പ്രകൃതിയിലെ ചില പ്രതിഭാസങ്ങൾ ഉത്തരമില്ലാത്ത ദുരൂഹത മാത്രം സമ്മാനിക്കുന്നവയാണ്. പറക്കും തളികകളുടെ ദർശനവും കൃഷിയിടങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വൃത്തഘടനയുമായിരുന്നു (ക്രോപ് സർക്കിൾസ്) ഇതുവരെ ഇതിന്റെ മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ താരം ഇവയൊന്നുമില്ല. മീറ്ററുകൾ ഉയരമുള്ള വെള്ളിയോ മറ്റു ലോഹമോ കൊണ്ടു നിർമിച്ച ഏകശിലാപാളികളാണ് (മോണോലിത്ത്) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചർച്ച. ഒരു കൂട്ടം കലാകാരൻമാരായിരുന്നു ഇതിനു പിന്നിൽ എന്ന് തെളിഞ്ഞതോടെ ദുരൂഹതയ്ക്ക് അവസാനമായിരിക്കുകയാണ്. 

ദി മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിയിൽ തുടർച്ചയായി ഏകശിലകളുടെ ചിത്രങ്ങളും അവയുടെ നിർമിതിയെക്കുറിച്ചുള്ള വിവരണങ്ങളും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം ഇവ 45000 ഡോളറിന് വിൽപനയ്ക്കും വച്ചു. ഇതുകണ്ട് സംശയം തോന്നിയവർ നിങ്ങളാണോ ഇതിനു പിന്നിൽ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. അതിനവർ നൽകിയ മറുപടിയാണ് ഏകശിലകൾക്കു പിന്നിലുള്ള ദുരൂഹത നീക്കിയത്. ‘നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അത് ശരിയായിരിക്കാം’ എന്നാണ് ഇവർ പേജിൽ നൽകിയ മറുപടി.  മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റിന്റെ സ്ഥാപകനായ മാറ്റി മോ ഏകശിലകൾ ഉണ്ടാക്കി നൽകുന്നുണ്ടെന്ന് കാര്യം വ്യക്തമാക്കിയെങ്കിലും കൂടുതലൊന്നും തുറന്നുപറയാൻ തയാറായിട്ടില്ല. എന്നാൽ മോസ്റ്റ് ഫേമസ് ആർട്ടിന്റെ തന്ത്രങ്ങൾ തുടരുമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഏതെങ്കിലും കമ്പനികളുടെ വിപണന തന്ത്രമായതിനാലാവാം കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തതെന്നാണ് നിഗമനം.

ആദ്യം യുഎസിലെ യൂട്ടായിലെ മരുപ്രദേശത്താണ് ഏകശില  പ്രത്യക്ഷപ്പെട്ടത്.നവംബർ 12ന് ഇതുവഴി പോയ ഹെലിക്കോപ്റ്റർ സംഘം ഇതു കണ്ടെത്തി. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ലോകശ്രദ്ധ ഇതു നേടി. കോവിഡിനെ പോലും അവഗണിച്ച് ആളുകൾ യൂട്ടായിലേക്ക് ഏകശില കാണാനായി ഒഴുകി.പന്ത്രണ്ടടിയോളം പൊക്കമുള്ളതായിരുന്നു ഈ ഏകശില.വിജനമേഖലയായ ഇവിടെ എങ്ങിനെ ഇങ്ങനൊരു ശില വന്നു എന്നതായിരുന്നു ആളുകളെ ഏറ്റവും അമ്പരപ്പിച്ച സംഗതി. 

പാറക്കെട്ടിലേക്ക് എങ്ങനെ ഇതിത്ര ഭംഗിയായി തുരന്നിറക്കി വച്ചു എന്നത് വേറൊരു സംശയം.ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചു.എന്നാൽ ഇവർ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.ചുരുക്കത്തിൽ പറഞ്ഞാൽ ആകെപ്പാടെ സംഭ്രമജനകമായ സംഭവങ്ങൾ.

യൂട്ടായ്ക്കു ശേഷം പിന്നീട് പാളി പ്രത്യക്ഷപ്പെട്ടത് യൂറോപ്യൻ രാജ്യമായ റുമേനിയയിലാണ്.അവിടെ നീംറ്റ് പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതനവും അൽപം നിഗൂഢതയുമൊക്കെയുള്ള കോട്ടയ്ക്കു സമീപമാണ് രണ്ടാമത്തെ ഏകശില പൊടുന്നനെ ഉയർന്നത്.എന്നാൽ യൂട്ടായിലെ ഏകശില പോലെ അത്ര ഫിനിഷിങ്ങും ഭംഗിയുമൊന്നും ഇതിനില്ലായിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കലിഫോർണിയയിൽ മറ്റൊരു പാളി പ്രത്യക്ഷപ്പെട്ടതാണു പുതിയ സംഭവം.മേഖലയിലെ പൈൻ മലമുകളിലാണ് ഇതു കണ്ടത്.വെള്ളികൊണ്ട് നിർമിച്ച നിലയിലായിരുന്നു ഈ പാളി.

