അമേരിക്കയിലെ മിസോറിയിൽ മനുഷ്യനെ പോലും  കുടുക്കാൻ തക്ക വലുപ്പത്തിലുള്ള ഭീമൻ ചിലന്തിവല കണ്ടെത്തി. രണ്ടു മരങ്ങൾക്കിടയിലായി നെയ്ത രീതിയിലാണ് ചിലന്തിവല കണ്ടെത്തിയത്. ഓർബ് ബീവർ ഇനത്തിൽ പെട്ട ചിലന്തി നെയ്ത വലയാണിതെന്ന് മിസോറി ഡിപ്പാർട്ട്മെൻറ് ഓഫ് കൺസർവേഷൻ വ്യക്തമാക്കി.

രാത്രികാലങ്ങളിൽ വല കണ്ണിൽപ്പെടാതെ  നടന്നു നീങ്ങിയാൽ മനുഷ്യൻ അതിനുള്ളിൽ കുടുങ്ങുമെന്ന് ഉറപ്പാണ്. മിസോറി ഡിപ്പാർട്ട്മെൻറ് ഓഫ് കൺസർവേഷനിലെ മാധ്യമ വിദഗ്ധനായ ഫ്രാൻസിസ് സ്കാലികിയാണ് ചിലന്തിവല ആദ്യം കണ്ടെത്തിയത്. ഇഴകൾ അടുത്തടുത്ത് വരുന്ന രീതിയിൽ മനോഹരമായാണ് ഓർബ് ബീവർ കൂറ്റൻ വല നെയ്തെടുത്തിരിക്കുന്നത്. മണിക്കൂറുകൾ ചെലവഴിച്ചാവാം ചിലന്തി ഇത്രയും വലിയ ഒരു വല നിർമിച്ചതെന്ന് വിദഗ്ധർ പറയുന്നു.

ഒരു ഇഞ്ചിന് അടുത്ത് നീളം വരുന്ന ഓർബ് ബീവർ ഇനത്തിൽപ്പെട്ട ചിലന്തികൾ സാധാരണയായി മനുഷ്യർക്ക് അപകടകാരികളല്ല. ഈച്ചകൾ, ചെറു ശലഭങ്ങൾ തുടങ്ങിയ പ്രാണികളെയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. രാത്രികാലങ്ങളിലാണ് ഇവ  ഇരതേടുന്നത്. ഓരോ ദിവസവും പുതിയ വലകൾ നിർമ്മിക്കുന്ന രീതിയും ഈ ഇനത്തിൽപ്പെട്ട ചിലന്തികൾക്കുണ്ടെന്ന് കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റിൽ കുറിക്കുന്നു.

സന്ധ്യാസമയങ്ങളിലാണ് ഓർബ് ബീവർ വല നെയ്തു തുടങ്ങുന്നത്. എന്നാൽ മിസോറിയിൽ കണ്ടെത്തിയ വലയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ രാവിലെ തന്നെ ചിലന്തി വല നിർമാണം ആരംഭിച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നത്. ഭീമൻ ചിലന്തിവലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. വല കാണുമ്പോൾ തന്നെ ഭയം തോന്നുന്നു എന്ന് പലരും കുറിക്കുന്നു. അതേസമയം ഇത്ര സൂക്ഷ്മതയോടെ മനോഹരമായി വല നെയ്യാനുള്ള ചിലന്തിയുടെ കഴിവ് പ്രകൃതിയിലെ തന്നെ അദ്ഭുതങ്ങളിൽ ഒന്നാണെന്നും പലരും അഭിപ്രായപ്പെടുന്നു.

English Summary: Huge spiderweb found in Missouri, US spooks netizens