വൈറ്റ് സീ ദ്വീപിലെ രഹസ്യം;‘ചെകുത്താനെ’ കുരുക്കുന്ന റഷ്യൻ ലാബ്‍രിന്തുകൾ
ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുമ്പോഴെല്ലാം ചിലർ ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്– ‘ഏതോ ഒരു ചെകുത്താൻ നിങ്ങളുടെ പിന്നാലെ കൂടിയിട്ടുണ്ട്’ എന്ന്. അതോടെ നമ്മൾ എന്തു ചെയ്താലും ചെകുത്താന്റെ ഇടപെടൽ കാരണം അതു നശിപ്പിച്ചു പോകുമെന്നാണു വിശ്വാസം. എന്നാൽ പുരാതന റഷ്യക്കാർക്കും സ്വീഡൻകാർക്കും ഈ ചെകുത്താനെ ഓടിക്കാനുള്ള ഒരു വഴിയറിയാമായിരുന്നു. അവർ ഒരു ലാബ്‌രിന്തിലേക്കു കയറിപ്പോകും. അതിനു പിന്നാലെ ചെകുത്താനും കയറും. നിറയെ തിരിവുകളും ചുറ്റലുകളും വളവുകളുമെല്ലാമുള്ള ‘കെണി’യാണ് ലാബ്‌രിന്ത്. അകത്തേക്കു കയറി തിരികെ ഇറങ്ങാനുള്ള വഴി അറിയില്ലെങ്കില്‍ ചുറ്റിപ്പോയതുതന്നെ. ചിലർ ലാബ്‌രിന്തിലേക്കുള്ള വഴി കണ്ടെത്തിവയ്ക്കും, ചെകുത്താൻ പിന്നാലെ കയറി വഴി തെറ്റിയതിനു പിന്നാലെ അവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്യും. അതോടെ പുറത്തേക്കുള്ള വഴിയറിയാതെ ചെകുത്താൻ ലാബ്‌രിന്തിനുള്ളിൽ പെടുകയും ചെയ്യും. പിന്നീടൊരിക്കലും തിരികെ വരാത്ത വിധം ചെകുത്താനെ അതിനകത്ത് തളച്ചിടാനുള്ള മന്ത്രതന്ത്രങ്ങള്‍ പുറത്തു നടത്തുകയും ചെയ്യുന്നതോടെ എല്ലാം സുരക്ഷിതം!
ഏഷ്യയിലെ വൈറ്റ് സീയിലെ ദ്വീപസമൂഹങ്ങളിലൊന്നില്‍ നടന്നിരുന്നുവെന്നു വിശ്വസിക്കുന്ന ആചാരമാണ് മേല്‍പ്പറഞ്ഞത്. ടൂറിസത്തിനു പ്രശസ്തമാണ് വൈറ്റ് സീയിലെ സൊലോവെറ്റ്സ്കി ഐലന്റ്സ്. ഇതിന്റെ ഭാഗമായ ദ്വീപുകളിലൊന്നാണ് ബോൽഷോയ് സയാറ്റ്സ്കി. ഇവിടേക്കു വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. കാരണം, ലോകത്തിലെ ഏറ്റവും നിഗൂഢമായ ചില കാഴ്ചകള്‍ കാത്തിരിക്കുന്നുണ്ട് ഇവിടെ. ബാബിലോൺസ് എന്നറിയപ്പടുന്ന ലാബ്‌രിന്തുകളാണ് ദ്വീപിന്റെ പ്രത്യേകത. വലുപ്പത്തിൽ വളരെ ചെറുതാണ് ദ്വീപ്. എന്നാൽ അവിടെ ചെറുതും വലുതുമായ മുപ്പത്തിയഞ്ചോളം ലാബ്‌രിന്തുകളാണുള്ളത്. ദ്വീപിന്റെ പല ഭാഗത്തായി ചിതറിയ നിലയിലാണ് കൃത്യമായ വലുപ്പത്തിൽ നിർമിച്ചിരിക്കുന്ന ഇവയുള്ളത്. പതിനായിരക്കണക്കിനു വർഷം മുൻപ് നിർമിച്ചതാണ് ഇവയെന്നാണു പുരാവസ്തു ഗവേഷകര്‍ പറയുന്നത്. ചിലത് പാറകൾ കൂട്ടിയാണു നിർമാണം, മറ്റു ചിലത് മണ്ണ് കിളച്ച് ഉയർത്തിയും. ഇവയ്ക്കിടയിൽ പലതരം ചെടികൾ കൂടി വളർന്നതോടെ കാഴ്ചയിലും ഏറെ ഭംഗി.
