തീരത്തടിഞ്ഞത് അയ്യായിരത്തോളം നീർനായ ഭ്രൂണങ്ങൾ; വിചിത്ര പ്രതിഭാസം, അമ്പരന്ന് ഗവേഷകർ
ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയയിൽ തീരത്തടിഞ്ഞത് ഭ്രൂണാവസ്ഥയിലുള്ള അയ്യായിരത്തോളം നീർനായ കുഞ്ഞുങ്ങളാണ്. കേപ് ഫർ സീൽ ഇനത്തിൽപ്പെട്ട നീർനായകളുടെ ഭ്രൂണങ്ങളാണ് തീരത്തടിഞ്ഞിരിക്കുന്നത്. നമീബിയയിലെ ഓഷ്യൻ കൺസർവേഷനിലെ ഉദ്യോഗസ്ഥനായ നൗഡേ ഡ്രെയറാണ് ഡ്രോണിൽ പകർത്തിയ ദൃശ്യങ്ങളുടെ സഹായത്തോടെ സംഭവം കണ്ടെത്തിയത്.
നീർനായകൾ അധികമായി കണ്ടുവരുന്ന പെലിക്കൻ പോയിന്റ് സീൽ കോളനിയിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയത്. നവംബർ മാസത്തിന്റെ അവസാനത്തോടെ ആയിരക്കണക്കിന് നീർനായ കുഞ്ഞുങ്ങൾ ജനിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഗവേഷകർ.എന്നാൽ ഭ്രൂണാവസ്ഥയിൽ തന്നെ ഇത്രയധികം കുഞ്ഞുങ്ങൾ ചത്തു തീരത്തടിഞ്ഞത് ഏറെ ആശങ്ക ഉളവാക്കുന്നതായി ഓഷ്യൻ കൺസർവേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ ഗർഭാവസ്ഥയിൽ തന്നെ ഭ്രൂണങ്ങളെ നശിപ്പിച്ചു കളയുകയോ ചെയ്യുന്ന പതിവ് ഈ ഇനത്തിൽ പെട്ട നീർനായകൾക്കുണ്ട്. എന്നാൽ ഇത്രയധികം നീർനായ കുഞ്ഞുങ്ങൾ ദ്രൂണാവസ്ഥയിൽ തന്നെ ചത്തടിഞ്ഞതാണ് ഗവേഷകരുടെ ആശങ്ക വർധിപ്പിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ തന്നെ ഭ്രൂണങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും ഒക്ടോബർ എത്തിയപ്പോൾ അവയുടെ എണ്ണം അസാമാന്യമാം വിധം വർധിക്കുകയായിരുന്നു.വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വന്നതോ നീർനായകൾക്കിടയിൽ പടർന്നുപിടിക്കുന്ന രോഗമോ അവാം ഇതിനുള്ള പ്രധാന കാരണമെന്നാണ് നിഗമനം. നമീബിയയിലെ ഫിഷറീസ് മന്ത്രാലയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1.7 ദശലക്ഷം കേപ് ഫർ സീൽ നീർ നായകൾ ഉണ്ടെന്നാണു കണക്ക്. ഇതിൽ ഒരു ദശലക്ഷത്തോളം നമീബിയയിൽ തന്നെയാണ് കാണപ്പെടുന്നത്. തീരത്തടിഞ്ഞ ഭ്രൂണങ്ങളുടെ എണ്ണം 5000 എന്ന് ഏകദേശം കണക്കാക്കിയിട്ടുണ്ടെങ്കിലും മറ്റു മൃഗങ്ങൾ ഭ്രൂണങ്ങൾ ഭക്ഷിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താൽ എണ്ണം ഇനിയും കൂടുതലാകാനാണ് സാധ്യതയെന്ന് നമീബിയൻ ഡോൾഫിൻ പ്രോജക്ടിലെ ഗവേഷണ സംഘാംഗമായ ഡോക്ടർ ടെസ്സ് ഗ്രിഡ്‌ലെ പറയുന്നു.
നീർ നായകളുടെ പ്രജനന ചക്രത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് അനുമാനം. സാധാരണഗതിയിൽ പെൺ നീർനായകൾ വർഷത്തിൽ ഒരു കുഞ്ഞിനാണ് ജന്മം നൽകുന്നത്. ഇതിനുമുൻപ് 1994 ലും സമാനമായ രീതിയിൽ ആയിരക്കണക്കിന് നിർനായ ഭ്രൂണങ്ങൾ തീരത്തടിഞ്ഞിരുന്നു. പോഷകാഹാരക്കുറവും അണുബാധയുമാണ് അന്ന് കാരണമായി കണ്ടെത്തിയിരുന്നത്.
English Smmary: Estimated 5,000 Cape fur seal foetuses found on Namibian coast