1971 ജനുവരി 31നായിരുന്നു ചന്ദ്രനിലേക്ക് മനുഷ്യരെ മൂന്നാമതും എത്തിക്കാനുള്ള യുഎസിന്റെ അപ്പോളോ 14 ദൗത്യം പുറപ്പെട്ടത്. അതുവരെ ചന്ദ്രനിലെ താഴ്‍ന്ന പ്രദേശങ്ങളിലായിരുന്നു ചാന്ദ്രയാത്രികരുടെ ലാന്‍ഡിങ്. എന്നാൽ അപ്പോളോ 14 സംഘം ഇറങ്ങിയത് ചന്ദ്രനിലെ ഉയർന്ന മേഖലയിലായിരുന്നു. അലൻ ഷെപ്പാഡ്, എഗ്ഡാർ മൈക്കേൽ എന്നിവർക്കായിരുന്നു അതിനുള്ള നിയോഗം. സംഘത്തിൽ ഒരാൾ കൂടിയുണ്ടായിരുന്നു–സ്റ്റുവാർട്ട് റൂസ. എന്നാൽ അദ്ദേഹത്തിനു ചന്ദ്രനിൽ ഇറങ്ങാൻ സാധിച്ചില്ല. അലനും എഡ്ഗാറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തുമ്പോൾ ഒരു കമാൻഡ് മൊഡ്യൂളിൽ ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്നു സ്റ്റുവാർട്ട്. 

അപ്പോളോ 14 ദൗത്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ് ഈ വർഷം. ചന്ദ്രനിലേക്ക് ഇറങ്ങാനായില്ലെങ്കിലും സ്റ്റുവാർട്ടിനെ നാസ അർഹിക്കുന്ന അംഗീകാരം നൽകിയാണ് ആദരിച്ചത്. 1971 ദൗത്യത്തിൽ അദ്ദേഹത്തോടൊപ്പം ഒരു പെട്ടിയിൽ അഞ്ഞൂറോളം വൃക്ഷത്തൈകളുടെ വിത്തുണ്ടായിരുന്നു. സ്റ്റുവാർട്ടിന്റെ പഴ്സനൽ കിറ്റിൽ സൂക്ഷിച്ച അവ അദ്ദേഹത്തോടൊപ്പം 34 തവണ ചന്ദ്രനെ ചുറ്റി ബഹിരാകാശത്തു കറങ്ങി. പിന്നീട് ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്തു. ബഹിരാകാശത്ത ഭാരമില്ലായ്മ വിത്തുകളുടെ ഘടനയെ എങ്ങനെ ബാധിക്കുമെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 

ബഹിരാകാശത്തു കൃത്യമായി സംരക്ഷിക്കാനായെങ്കിലും വിത്തുകൾ ഭൂമിയിലെ സംഘത്തിനു കൈമാറിയതോടെ പ്രശ്നമായി. വിത്തുകൾ ‘ഡീകണ്ടാമിനേറ്റ്’ ചെയ്യുന്ന പ്രക്രിയയ്ക്കു വേണ്ടി പുറത്തെടുക്കുന്നതിനിടെ പെട്ടി പൊട്ടി ഭൂരിപക്ഷം വിത്തുകളും നശിച്ചു പോയി. ശേഷിച്ചവയിലേറെയും യുഎസിന്റെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടു, മറ്റുള്ളവ ലോകത്തിന്റെ പല ഭാഗങ്ങളിലും. ഇവയെ മൂൺ ട്രീകൾ അഥവാ ചാന്ദ്രമരങ്ങൾ എന്നാണു വിളിക്കുന്നത്. ബഹിരാകാശത്തുവച്ച് വിത്തുകൾക്ക് എന്തെങ്കിലും മാറ്റം വന്നോയെന്നും അത് മരങ്ങളുടെ വളർച്ചയിലോ സ്വഭാവത്തിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോയെന്നും പരിശോധിക്കുകയായിരുന്നു ഗവേഷകരുടെ അടുത്ത ലക്ഷ്യം. 

ഓരോ വിത്തിന്റെയും ഇരട്ട സഹോദരനെപ്പോലെ ഒരു വിത്ത് ഭൂമിയിലും സൂക്ഷിച്ചിരുന്നു. രണ്ടും ഒരുമിച്ചു നട്ടുവളർത്തി വ്യത്യാസം കണ്ടെത്താനായിരുന്നു നീക്കം.‌ എന്നാൽ നട്ടുപിടിപ്പിച്ച മരങ്ങൾക്ക് യാതൊരു പ്രത്യേകതയുമുണ്ടായിരുന്നില്ല. സാധാരണ മരങ്ങളെപ്പോലെ അവ വളർന്നു, പൂവിട്ടു, കായ്കളുണ്ടായി, പടർന്നുപന്തലിച്ചു. അപ്പോളോ പദ്ധതിയുടെയും സ്റ്റുവാർട്ടിന്റെയും ഓർമകളിലായിരുന്നു അവയെ നാസ വളർത്തിവലുതാക്കിയത്. പലപ്പോഴും അവയ്ക്കായി പ്രത്യേക ദിനാചരണങ്ങൾ വരെ സ്റ്റുവാർട്ടിന്റെ പേരിൽ നടന്നു. പിന്നീട് മറ്റെല്ലാവരെയും പോലെ നാസയും പതിയെ അതിനെപ്പറ്റി മറന്നു. 50 വർഷത്തിനിപ്പുറം ആ മറവിക്കു പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് യുഎസിന്റെ ബഹിരാകാശ ഏജൻസി. 

