ല. ഡാബിധുരയിലെ തന്റെ വരവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോയെന്ന് അദ്ദേഹം സംശയിച്ചിരുന്നു. പിന്നീടൊരിക്കലും ആ കടുവയെ ആര്‍ക്കും കൊല്ലാനായിട്ടില്ല. നൈനിറ്റാളിലെ നരഭോജി പുള്ളിപ്പുലിയും അജ്ഞാത കേന്ദ്രത്തിലൊളിച്ചു. ഈ സംഭവങ്ങളെ അദ്ഭുതത്തോടെയല്ലാതെ വിവരിക്കാനാകില്ലെന്നാണ് കോര്‍ബറ്റ് പുസ്തകത്തില്‍ വിവരിച്ചത്. 

ക്ഷേത്രക്കടുവയെപ്പോലെത്തന്നെ കോര്‍ബറ്റിനെ അമ്പരപ്പിച്ച ഭീതിപ്പെടുത്തുന്ന അദ്ഭുതമായിരുന്നു ചുഡേലിന്റെ അലര്‍ച്ച. ഇന്ത്യന്‍ അദ്ഭുതങ്ങളില്‍ മുന്‍പന്തിയിലാണ് ഈ മന്ത്രവാദിനിയുടെ (അതോ യക്ഷിയോ) സ്ഥാനം. മൂന്നുതവണ താന്‍ ചുഡേലിന്റെ കരച്ചില്‍ കേട്ടതായി അദ്ദേഹം കുറിച്ചിട്ടുണ്ട്. ഒരിക്കല്‍ നേരിട്ടു കണ്ടതായും സൂചിപ്പിക്കുന്നു. രാത്രിയുടെ നിശബ്ദതയെ കീറിമുറിക്കുന്ന ചുഡേലിന്റെ അലര്‍ച്ച ആരുടെയും രക്തം മരവിപ്പിക്കുന്നതും ഹൃദയം നിലയ്ക്കാന്‍പോന്നതാണെന്നുമായിരുന്നു അദ്ദേഹം എഴുതിയത്. വനത്തിലെ ഓരോ അനക്കവും തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു കോര്‍ബറ്റിന്. പലതരം പക്ഷികളുടെ ശബ്ദം പിടിച്ചെടുക്കുന്നതിലും അദ്ദേഹം പാടവം പ്രകടിപ്പിച്ചു. ചിലയിനം കിളികളുടെ കരച്ചില്‍ കേട്ട് കടുവകളുടെ വരവ് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിനു സാധിച്ചു. അതിനാല്‍ത്തന്നെ ചുഡേലിന്റെ അലര്‍ച്ചയെപ്പറ്റി അദ്ദേഹം എഴുകിയപ്പോള്‍, കാടിന്റെ ശബ്ദത്തെ അറിയാവുന്ന ഒരാള്‍ക്ക് ഇത്തരം അന്ധവിശ്വാസത്തെപ്പറ്റി നുണ പറയാനാകില്ലെന്ന് എല്ലാവരും ഉറച്ചുവിശ്വസിക്കുകയും ചെയ്തു.

മൂന്നു തവണ ചുഡേലിന്റെ കരച്ചിലായി കേട്ടത് പക്ഷികളുടെ കരച്ചിലാണെന്നാണ് കോര്‍ബറ്റ് പറയുന്നത്. അതില്‍ രണ്ടെണ്ണം പക്ഷേ അദ്ദേഹത്തിന്റെ ഊഹമായിരുന്നു. ആദ്യത്തെ കരച്ചില്‍ നൈനിറ്റാളിലെ വീട്ടു വരാന്തയില്‍ ഉലാത്തുമ്പോഴാണു കേട്ടത്. ബൈനോക്കുലറെടുത്ത് ശബ്ദത്തിന്റെ ഉറവിടത്തിലേക്കു നോക്കിയപ്പോള്‍ താനിന്നേവരെ കാണാത്ത ഇനം പക്ഷിയായിരുന്നു ഒരു മരത്തില്‍. പരുന്തിനേക്കാളും വലുപ്പം കുറവ്, മൂങ്ങയുടെ രൂപവും! രണ്ടാം തവണ ഒരു നരഭോജിക്കടുവയെ കാത്ത് തോക്കുമായിരിക്കുമ്പോഴായിരുന്നു മരണവേദനയാല്‍ പുളയുന്ന മനുഷ്യന്റെ കരച്ചില്‍ പോലെ കേട്ടത്. മൂന്നാം തവണയും സമാനമായ കരച്ചില്‍ കേട്ടു. പക്ഷേ മനുഷ്യവാസം പോലുമില്ലാത്ത ഒരു പഴയ ഗ്രാമത്തില്‍നിന്നായിരുന്നു അത്. 

