ഓസ്ട്രേലിയയുടെ കിഴക്കൻ കടൽത്തീരങ്ങളിൽ ചത്തടിഞ്ഞത് നൂറ്കണക്കിന് വിചിത്രജീവികൾ. അന്യഗ്രഹ ജീവികളെപ്പോലെ തോന്നിക്കുന്ന ഇവ ബ്ലൂ ഡ്രാഗൺ എന്നറിയപ്പെടുന്ന കടൽ ജീവികളാണെന്ന് മറൈൻ ബയോളജി വിദ്യാർഥിയായ ലോറൻസ് സ്കീലെ വ്യക്തമാക്കി. ശക്തമായ വടക്കുകിഴക്കൻ കാറ്റും വേലിയേറ്റവുമാകാം ഇവയെ കടൽത്തീരത്തെത്തിച്ച തെന്നാണ് നിഗമനം. സിഡ്നിയിലെ ലോങ് റീഫ് കടൽത്തീരത്താണ് നൂറ്കണക്കിന് ബ്ലൂ ഡ്രാഗണുകൾ ചത്തടിഞ്ഞത്. 

ഡ്രാഗണ്‍ എന്നു പറയപ്പെടുന്ന ജീവി ഭൂമിയില്‍ ജീവിച്ചിരുന്നോ എന്നു വ്യക്തമല്ല. പക്ഷേ ചൈനീസ് മിത്തുകളിലുള്ള ഈ ജീവികളെ പോലെ രൂപമുള്ള എന്തിനെയും ഡ്രാഗണ്‍ എന്ന പേരു ചേര്‍ത്ത് വിളിയ്ക്കാനാണ് മനുഷ്യര്‍ക്കിഷ്ടം. അതുകൊണ്ട് തന്നെയാണ് ആറ് ചിറകുകളും, കൂര്‍ത്ത തലയും നീണ്ട വാലുമുള്ള ഈ കടല്‍ ജീവിക്കും ബ്ലൂ ഡ്രാഗണ്‍ അഥവാ നീല ഡ്രാഗണ്‍ എന്ന പേര് ലഭിച്ചത്. തിളങ്ങുന്ന നീല നിറത്തിലുള്ള ഈ ജീവികള്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഒച്ച് വിഭാഗത്തില്‍ പെട്ടവയാണ്. ഇവയെ കയ്യിലെടുക്കരുതെന്ന് സന്ദര്‍ശകര്‍ക്ക് പ്രത്യേക മുന്നറിയിപ്പും ഉണ്ട്. കാരണം ഇവയുടെ നഖം ഉപയോഗിച്ചുള്ള കുത്ത് കിട്ടിയാല്‍ ജീവന്‍ പോകുന്ന വേദന ആയിരിക്കും.

ബ്ലൂ ഡ്രാഗണ്‍

Image Credit: Sahara Frost/Shutterstock

ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്നതാണ് ഈ ബ്ലൂ ഡ്രാഗണുകളുടെ ശാസ്ത്രീയ നാമം. ബ്ലൂ ഡ്രാഗണ്‍ , ഡ്രാഗണ്‍ സ്ലഗ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ജീവികള്‍ ന്യൂഡിബ്രാഞ്ച് വിഭാഗത്തില്‍ പെടുന്ന ഒച്ചുകളുടെ കൂട്ടത്തില്‍ പെട്ടവയാണ്. പുറംതോട് ഉപേക്ഷിക്കുന്ന ഒച്ചുകളുടെ വിഭാഗത്തെയാണ് നഗ്നമായ ഷെല്ലുകള്‍ ഉള്ളവ എന്ന അര്‍ത്ഥത്തില്‍ ന്യൂഡിബ്രാഞ്ച് എന്നു വിളിക്കുന്നത്. പൊതുവെ അപകടകാരിയല്ലെങ്കിലും ഈ സമയത്തെ ഇവയുടെ ഭക്ഷണ ശൈലിയാണ് ബ്ലൂ ഡ്രാഗണുകളെ തല്‍ക്കാലത്തേക്കെങ്കിലും മനുഷ്യര്‍ക്ക് അപകടകാരികളാക്കി മാറ്റുന്നത്.

അതീവ അപകടകാരികളായ പോച്ചുഗീസ് മാന്‍ ഒ വാര്‍ ജെല്ലിഫിഷ് പോലുള്ള വിഷാംശമുള്ള പല ജീവികളെയും ആണ് ഇവ ഭക്ഷിക്കാറുള്ളത്. അതിനാല്‍ തന്ന ഇത്തരം ജീവികളില്‍ നിന്നുള്ള വിഷാംശം ഇവയുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഈ വിഷം വേട്ടയാടുന്ന സമയത്ത് നഖങ്ങളിലൂടെ ഇവ പുറന്തള്ളുകയും ചെയ്യും. ഇത് തന്നെയാണ് ഇവയെ മനുഷ്യര്‍ക്കും അപകടകാരിയാക്കി മാറ്റുന്നത്. കാഴ്ചയിലുള്ള സൗന്ദര്യം നിമിത്തം ആരെങ്കിലും കയ്യിലെടുത്താല്‍ നഖം കൊണ്ട് ഇവ ഏല്‍പ്പിക്കുന്ന മുറിവലൂടെ വിഷം മനുഷ്യരിലേക്കും അനായായാസമെത്തും.

മനുഷ്യര്‍ക്ക് അതീവ അപകടകരമായ അവസ്ഥ തന്നെ സൃഷ്ടിക്കാന്‍ ഇങ്ങനെ നീല ഡ്രാഗണിലൂടെ എത്തുന്ന വിഷത്തിനു സാധിയ്ക്കും. 3 സെന്‍റീമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഇവയെ കണ്ടാല്‍ അപകടകാരികളാണെന്ന് തോന്നാത്തതിനാല്‍ പലരും കയ്യിലെടുത്ത് അപകടം വിളിച്ചു വരുത്താറുണ്ട്. അതിനാല്‍ തന്നെ ഇത്തവണ ഇവയെ കൂട്ടത്തോടെ കാണാന്‍ എത്തുന്നവര്‍ക്കായി വ്യാപകമായ മുന്നറിയിപ്പുകളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

English Summary: Alien-like sea creatures are washing up on Australian beaches in Sydney, Northern Beaches