തീയും പുകയും വമിപ്പിച്ച് ലാവയൊഴുക്കി കിലോയ; ലോകത്തിലെ ചൂടൻ അഗ്നിപർവതം പൊട്ടിത്തെറിച്ചു
ലോയ വീണ്ടും ക്ഷുഭിതനായിരിക്കുകയാണ്. ഹവായിയിലെ പ്രശസ്തമായ ഈ അഗ്നിപർവത്തിനു ചുറ്റും തീയും പുകയുമാണ്. ഒഴുകിയിറങ്ങുന്ന ലാവ സമീപത്തെ വൻകുഴികളിലെ വെള്ളവുമായി കലർന്ന് നീരാവിയുടെ മേഘങ്ങൾ ഉയർന്നു പൊങ്ങുന്ന കാഴ്ച അവിടെയുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ അഗ്നിപർവതത്തിന്റെ രോഷത്തിന്റെ ചിത്രങ്ങൾ വൈറലാണ്. ജനങ്ങളോടും വിനോദസഞ്ചാരികളോടും പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഹവായ്‌യിലുണ്ടായ ഒരു ഭൂകമ്പമാണ് കിലോയയെ ചൊടിപ്പിച്ചത്. 33 ബില്യൺ ഗാലൺ ലാവ പർവതം ഇത്തവണ ഇതുവരെ വമിപ്പിച്ചെന്നാണ് കണക്ക്. 2018ൽ ഒരു പൊട്ടിത്തെറിക്കു ശേഷം രണ്ടു വർഷമായി ഉറക്കത്തിലായിരുന്നു കിലോയ. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതം എന്ന പേരുള്ള കിലോയ 1983 മുതൽ കൃത്യമായ ഇടവേളകളിൽ തീതുപ്പുന്നുണ്ട്.
∙ പെയ്‌ലെയുടെ തീക്കുണ്ഡം
ലോക ടൂറിസ്റ്റ് ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുള്ള ദ്വീപസമൂഹമാണ് ഹവായ്. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപ് ‘ബിഗ് ഐലൻഡ്’ എന്നും ഹവായ് എന്നും അറിയപ്പെടുന്നു. 5 അഗ്നിപർവതങ്ങളാണ് ദ്വീപിന്റെ പിറവിക്ക് കാരണമായത്. ഇവയിൽ ചിലത് ഇപ്പോൾ നിർജീവ അവസ്ഥയിലാണ്. ഹവായിയിലെ അഗ്നിപർവതങ്ങളെക്കുറിച്ച് ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. പോളിനേഷ്യയിൽനിന്നു ഹവായിയിൽ കുടിയേറ്റമുറപ്പിച്ച ഇപ്പോഴത്തെ ജനതയുടെ പൂർവികരാണ് ഈ ഐതിഹ്യം ഇവിടെ കൊണ്ടുവന്നത്. അവരുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്നിപർവതങ്ങളുടെ അധിപയാണ് പെയ്‌ലെ എന്ന ദേവത. മറ്റൊരു ദേവതയായ, തന്റെ മൂത്ത സഹോദരിയുടെ ഭർത്താവിനോട് ഇടയ്ക്കു പെയ്‌ലെയ്ക്ക് ഇഷ്ടം തോന്നുകയും അയാളെ വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഈ പ്രണയകഥ മൂത്ത സഹോദരി എങ്ങനെയോ അറിഞ്ഞു. അതോടെ പൊല്ലാപ്പായി, തന്നെ തേടിയെത്തിയ ക്ഷുഭിതയായ സഹോദരിയിൽനിന്നു രക്ഷനേടാൻ ഹവായിയിലേക്കാണ് പെയ്‌ലെ പുറപ്പെട്ടത്. എന്നാൽ ദ്വീപിൽ അക്കാലത്തു നല്ല തണുപ്പായിരുന്നു. ഇവിടെയെത്തിയ പെയ്‌ലെ തണുപ്പകറ്റാനായി തീകുണ്ഡങ്ങൾ കൂട്ടി. ഇവ പിന്നീട് അഗ്നിപർവതങ്ങളായി മാറി. പെയ്‌ലെ കൂട്ടിയ തീക്കുണ്ഡങ്ങൾ പിന്നീട് അഗ്നിപർവതങ്ങളായി മാറിയത്രേ. ഒട്ടേറെ അഗ്നിപർവതങ്ങൾ ദ്വീപിൽ ഉയർന്നെങ്കിലും പെയ്‌ലെയ്ക്ക് ഏറ്റവുമിഷ്ടം കിലോയയെ ആയിരുന്നു. തന്റെ ഇരിപ്പിടമായി അവർ ഇതിനെ തിരഞ്ഞെടുത്തു.