ഇതെല്ലാം കൂടിയായതോടെ ഈ ശരത്കാലം മോണോലിത്തുകളുടെ സീസണാണെന്നു തോന്നുന്നെന്നാണു സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. ഇവ എവിടുന്നു വരുന്നു? എന്താണിവയുടെ പ്രത്യേകത? ആരാണ് ഇതിനു പിന്നിൽ? സോഷ്യൽ മീഡിയ എല്ലാം മറന്നു ചർച്ച തുടങ്ങി.അന്യഗ്രഹജീവികൾ കൊണ്ടു വന്നു സ്ഥാപിച്ചതാണെന്ന് ഒരു കൂട്ടർ ശക്തമായി വാദിച്ചപ്പോൾ, അതല്ല ഏതോ ഉപഗ്രഹത്തിൽ നിന്ന് അടർന്നു വീണതാണു യൂട്ടായിലെ ഏകശിലയെന്നായി മറ്റു ചിലർ. സ്റ്റാർട്രക്ക് പോലെ ഒട്ടേറെ സയൻസ് ഫിക്‌ഷൻ സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് യൂട്ടായിലെ മരുഭൂമി.അന്നു ചിത്രീകരണത്തിനുപയോഗിച്ച ഏതോ സാമഗ്രിയാകാം ഇതെന്നായിരുന്നു മറ്റൊരു വാദം.

എന്നാൽ അധികൃതർ സംശയിച്ചത് ഏതോ കലാകാരൻമാർ ഒപ്പിച്ച പണിയാണിതെന്നാണ്.വളരെ സവിശേഷതയുള്ള ഭൂഭാഗങ്ങളിൽ കലാനിർമിതികൾ സ്ഥാപിക്കുന്ന ‘ലാൻഡ് ആർട്’ എന്ന കലാശാഖ വളരെ പ്രശസ്തമാണ്. ഇത്തരത്തിലുള്ള ഒരു ലാൻഡ് ആർട്ടാകാം ഏകശിലകളെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.ആധുനിക കാലത്ത് മനുഷ്യരെ ഭീതിയിലാക്കിയ പല ക്രോപ്പ് സർക്കിളുകളും ഇത്തരത്തില്‍ ലാൻഡ് ആർട്ടിൽ താൽപര്യമുള്ളവരുടെ നമ്പറായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്.

ഏകശിലകൾക്ക് അമേരിക്കൻ പൊതുബോധത്തിൽ പ്രത്യേക ഒരു സ്ഥാനമുണ്ട്.1968ൽ പുറത്തിറങ്ങിയ 2001: സ്പേസ് ഒഡീസി എന്ന ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചിത്രവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്.പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ സർ ആർതർ സി. ക്ലാർക്ക് തിരക്കഥയെഴുതിയ സ്പേസ് ഒഡീസിയിൽ ഇത്തരം ഏകശിലകൾ പ്രധാന കഥാതന്തുവായി വരുന്നുണ്ട്.പക്ഷേ അവ കറുത്തപ്രതലമുള്ളവയാണെന്ന വ്യത്യാസം മാത്രം. ഭൂമിയിൽ ആദ്യകാലത്തു വസിച്ചിരുന്ന മനുഷ്യരിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്, അന്യഗ്രഹത്തിൽ നിന്നുള്ള ഈ ഏകശിലകൾ സ്വാധീനം ചെലുത്തിയെന്നാണു ചിത്രത്തിന്റെ കഥ.അതിനാൽ നിഗൂഢതയൽപം ശക്തമാക്കാൻ ലക്ഷ്യമിട്ടു തന്നെയാകാം ഏകശിലാപാളി തന്നെ തിരഞ്ഞെടുത്തത്. മാത്രമല്ല, ഈജിപ്തിൽ പിരമിഡ‍ുകളുടെ സമീപം കണ്ടെത്തിയിട്ടുള്ള ഒബെലിസ്കുകളും നിഗൂഢസിദ്ധാന്തക്കാരുടെ റഡാറിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. 

പ്രാചീന കാലത്ത് അന്യഗ്രഹജീവികൾ ഭൂമിയിലെത്തി നിർമിച്ചതാണ് ഈ ഒബലിസ്കുകൾ എന്നൊക്കെ വാദിക്കുന്നവരുമുണ്ട്. പ്രാചീന ഒബലിസ്കുകളുമായി സാമ്യമുള്ള ഏകശിലാ പാളി കൊണ്ട് ഇത്തരം നിഗൂഢസിദ്ധാന്തങ്ങളൊക്കെ ഒന്നു പൊടി തട്ടിയെടുക്കാനും ഇതു സ്ഥാപിച്ചവർ ലക്ഷ്യമിട്ടുകാണും. ഏതായാലും ഏകശിലാപാളികൾ ഹിറ്റായി കഴിഞ്ഞു. ഒട്ടേറെ കമ്പനികൾ പോലും തങ്ങളുടെ മാർക്കറ്റിങ് ക്യാംപെയിനുകളിൽ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഉപയോഗിച്ചു തുടങ്ങി. ഇത്തരം ഞെട്ടിക്കുന്ന കലാരൂപങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നാണ് കലാകാരൻമാർ നൽകുന്ന സൂചന.

English Summary: The hidden meaning in the mysterious monoliths appearing and disappearing around the world