കൊറോണ വ്യാപനമടക്കം മനുഷ്യന് പരിചിതമല്ലാത്ത വിചിത്രമായ ഒട്ടേറെ സംഭവങ്ങൾ നിറഞ്ഞ വർഷമാണ് 2020. അക്കൂട്ടത്തിൽ വിചിത്രമായ മറ്റൊരു സംഭവത്തിന്റ ദൃശ്യങ്ങളാണ് മധ്യ അമേരിക്കയിലെ ഹൊണ്ടൂറസിലെ രോതൻ ദ്വീപിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. കരയിലെ ജീവികളെപ്പോലെ കടലിന്റെ അടിത്തട്ടിലൂടെ സാവധാനം നടന്നു നീങ്ങുന്ന ഒരു വിചിത്ര മത്സ്യമാണ് ദൃശ്യത്തിലുള്ളത്.

രോതൻ ദ്വീപിലെ ഫ്രഞ്ച് കീ കട്ട് എന്ന ജലമാർഗത്തിൽ നിന്നും പകർത്തിയതാണ് ദൃശ്യം. അപൂർവമായി മാത്രം കണ്ടുവരുന്ന ഷോർട് നോസ് ബാറ്റ്ഫിഷ് ഇനത്തിൽപെട്ട മത്സ്യമാണ് കടലിന്റെ അടിത്തട്ടിലൂടെ ലാഘവത്തോടെ നടന്നുനീങ്ങുന്നത്. ശരീരത്തിന്റെ വശങ്ങളിലുള്ള വലിയ ചിറകുപയോഗിച്ചാണ് ഈ നടത്തം. സമുദ്ര ജീവികളെ പറ്റി പഠനം നടത്തുന്ന മിക്കി ചാർട്ടറിസ് എന്ന വ്യക്തിയാണ് നടന്നുനീങ്ങുന്ന ബാറ്റ്ഫിഷിന്റെ ദൃശ്യം പകർത്തിയത്.

ചെറിയ ഞണ്ടുകളും മീനുകളുമൊക്കെയാണ് ഷോർട് നോസ് ബാറ്റ്ഫിഷുകളുടെ ഭക്ഷണം. ഇര പിടിക്കുന്നതിനു വേണ്ടി തന്നെയാണ്  സാവധാനത്തിലുള്ള ഈ നടത്തവും. അല്ലാത്ത സമയത്ത് സാധാരണ മീനുകളെ പോലെ നീന്താനും ഇവയ്ക്കു സാധിക്കും. മുകളിൽ നിന്നുള്ള കാഴ്ചയിൽ ഇരുണ്ട നിറത്തിലുള്ള ഒരു മരച്ചീളാണെന്നേ ഇവയെ കണ്ടാൽ തോന്നുകയുള്ളൂ. എന്നാൽ കൂടുതൽ അടുത്തേക്ക് വരുന്നതോടെ ചുവന്ന നിറത്തിലുള്ള ചുണ്ടുകളും കാണാൻ സാധിക്കും. മണ്ണ് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഷോർട് നോസ് ബാറ്റ്ഫിഷുകൾ കൂടുതലായി കാണപ്പെടുന്നത്.  ഇത്തരം പ്രദേശങ്ങളിൽ അടിത്തട്ട് വ്യക്തമായി കാണാൻ  സാധിക്കാത്തതിനാൽ ഈ ഇനത്തിൽപ്പെട്ട മീനുകളെയും അത്രയെളുപ്പത്തിൽ കണ്ടു കിട്ടാറില്ല.

കരീബിയൻ മേഖലയാണ് ഇവയുടെ വാസസ്ഥലം. ഡീപ് സീ ബാറ്റ് ഫിഷ്, ഹാൻഡ്ഫിഷ്, വോക്കിംഗ് ഫിഷ് എന്നിങ്ങനെ പല പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. സാധാരണ മീനുകളിൽ നിന്നും വിപരീതമായി വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന മീൻ ചിറകുകളുമായി ഏകദേശം ത്രികോണാകൃതിയിലാണ് ഇവയുടെ രൂപം. വളർച്ചയെത്തിയ ഷോർട്ട് നോസ് ബാറ്റ് ഫിഷുകൾക്ക് 15 ഇഞ്ചിനടുത്ത്  നീളമുണ്ടാകും.

English Summary: Bizarre? Caribbean Fish Takes A Walk On The Ocean Floor

Show comments