രാജ്യങ്ങളെ വട്ടം കറക്കിയ വെട്ടുക്കിളികൾ; ഒരു ദിവസം തിന്നു തീർക്കുക ആറായിരം ആനകൾ കഴിക്കുന്ന ഭക്ഷണം!
കഴിഞ്ഞ വർഷം പ്രതിസന്ധികളുടെ വർഷമായിരുന്നെന്ന് ഇനി പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, കോവിഡ്, ചുഴലിക്കാറ്റ്, ഭൂകമ്പം അങ്ങനെ എത്രയോ പ്രശ്നങ്ങൾ.ഇക്കൂട്ടത്തിൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകരാറിലാക്കിയ സംഭവമായിരുന്നു പടിഞ്ഞാറു നിന്നു പറന്നു വന്ന വെട്ടുക്കിളികളുടെ ആക്രമണം. പഞ്ചാബിലെയും ഹരിയാനയിലെയും പാടങ്ങളിലെ വിളകൾ ഒരു ദാക്ഷിണ്യവുമില്ലാതെ ഇവ ശാപ്പിട്ടു. കർഷകരെ കടുത്ത സമർദ്ദത്തിലുമാക്കി. വെട്ടുക്കിളികള്‍ മനുഷ്യരെ കടിക്കുകയോ കുത്തുകയോ ഇല്ല, പക്ഷേ ഒട്ടേറെ പേരെ കനത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ ഇവയ്ക്ക് കഴിവുണ്ട്. ആരാണ് ഈ വെട്ടുക്കിളികൾ? ഇവ എവിടെ നിന്നു വരുന്നു? ഇവയെ നമുക്ക് നേരിടാൻ പറ്റുമോ?
∙ കൃഷിയിടങ്ങളുടെ വേട്ടക്കാരൻ
പുരാതന കാലഘട്ടം മുതൽ മനുഷ്യന് ഭീഷണിയായി വെട്ടുക്കിളികൾ പറന്നു നടക്കുന്നു. ബൈബിളിലൊക്കെ ഇവയെപ്പറ്റി പരാമർശമുണ്ട്. ഈജിപ്തിലെ ഫറവോമാരുടെ വലിയ പേടിസ്വപ്നമായിരുന്നു ഇവ. പുൽച്ചാടികളുടെ കുടുംബത്തിൽ പെട്ടവയാണ് വെട്ടുക്കിളികളും. ഒരുപക്ഷേ പുൽച്ചാടികളിലെ ഹൾക്ക് എന്ന് ഇവയെ നമുക്ക് വിശേഷിപ്പിക്കാം. വെട്ടുക്കിളികളെ സ്വഭാവമനുസരിച്ച് രണ്ടായി തിരിച്ചിട്ടുണ്ട്.ഏകാന്തരായവരും (സോളിട്ടറി), സമൂഹമായി നടക്കുന്നവരും (ഗ്രിഗേറിയസ്). ഉണക്ക് കാലത്തു ഭക്ഷണം ദുർലഭമാകുമ്പോൾ ഏകാന്തരായി നടക്കുന്ന വെട്ടുക്കിളികൾ കൂട്ടമായി കൂടി സമൂഹമാകും. ഈ ഇടകലരൽ ഇവയുടെ സ്വഭാവരീതിയിലും രൂപത്തിലും തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സ്ഥിരമുള്ള ഒറ്റനിറം മാറി, തവിട്ടും മഞ്ഞയുമുള്ള പലനിറങ്ങൾ ഇവയുടെ ശരീരത്തിൽ എത്തുകയും ഇവയുടെ തലച്ചോറുകൾ വലുതാകുകയും തുടങ്ങും. ഇതൊക്കെ കഴിഞ്ഞാൽ പിന്നീട് യാത്രയ്ക്കുള്ള തുടക്കമാണ്. അനേകം മനുഷ്യർക്ക് കണ്ണീർ സമ്മാനിക്കാനുള്ള യാത്ര.