ഹിമാലയത്തിലെ മലമ്പ്രദേശങ്ങളില്‍ കുപ്രസിദ്ധമായിരുന്നു ചുഡേലിന്റെ കഥ. പുരുഷന്മാരുടെ പിന്നിലെത്തി, അന്തരീക്ഷത്തില്‍ നിന്ന് അവരെ വശീകരിച്ചു കൊണ്ടുപോകുന്ന സ്ത്രീയായിട്ടാണ് ചുഡേലിനെ പലരും വിശേഷിപ്പിച്ചിരുന്നത്. അതിന്റെ മുഖത്തേക്കു നോക്കാതിരിക്കുക എന്നതാണ് രക്ഷപ്പെടാനുള്ള ഒരേയൊരു വഴിയെന്നും ഗ്രാമീണര്‍ പറയുന്നു ('സ്ത്രീ' എന്ന ബോളിവുഡ് സിനിമ ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു) ചുഡേലിനെപ്പറ്റി സംസാരിക്കുകയോ അതിന്റെ പേര് എവിടെയെങ്കിലും എഴുതുകയോ ചെയ്താല്‍ അന്നു രാത്രി അതവിടെ വരുമെന്നും ഗ്രാമീണര്‍ വിശ്വസിച്ചുപോന്നു. 

ഒരിക്കല്‍ ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ നരഭോജിയായ പെണ്‍കടുവയെ തേടിയെത്തിയതായിരുന്നു കോര്‍ബറ്റ്. കാടിനു നടുവിലെ ഒരു ബംഗ്ലാവിലായിരുന്നു താമസം. രാത്രി തഹസില്‍ദാരുമൊത്ത് സംസാരിച്ചിരുന്ന് നേരം ഏറെ വൈകി. തഹസില്‍ദാറെ തിരികെ വീട്ടിലേക്ക് ഒറ്റയ്ക്ക് അയയ്ക്കാന്‍ കോര്‍ബറ്റിനു മനസ്സുണ്ടായില്ല. ഒരുപക്ഷേ വഴിയില്‍ നരഭോജിക്കടുവ പോലും കാത്തിരിപ്പുണ്ടാകും. പക്ഷേ തഹസില്‍ദാരുടെ ധൈര്യം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. രാത്രിയില്‍ ഒറ്റയ്ക്കായ കോര്‍ബറ്റിനെ ബംഗ്ലാവില്‍ കാത്തിരുന്നതാകട്ടെ അസാധാരണ അനുഭവവും. പിറ്റേന്നു രാവിലെ ബംഗ്ലാവിനു പുറത്തെ കാട്ടില്‍ പേടി കൊണ്ടും മഞ്ഞുകൊണ്ടും വിറച്ച നിലയിലായിരുന്നു കോര്‍ബറ്റിനെ കണ്ടെത്തിയതെന്നാണു പറയപ്പെടുന്നത്. ആ രാത്രി മുഴുവനും അസാധാരണമായതെന്തോ നടന്നിരുന്നു. ഒരിക്കലും കോര്‍ബറ്റ് തുറന്നെഴുതാത്ത ഒരു സംഭവം. 

ചുഡേലുമായി ബന്ധപ്പെട്ടതാണതെന്ന് തന്റെ പുസ്തകങ്ങളിലൊന്നില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. എന്നാല്‍ പ്രകൃതിയെയും അതിന്റെ നിയമങ്ങളെയും കുറിക്കുന്ന പുസ്തകത്തില്‍ ആ നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തുന്ന തരം അന്ധവിശ്വാസമെന്ന് ആരും പറയുന്ന വിവരങ്ങള്‍ ചേര്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് അദ്ദേഹം വിവരിച്ചത്. ഒരിക്കലും എവിടെയും അക്കാര്യം തുറന്നു പറയുകയും ചെയ്തില്ല. മനസ്സിന്റെ വെറും തോന്നലെന്ന് അതിനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്തു. എന്നാല്‍ ആ രാത്രിയെപ്പറ്റി കോര്‍ബറ്റിന്റെ ജീവചരിത്രകാരനായ മാര്‍ട്ടിന്‍ ബുത്ത് പറയുന്നതിങ്ങനെ: 'ഒരിക്കല്‍ പോലും തുറന്നുപറയാന്‍ കോര്‍ബറ്റ് ആഗ്രഹിക്കാത്ത കാര്യമാണ് അന്നു രാത്രി സംഭവിച്ചത്. ഒരു കാര്യം ഉറപ്പാണ്, അസാധാരണമായ ആ അമാനുഷികശക്തിയുമായി ആ രാത്രി മുഴുവനും അദ്ദേഹത്തിനു പോരാടി നില്‍ക്കേണ്ടി വന്നിട്ടുണ്ട്...'വീണ്ടുമൊരു കടുവാദിനത്തില്‍ ജിം കോര്‍ബറ്റിനെ ഓര്‍മിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിനെയും വേട്ടയാടിയ ഇത്തരം അസാധാരണ നിമിഷങ്ങളെ മറക്കാനാകുവതെങ്ങനെ!

English Summary: Jim Corbett's mysterious encounters with Chudail and Temple Tiger of Nainital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT