സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച തണൽമരത്തിന് ചികിത്സ!
കാഞ്ഞിരപ്പള്ളി - പാറത്തോട് ടൗണിൽ കെ.കെ.റോഡിനു സമീപം സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച 13 വർഷം പ്രായമുള്ള ബദാം ഇനത്തിൽ പെട്ട തണൽമരത്തിന് വൃക്ഷചികിത്സ നൽകി. വൃക്ഷവൈദ്യൻ കെ. ബിനുവും, ഗോപകുമാർ കങ്ങഴയും ചേർന്നാണ് ചികിത്സ നൽകിയത്. എള്ള് - കദളിപ്പഴം - നാടൻ പശുവിന്റെ പാൽ, ചാണകം, നെയ്യ് ,ചെറുതേൻ, കണ്ടത്തിൽ നിന്നെടുത്ത മണ്ണ്, ചിതൽ പുറ്റ് ,സ്ഥലത്തെ മണ്ണ്, അങ്ങാടി മരുന്നുകൾ എന്നിവ വെള്ളം തൊടാതെ കുഴച്ചെടുത്ത മരുന്ന് കൂട്ട് മരത്തിൽ തേച്ച് പിടിപ്പിച്ചായിരുന്നു ചികിത്സ. അതിനു ശേഷം കോട്ടൺ തുണികൊണ്ട് പൊതിഞ്ഞ് ആറ് മാസം അതേ വിധം നിർത്തുകയാണ് പതിവ്.
ജില്ലയിൽ വരൾച്ച വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളില്‍ മരത്തിനു ചുവട്ടിൽ മാലിന്യം, കരിയില തുടങ്ങിയവ കത്തിക്കുന്നത് വൃക്ഷങ്ങൾക്ക് അപകടമുണ്ടാക്കും. വൃക്ഷത്തിന്റെ ചുവട്ടിൽ തീയിടുന്നതിൽ നിന്നും ജനങ്ങൾ പിൻതിരിയണമെന്നും മരത്തിന്റെ മൂല്യം മനസ്സിലാക്കണമെന്നും വൃക്ഷ വൈദ്യനും പരിസ്ഥിതി ബോർഡ് അംഗവുമായ കെ.ബിനു അഭ്യർത്ഥിച്ചു. കേരളത്തിനകത്തും പുറത്തുമായി 60-ൽ പരം കേടു സംഭവിച്ചതും, ഇടിവെട്ടിയതും, .തീപിടിച്ചതുമായ മരങ്ങൾക്ക് ഇതിനൊടകം ചികിത്സ നൽകിക്കഴിഞ്ഞു.
ചികിത്സയോടനുബന്ധിച്ചു നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. പാറത്തോട് പബ്ളിക്ക് ലൈബ്രറി ഭാരവാഹികളായ റ്റി എ സെയിനില്ല, സുരേന്ദ്രൻ കൊടിത്തോട്ടം,നാസ്സർ മുണ്ടക്കയം, വിപിൻ രാജു, ഷാജി പാടിയ്ക്കൽ, ശശി പാറത്തോട് എന്നിവർ പ്രസംഗിച്ചു.