∙നിറുത്താതെ പറക്കൽ
ഒറ്റദിവസം കൊണ്ട് നൂറിലേറെ കിലോമീറ്റർ പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.1954ൽ ഉത്തര ആഫ്രിക്കയിൽ നിന്നു ബ്രിട്ടൻ വരെ ഇവ പറന്നു പോയി .1988ൽ വെട്ടുക്കിളികൾ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നു കരീബിയൻ ദ്വീപുകളിലേക്കു കടലിനു മുകളിലൂടെ യാത്ര ചെയ്തത് ശാസ്ത്രജ്ഞരെ ഞെട്ടിച്ച സംഭവമാണ്. അയ്യായിരം കിലോമീറ്ററുകളാണ് 10 ദിവസം കൊണ്ട് ഇവ യാത്ര ചെയ്തത്. വെട്ടുക്കിളികളിൽ ഏറ്റവും ഭീകരർ ഡെസേർട്ട് ലോക്കസ് എന്ന ഇനമാണ്. എത്യോപ്യയും സൊമാലിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന മേഖലയിൽ ഉദ്ഭവിക്കുന്ന ഇവ മധ്യപൂർവമേഖലകൾ, ഏഷ്യയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. ഒരു ബാധയുണ്ടാകുമ്പോൾ ഇവ ഇന്ത്യയുൾപ്പെടെ ഏകദേശം അറുപതോളം രാജ്യങ്ങളിലേക്ക് പറന്നുചെല്ലാറുണ്ടെന്നാണു പറയപ്പെടുന്നത്. ലോകജനസംഖ്യയിൽ പത്തിലൊന്ന് ഇവയുടെ ഭീഷണിയിലാണത്രേ. ഏകദേശം ആലപ്പുഴ ജില്ലയുടെ അത്രയുമൊക്കെ വിസ്തീർണമുള്ള കൂട്ടങ്ങളായാണ് ഇവ പറക്കൽ നടത്തുന്നത്. 800 കോടിയോളം വെട്ടുക്കിളികൾ ഇത്തരം ഒരു കൂട്ടത്തിൽ ഉണ്ടാകും. ആറായിരം ആനകൾ കഴിക്കുന്ന ഭക്ഷണം ഇത്തരം ഒരു വെട്ടുക്കിളിക്കൂട്ടം ഒരു ദിവസം കൊണ്ട് തിന്നു തീർക്കും. മിക്ക രാജ്യങ്ങളും ഇവ മൂലം ദുരിതം അനുഭവിക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രതിസന്ധി ആഫ്രിക്കയിലാണ്.
∙എങ്ങനെ നേരിടും?
വിവിധതരം കീടനാശിനികൾ, പുകയ്ക്കൽ തുടങ്ങിയ രീതികളാണ് നിലവിൽ കീടനാശിനികളുടെ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.ഫിപ്രോനിൽ എന്ന കീടനാശിനി ഓസ്ട്രേലിയയിൽ ഇവയെ ചെറുക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ്. വെട്ടുക്കിളികളെ കൂട്ടമായി കൊന്നൊടുക്കാൻ ഇവയ്ക്കു ശേഷിയുണ്ടെങ്കിലും താഴെയുള്ള ഭൂമി മലിനമാകാതെ നോക്കണം. ആഫ്രിക്കയിൽ വലയെറിഞ്ഞ് വെട്ടുക്കിളികളെ പിടിക്കുകയും പിന്നീട് ഇവയെ വളമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈയിടെയായി നവീന സാങ്കേതികവിദ്യകളും വെട്ടുക്കിളികളെ നശിപ്പിക്കാനായി ഉപയോഗിക്കപ്പെടുന്നു.
കെനിയയിൽ ബ്രിട്ടന്റെ സഹായത്തോടെ ഒരു സൂപ്പർ കംപ്യൂട്ടർ വെട്ടുക്കിളികളെ നേരിടാനായി സ്ഥാപിച്ചിട്ടുണ്ട്. വെട്ടുക്കിളികളുടെ പ്രഭവകേന്ദ്രമായ ആഫ്രിക്കയിൽ ഇവ എവിടെല്ലാമുണ്ടെന്ന് ഉപഗ്രഹചിത്രങ്ങൾ വിലയിരുത്തി ഈ കംപ്യൂട്ടർ വിവരം നൽകും. തുടർന്ന് ഇവയെ നശിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളാനുള്ള ധനസഹായവും ബ്രിട്ടൻ ഈ മേഖലയിലെ ആഫ്രിക്കൻ രാജ്യങ്ങൾക്കു നൽകിയിട്ടുണ്ട്. ഡ്രോണുകളും വെട്ടുക്കിളികളെ നേരിടാൻ സഹായകമാകും. വെട്ടുക്കിളികൾ പ്രജനനം കഴിഞ്ഞ് വിരിഞ്ഞിറങ്ങുന്ന മേഖലയിൽ നിരീക്ഷണം നടത്തി ആവശ്യമെങ്കിൽ അവയെ അപ്പോൾ തന്നെ കീടനാശിനി തളിച്ച് നശിപ്പിക്കാൻ ഇതു സഹായകമാകും.
English Summary: How to handle locust attacks