500 മീറ്ററോളം ഉയരം; കണ്ടെത്തിയത് ഈഫൽ ഗോപുരത്തേക്കാൾ ഉയരമുള്ള പടുകൂറ്റൻ പവിഴപ്പുറ്റ്!
അമേരിക്കയിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനേക്കാളും പാരിസിലെ ഈഫൽ ഗോപുരത്തേക്കാളും ഉയരമുള്ള ഒരു പടുകൂറ്റൻ പവിഴപ്പുറ്റ് ഓസ്ട്രേലിയയിൽ കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫിന്റെ വടക്കേ അറ്റത്തായാണ് ഗവേഷകർ പവിഴപുറ്റ് കണ്ടെത്തിയത്. നൂറു വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ ഒരു പവിഴപ്പുറ്റ് കണ്ടെത്തുന്നതെന്ന് ഗവേഷകർ പറയുന്നു.
500 മീറ്ററോളം ഉയരമുള്ള പവിഴപ്പുറ്റ് ഒന്നര കിലോമീറ്ററിലായാണ് വ്യാപിച്ചുകിടക്കുന്നത്.ഗ്രേറ്റ് ബാരിയർ റീഫിന്റെ വശത്തു നിന്നും 6 കിലോമീറ്റർ അകലെയായാണ് പവിഴപുറ്റ് സ്ഥിതി ചെയ്യുന്നത്. കടലിൻറെ അടിത്തട്ടിൽ മാപ്പിങ് നടത്തുന്നതിനിടെ പവിഴപ്പുറ്റ് ജെയിംസ് കുക്ക് സർവകലാശാലയിലെ ഗവേഷകരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഏറെ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തലാണ് ഇത് എന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ ഡോക്ടർ റോബിൻ ബീമാൻ പറയുന്നു. ഗ്രേറ്റ് കോറൽ റീഫിൽ നിന്നും മാറി തികച്ചും ഒറ്റപ്പെട്ട നിലയിലാണ് പവിഴപ്പുറ്റ് സ്ഥിതി ചെയ്യുന്നത്.
മികച്ച പരിതസ്ഥിതിയിൽ പൂർണ ആരോഗ്യത്തോടെയാണ് പവിഴപ്പുറ്റ് നിലനിൽക്കുന്നത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഗ്രേറ്റ് ബാരിയർ റീഫിലെ പകുതിയിലധികം പവിഴപ്പുറ്റുകളും നഷ്ടമായെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അതിനിടെ ഏറെ ആശ്വാസം നൽകിക്കൊണ്ടാണ് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ജലത്തിന്റെ ഉള്ളിൽ പ്രവർത്തിപ്പിക്കാവുന്ന സൂബാസ്റ്റ്യൻ എന്ന റോബോട്ടിനെ സഹായത്തോടെയാണ് പവിഴപ്പുറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. പവിഴപ്പുറ്റിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ക്വീൻസ്‌ലൻഡ് മ്യൂസിയത്തിലും മ്യൂസിയം ഓഫ് ട്രോപ്പിക്കൽ ക്വീൻസ്‌ലൻഡിലും പ്രദർശനത്തിനു വച്ചിട്ടുണ്ട്.
2016 ൽ ഗ്രേറ്റ് ബാരിയർ റീഫിന് നിറം മങ്ങൽ സംഭവിച്ചിരുന്നു. സമുദ്രജലം കൂടുതലായി ചൂടാകുമ്പോൾ പായലുകൾ നഷ്ടപ്പെടുന്നതിനാൽ പവിഴപ്പുറ്റുകൾക്ക് നീറ്റലുണ്ടായാണ് പവിഴപ്പുറ്റുകളുടെ നിറം മങ്ങുന്നത്.എന്നാൽ ഇത്തരം കേടുപാടുകളൊന്നും പുതിയതായി കണ്ടെത്തിയ പവിഴപ്പുറ്റിനെ ബാധിച്ചിട്ടില്ല എന്നാണ് പഠനത്തിൽ നിന്നും കണ്ടെത്തിയ വിവരം. സമുദ്രത്തെ കുറിച്ചുള്ള നമ്മുടെ അറിവ് എത്രത്തോളം ചെറുതാണെന്ന് എടുത്തു കാണിക്കുന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ എന്ന് പര്യവേഷണ സംഘത്തിലെ മുഖ്യ നിരീക്ഷകനായ ടോം ബ്രിഡ്ജ് പറയുന്നു. ദൃഢമായ പവിഴങ്ങൾ അധികമില്ലെങ്കിലും പുതിയതായി കണ്ടെത്തിയ പവിഴപ്പുറ്റിൽ കടൽപ്പഞ്ഞികളുടെയും മൃദു പവിഴങ്ങളുടെയും മീനുകളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്. ഇത്രയും വലിയ പവിഴപ്പുറ്റിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ വർഷങ്ങൾ നീണ്ട പഠനം തന്നെ വേണ്ടിവരുമെന്ന അഭിപ്രായത്തിലാണ് ഗവേഷകർ.
English Summary: Coral reef taller than Empire State Building found in Australia