ലോകത്ത് എവിടെയെല്ലാമാണ് ഇപ്പോഴും മൂൺ ട്രീകളുള്ളതെന്ന് വ്യക്തമാക്കുന്ന മാപ്പാണ് നാസ പുറത്തുവിട്ടത്. ആകെ 83 മരങ്ങളുണ്ട് ഇന്ന്. അവയിലേറെയും യുഎസിൽ. രണ്ടെണ്ണം തെക്കേ അമേരിക്കയിൽ, ഒരെണ്ണം യൂറോപ്പിലും. റെഡ്‌വുഡ്, അത്തിമരം, പൈൻ മരം തുടങ്ങിയവയെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ 1970നു ശേഷം നട്ടുപിടിപ്പിച്ച അവയിൽ മൂന്നിലൊന്നു മരങ്ങളും നശിച്ചു പോയി. യുഎസ് വനംവകുപ്പിനായിരുന്നു മരങ്ങളുടെ ചുമതല. വളർന്നു വലുതാകുന്നതു വരെയായിരുന്നു സംരക്ഷണം. അപ്പോളോ പ്രോഗ്രാമിലെ എല്ലാ വിത്തുകളും ഒരുമിച്ചായിരുന്നില്ല നട്ടത്. ചിലതു നടാൻ പിന്നെയും വർഷങ്ങളെടുത്തു. 

ശാസ്ത്രത്തിൽ അമേരിക്ക എത്തിപ്പിടിച്ച ഉയരങ്ങളുടെ തിളങ്ങുന്ന പ്രതീകങ്ങളെന്നായിരുന്നു മൂൺ ട്രീകളെ വിശേഷിപ്പിച്ചിരുന്നത്. ഇടയ്ക്ക് വിസ്മൃതിയിലാണ്ടു പോയ ഇവയെ കണ്ടെത്തിപ്പിടിച്ചതാകട്ടെ മുൻ ആസ്ട്രോനട്ട് ഡേവിഡ് വില്യംസും. അദ്ദേഹം 1996ൽ മൂൺ ട്രീകളെയെല്ലാം തപ്പിപ്പിടിച്ചു കണ്ടെത്തി. തുടക്കത്തിൽ 22 മൂൺ ട്രീകളുടെ പട്ടികയാണു ലഭിച്ചത്. അതു പിന്നീട് 80 ആയി. അടുത്തിടെ മൂന്നെണ്ണം കൂടി കണ്ടെത്തി. ആകെ 83 എണ്ണം കണ്ടെത്തിയെങ്കിലും 21 എണ്ണം ഏറെക്കുറെ മൃതാവസ്ഥയിലായിരുന്നു. ഒരു പൈൻ മരം വൈറ്റ് ഹൗസിലും നട്ടിരുന്നു. ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും മരങ്ങൾ കണ്ടെത്തി. ഒരു മരം ജപ്പാനിലെ ചക്രവര്‍ത്തിക്കും സമ്മാനിച്ചിരുന്നു.

വാഷിങ്ടൻ സ്ക്വയറിലും യുഎസിലെ വിവിധ സർവകലാശാലകളിലും നാസയുടെ സെന്ററുകളിലുമെല്ലാം മരങ്ങളുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ മൂൺ ട്രീ നട്ടുപിടിപ്പിച്ചത് 1974ലാണെന്നും തിരിച്ചറിഞ്ഞു. മിസ്സിസ്സിപ്പിയിലെ ഒരു ഗേൾ സ്കൗട്ട് ക്യാംപിലായിരുന്നു അത്. ഇവയെല്ലാം അടയാളപ്പെടുത്തിയ മാപ് തയാറാക്കിയത് കലിഫോർണിയ സർവകലാശാലയിലെ ഡോ.മിഷേൽ തോബിയാസായിരുന്നു. മൂൺ ട്രീകളുടെ മാപ്പിങ്ങിനു പിന്നിൽ അദ്ദേഹത്തിനും പറയാനുണ്ടായിരുന്നു ഒരു കഥ. മിഷേലിന്റെ മുത്തച്ഛൻ ഉൾപ്പെടെയാണ്, അപ്പോളോ ദൗത്യം കഴിഞ്ഞു തിരിച്ചെത്തിയ മൂൺ ട്രീ വിത്തുകളെ തരംതിരിച്ചു വൃത്തിയാക്കി നടാൻ പാകത്തിലാക്കിയത്!

English Summary: Moon Trees Stand as Living Testaments to First Voyages to Moon