കേരളത്തിൽ എത്ര കുറുക്കന്മാരുണ്ട് ?
കേരളത്തിൽ എത്ര കുറുക്കന്മാരുണ്ട്? മത്സരപ്പരീക്ഷയ്ക്കുള്ള ചോദ്യമല്ല. ഇതിന്റെ ഉത്തരം നിലവിൽ ലഭ്യവുമല്ല. അതിന്റെ അടിസ്ഥാനത്തിലാണു കേരളത്തിൽ എത്ര കുറുക്കന്മാരുണ്ടെന്നു കണ്ടെത്താൻ സർവേ നടത്തുന്നത്. അതിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. സർവേ തീരുമ്പോഴേക്കും ഏകദേശ കണക്കെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.
വനം വകുപ്പിന്റെ കയ്യിൽ കാട്ടാനകളുടെയും കടുവകളുടെയും പുലികളുടെയും പക്ഷികളുടെയുമെല്ലാം കണക്കുണ്ട്. അതിനായി ഇടയ്ക്കിടയ്ക്ക് സർവേയും നടത്താറുണ്ട്. എന്നാൽ, കുറുക്കനെ സംബന്ധിച്ചുള്ള പഠനമോ കണക്കെടുപ്പോ നടന്നിട്ടില്ല. അതു മനസ്സിലാക്കിയാണ് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ കുറുക്കന്മാരുടെ കണക്കെടുപ്പിനായി രംഗത്തിറങ്ങിയിരിക്കുന്നത്. കുറുക്കന്മാരെ കുറിച്ചു ശേഖരിക്കുന്ന വിവരം റിപ്പോർട്ടാക്കി വനം വകുപ്പിനു കൈമാറാനാണു തീരുമാനം.
കുറുക്കന്മാരുടെ കണക്കെടുപ്പിനു മുന്നോടിയായി ചോദ്യാവലി തയാറാക്കി ഓൺലൈൻ വഴിയാണു ആദ്യഘട്ട വിവര ശേഖരണം നടത്തുന്നത്. വിവിധ പ്രദേശങ്ങളിൽ കുറുക്കനെ വിളിക്കുന്ന ചെല്ലപ്പേരുകളും ചോദ്യാവലിയിൽ പരാമർശിച്ചിട്ടുണ്ട്. കുറുക്കൻ/ഊളൻ/കുറുനരി എന്നിങ്ങനെ അറിയപ്പെടുന്ന നായ വിഭാഗത്തിൽപെട്ട ജീവിയെ കുറിച്ചു കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണു ചോദ്യാവലി തുടങ്ങുന്നത്.
തുടർന്ന്, കുറുക്കനെ കണ്ടിട്ടുണ്ടോ, അവസാനമായി കണ്ടത് എപ്പോഴാണ്, ഏതു പ്രദേശത്താണ്, മറ്റു പ്രദേശങ്ങളിൽ കണ്ടിട്ടുണ്ടോ, അവസാനം കാണുമ്പോൾ എത്രയെണ്ണമുണ്ടായിരുന്നു, കുറുക്കൻ ഓരിയിടുന്ന ശബ്ദം കേട്ടിട്ടുണ്ടോ, കുറുക്കൻ ഒരു ശല്യ മൃഗമാണെന്നു കരുതുന്നുണ്ടോ തുടങ്ങിയവയാണു ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ ഓൺലൈനായി പൂരിപ്പിച്ച് അയച്ചു കൊടുക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വിശദ വിവരങ്ങൾ ശേഖരിക്കുക.
കുറുക്കൻ, കുറുനരി അല്ലെങ്കിൽ ഊളൻ എന്നു വിളിക്കുന്ന നായയുടെ വർഗത്തിൽപെട്ട ജീവിയെക്കുറിച്ചു കഥകളിലെങ്കിലും ധാരാളം കേട്ടിട്ടുള്ളവരാണു മലയാളികൾ. നമ്മുടെ നാട്ടിലെല്ലാം ഒരു കാലത്ത് ഇവയെ സുലഭമായി കണ്ടിരുന്നു. കാണാത്തവരുണ്ടാകാമെങ്കിലും അവയുടെ ഓരിയിടൽ കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. എന്നാൽ ഇന്ന് ഇവയെ വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണാറുള്ളൂ.
ചിലയിടങ്ങളിൽ ഇപ്പോഴും ഇവ ധാരാളമുണ്ടെങ്കിലും എല്ലായിടത്തും അങ്ങനെ ആയിക്കൊളണമെന്നില്ല. എവിടെയൊക്കെ ഇവയെ ഇപ്പോളും കാണുന്നുണ്ട് അല്ലെങ്കിൽ പണ്ട് കണ്ടിരുന്നു എന്ന് എല്ലാവരും അവരവരുടെ ചുറ്റുപാടിലെ വിവരങ്ങൾ നൽകിയാൽ ഇവയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. ഇതിനെ അടിസ്ഥാനമാക്കി കുടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്താനാണ് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്നു സർവേക്കു നേതൃത്വം നൽകുന്ന പീച്ചി വനഗവേഷണ സ്ഥാപനം മുൻ ഡയറക്ട്‍ ഇൻ ചാർജ് ഡോ.പി.എസ്.ഈസ പറഞ്ഞു.
കുറുക്കൻ നാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്നുണ്ടോ, ഉണ്ടെങ്കിൽ അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ കുറുക്കൻ പോയതുകൊണ്ട് നാട്ടിൻ പുറങ്ങളിൽ എന്താണു സംഭവിക്കുക തുടങ്ങിയ ഏറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണു സർവേ. ഒരു ജീവി അപ്രത്യക്ഷമാകുമ്പോൾ അതിന്റെ പ്രതിഫലനം പ്രകൃതിയിൽ ഉണ്ടാകും. കുറുക്കന്റെ കാര്യത്തിൽ അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കൂടി പഠനത്തിൽ ഉൾപ്പെടുത്തുമെന്ന് ഈസ പറഞ്ഞു. കുറുക്കൻ എവിടെയുണ്ട്, എത്രയുണ്ട് എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. അതുകണ്ടെത്താനാണു സർവേക്കു നേതൃത്വം നൽകുന്നതെന്ന് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ഈസ വ്യക്തമാക്കി.
കുറുക്കനെ കുറിച്ചുള്ള ഓൺലൈൻ സർവേയിൽ പങ്കെടുക്കാനുള്ള ലിങ്ക്:
https://aranyakam.org/kurukkan
English Summary: Fox survey begins