∙എപ്പോഴും ചൂടൻ
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപർവതങ്ങളിൽ മൗനലോയയാണ് എന്ന പർവതമാണ് ഏറ്റവും വമ്പൻ.മൗനലോയയുടെ നിഴലിൽ മറഞ്ഞിരുന്ന കിലോയയെപ്പറ്റി വിശദമായി പഠനം നടത്തിയതു വില്യം എല്ലിസ് എന്ന മിഷനറിയാണ്. മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ പഴക്കമുള്ളതാണ് കിലോയ നാലായിരത്തിലധികം അടി ഉയരമുള്ള പർവതത്തിന്റെ പേരിന്റെ അർഥം ‘എപ്പോഴും പ്രവഹിക്കുന്നത്’ എന്നാണ്.‘ഷീൽഡ് വോൾക്കനോ’ എന്ന വിഭാഗത്തിലാണ് കിലോയയുടെ സ്ഥാനം. ഇതിനു മുൻപ് 2018ൽ മേയിലായിരുന്നു കിലോയ ക്ഷുഭിതനായത്. അഗ്നിപർവതത്തിന്റെ രണ്ട് ഗർത്തങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും വീർത്തുയർന്നു. തുടർന്ന് വിസ്ഫോടനം. ലാവ ശക്തമായി പ്രവാഹച്ചിറങ്ങി.ആകാശം ചുവന്നു തുടുത്തു. ഹവായിയിലെ ജനവാസ മേഖലകളിൽ കനത്ത നാശമാണ് അന്നു സംഭവിച്ചത്. 700 വീടുകളോളം ഇതിൽ പൂർണമായോ ഭാഗികമായോ നശിച്ചെന്നാണു കണക്ക്. ഇതു കൂടാതെ വിനോദസഞ്ചാര മേഖലകൾ, റോഡുകൾ എന്നിവയൊക്കെ തകർന്നു. അയ്യായിരത്തോളം ആളുകൾ പലായനം ചെയ്തു.വിസ്ഫോടനത്തിനൊപ്പം തന്നെ ലേസ് എന്ന വിഷവാതകവും കിലോയ പ്രവഹിപ്പിച്ചിരുന്നു. ഗ്ലാസ്തരികളും ഹൈഡ്രോക്ലോറിക് ആസിഡും വിഷവസ്തുക്കളുമടങ്ങിയതാണ് ലേസ്.
നിത്യക്ഷുഭിതനായ കിലോയ
1840ലാണ് മുൻകാലത്ത് കിലോയ തീവ്രമായ രീതിയിൽ വിസ്ഫോടനം നടത്തിയത്. അന്നു മുപ്പതിലധികം കിലോമീറ്റർ നീളത്തിൽ ലാവ ശക്തിയായി പ്രവഹിച്ചു. തുടർന്ന് 1983 വരെയുള്ള കാലഘട്ടത്തിൽ ചെറിയ ഇടവേളകളെടുത്ത് പർവതം ഇടയ്ക്കിടെ പ്രക്ഷോഭിതനായി.കുറച്ചുനാൾ നീണ്ടു നിന്ന ഉറക്കത്തിനു ശേഷം 1983 ജനുവരിയിലാണ് കിലോയ വീണ്ടുമുണർന്നത്. അന്നു മുതൽ ഇന്നു വരെ പർവതത്തിന്റെ കലിയടങ്ങിയിട്ടില്ല. 1990ൽ ഒരു പൊട്ടിത്തെറിയിൽ ഹവായിയിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ മുഴുവനായി കിലോയയിൽ നിന്നുള്ള ലാവാപ്രവാഹം നശിപ്പിച്ചുകളഞ്ഞു. കാര്യം വില്ലനാണെങ്കിലും ഹവായിയിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ ചൂടൻ.
English Summary: Kilauea volcano erupts in Hawaii