ദ്വീപിൽ ഇത്രയേറെ പ്രാധാന്യത്തോടെ നിർമിച്ചെങ്കിലും ഇവ എന്തിനാണു തയാറാക്കിയതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. മൂന്ന് ഉത്തരങ്ങളാണ് മുന്നിലുള്ളത്– ഒന്നുകിൽ ചെകുത്താന്മാരെ ‘കുരുക്കിൽ’ വീഴ്‌ത്താന്‍, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആചാരത്തിന്റെ ഭാഗമായി, അതുമല്ലെങ്കിൽ പൂർവികർക്കുള്ള വാസസ്ഥാനമായി. ഇതിൽ മൂന്നാമത്തേതിനാണു ദ്വീപിൽ ഏറെ പ്രചാരമുള്ളത്. ജീവിക്കുന്നവരെയും മരിച്ചവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണത്രേ ഈ ലാബ്‌രിന്ത്. അതായത്, മരിച്ചു പോയവർ ഈ ലാബ്‌രിന്തിലേക്കു താമസം മാറുമെന്നാണു വിശ്വാസം. പിന്നീട് അവരുടെ പ്രവർത്തനങ്ങളെല്ലാം അതിനകത്താണ്, എല്ലാം ഭൂമിയിലേതിനു സമാനമായിത്തന്നെ.
സയ്‌വോ എന്നും ഇത്തരം ലാബ്‌രിന്തുകൾക്കു മറ്റിടങ്ങളിൽ പേരുണ്ട്. അതിനകത്തു താമസിക്കുന്ന മരിച്ചവർക്ക് സയ്‌വൂൽമാക്ക് എന്നാണു പേര്. മരിച്ചുപോയ കുടുംബാംഗങ്ങൾക്കും പൂർവികർക്കുമൊപ്പമാണ് സയ്‌വൂൽമാക്കുകൾ ലാബ്‌രിന്തുകളിൽ കഴിയുന്നത്. അവരവിടെ ടെന്റ് കെട്ടിയും വേട്ടയാടിയും മീൻപിടിച്ചുമെല്ലാം ജീവിക്കുന്നുവെന്നാണു വിശ്വാസം. പൂർവികർക്കായുള്ള പ്രത്യേക പ്രാർഥനകളും ലാബ്‌രിന്തുകളിൽ നടത്തിയിരുന്നു. ചില മന്ത്രവാദികളാണ് ഇത്തരം പ്രാർഥനകളിൽ മുന്നിൽ. അവർ ആരാധിക്കുന്ന ചില അദൃശ്യരൂപികൾ ഇത്തരം ലാബ്‌രിന്തുകളിൽ കുടികൊള്ളുന്നുവെന്നാണു വിശ്വാസം. ഓരോരുത്തരെയും ആവശ്യത്തിനനുസരിച്ച് വിളിച്ചു വരുത്തി തങ്ങൾക്കാവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ മന്ത്രവാദികൾക്കു സാധിച്ചിരുന്നെന്നും പറയപ്പെടുന്നു.
റഷ്യയിലെ ലാബ്‍രിന്തുകൾ മീനുകളെ പിടികൂടാനായി നിർമിച്ചതാണെന്നും ഒരു വാദമുണ്ട്. എന്നാൽ ഇവയിലേറെയും ദ്വീപിലെ കരഭാഗങ്ങളിലായതിനാല്‍ ആ വാദം ദുർബലമാണ്. 1920കളിൽ വ്ളാദ് അബ്രമോവ് എന്ന ഗവേഷകനാണ് ആദ്യമായി റഷ്യയിലെ ഈ ലാബ്‍രിന്തുകളെപ്പറ്റി വിശദമായി എഴുതുന്നത്. സ്വീഡനിലെ ബാൾട്ടിക് കടൽത്തീരത്തും കല്ലുകൊണ്ടുള്ള ലാബ്‌രിന്ത് നിർമിതികൾ കണ്ടെത്തിയിട്ടുണ്ട്. കടലിൽ തങ്ങളെ പിന്തുടരുന്ന സ്മാഗുബ്ബർ എന്നറിയപ്പെടുന്ന കുള്ളൻ ചെകുത്താന്മാരെ കുരുക്കാൻ വേണ്ടി മത്സ്യത്തൊഴിലാളികൾ നിർമിച്ചതാണിവ. അവർ ഇതിനകത്തേക്കു കടക്കുമ്പോൾ പിന്നാലെ സ്മാഗുബ്ബറുകളും വരുമെന്നാണു വിശ്വാസം. തൊട്ടുപിന്നാലെ മത്സ്യത്തൊഴിലാളികൾ ഇറങ്ങിയോടും. ചെകുത്താൻ അതിനകത്തു വഴിയറിയാതെ നട്ടംതിരിയുമ്പോള്‍ കടൽത്തിരമാലകൾ ഇരച്ചെത്തി അവയെ നശിപ്പിക്കുമത്രേ!
English Summary: Mysterious Stone Labyrinths of Bolshoi Zayatsky Island