ഓസ്ട്രേലിയയുടെ കിഴക്കൻ കടൽത്തീരത്തടിഞ്ഞ വിചിത്ര കടൽജീവികളുടെ ദൃശ്യം കൗതുകമാകുന്നു. അന്യഗ്രഹ ജീവികളെപ്പോലെ തോന്നിക്കുന്ന ബ്ലൂ ഡ്രാഗൺ, ചത്താലും ആളെക്കൊല്ലാൻ ശേഷിയുള്ള ബ്ലൂബോട്ടിലുകൾ, ബ്ലൂ ബട്ടനുകൾ, വയലറ്റ് സ്നെയ്ൽ എന്നറിയപ്പെടുന്ന ഒച്ചുകൾ എന്നിവയാണ് കൂട്ടത്തോടെ തീരത്തടിഞ്ഞത്. മറൈൻ ബയോളജി വിദ്യാർഥിയായ ലോറൻസ് സ്കീലെയാണ് ഇവയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ശക്തമായ വടക്കുകിഴക്കൻ കാറ്റും വേലിയേറ്റവുമാകാം ഉൾക്കടലിൽ വസിക്കുന്ന ഇവയെ കടൽത്തീരത്തെത്തിച്ചതെന്നാണ് നിഗമനം. 

ഡ്രാഗണ്‍ എന്നു പറയപ്പെടുന്ന ജീവി ഭൂമിയില്‍ ജീവിച്ചിരുന്നോ എന്നു വ്യക്തമല്ല. പക്ഷേ ചൈനീസ് മിത്തുകളിലുള്ള ഈ ജീവികളെ പോലെ രൂപമുള്ള എന്തിനെയും ഡ്രാഗണ്‍ എന്ന പേരു ചേര്‍ത്ത് വിളിയ്ക്കാനാണ് മനുഷ്യര്‍ക്കിഷ്ടം. അതുകൊണ്ട് തന്നെയാണ് ആറ് ചിറകുകളും, കൂര്‍ത്ത തലയും നീണ്ട വാലുമുള്ള ഈ കടല്‍ ജീവിക്കും ബ്ലൂ ഡ്രാഗണ്‍ അഥവാ നീല ഡ്രാഗണ്‍ എന്ന പേര് ലഭിച്ചത്. തിളങ്ങുന്ന നീല നിറത്തിലുള്ള ഈ ജീവികള്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഒച്ച് വിഭാഗത്തില്‍ പെട്ടവയാണ്. ഇവയെ കയ്യിലെടുക്കരുതെന്ന് സന്ദര്‍ശകര്‍ക്ക് പ്രത്യേക മുന്നറിയിപ്പും ഉണ്ട്. കാരണം ഇവയുടെ നഖം ഉപയോഗിച്ചുള്ള കുത്ത് കിട്ടിയാല്‍ ജീവന്‍ പോകുന്ന വേദന ആയിരിക്കും.

ബ്ലൂ ഡ്രാഗണ്‍

ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്നതാണ് ഈ ബ്ലൂ ഡ്രാഗണുകളുടെ ശാസ്ത്രീയ നാമം. ബ്ലൂ ഡ്രാഗണ്‍ , ഡ്രാഗണ്‍ സ്ലഗ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ജീവികള്‍ ന്യൂഡിബ്രാഞ്ച് വിഭാഗത്തില്‍ പെടുന്ന ഒച്ചുകളുടെ കൂട്ടത്തില്‍ പെട്ടവയാണ്. പുറംതോട് ഉപേക്ഷിക്കുന്ന ഒച്ചുകളുടെ വിഭാഗത്തെയാണ് നഗ്നമായ ഷെല്ലുകള്‍ ഉള്ളവ എന്ന അര്‍ത്ഥത്തില്‍ ന്യൂഡിബ്രാഞ്ച് എന്നു വിളിക്കുന്നത്. പൊതുവെ അപകടകാരിയല്ലെങ്കിലും ഈ സമയത്തെ ഇവയുടെ ഭക്ഷണ ശൈലിയാണ് ബ്ലൂ ഡ്രാഗണുകളെ തല്‍ക്കാലത്തേക്കെങ്കിലും മനുഷ്യര്‍ക്ക് അപകടകാരികളാക്കി മാറ്റുന്നത്.

അതീവ അപകടകാരികളായ പോച്ചുഗീസ് മാന്‍ ഒ വാര്‍ ജെല്ലിഫിഷ് പോലുള്ള വിഷാംശമുള്ള പല ജീവികളെയും ആണ് ഇവ ഭക്ഷിക്കാറുള്ളത്. അതിനാല്‍ തന്ന ഇത്തരം ജീവികളില്‍ നിന്നുള്ള വിഷാംശം ഇവയുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഈ വിഷം വേട്ടയാടുന്ന സമയത്ത് നഖങ്ങളിലൂടെ ഇവ പുറന്തള്ളുകയും ചെയ്യും. ഇത് തന്നെയാണ് ഇവയെ മനുഷ്യര്‍ക്കും അപകടകാരിയാക്കി മാറ്റുന്നത്. കാഴ്ചയിലുള്ള സൗന്ദര്യം നിമിത്തം ആരെങ്കിലും കയ്യിലെടുത്താല്‍ നഖം കൊണ്ട് ഇവ ഏല്‍പ്പിക്കുന്ന മുറിവലൂടെ വിഷം മനുഷ്യരിലേക്കും അനായായാസമെത്തും.

മനുഷ്യര്‍ക്ക് അതീവ അപകടകരമായ അവസ്ഥ തന്നെ സൃഷ്ടിക്കാന്‍ ഇങ്ങനെ നീല ഡ്രാഗണിലൂടെ എത്തുന്ന വിഷത്തിനു സാധിയ്ക്കും. 3 സെന്‍റീമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഇവയെ കണ്ടാല്‍ അപകടകാരികളാണെന്ന് തോന്നാത്തതിനാല്‍ പലരും കയ്യിലെടുത്ത് അപകടം വിളിച്ചു വരുത്താറുണ്ട്. അതിനാല്‍ തന്നെ ഇത്തവണ ഇവയെ കൂട്ടത്തോടെ കാണാന്‍ എത്തുന്നവര്‍ക്കായി വ്യാപകമായ മുന്നറിയിപ്പുകളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

ആളെക്കൊല്ലാൻ ശേഷിയുള്ള ബ്ലൂബോട്ടിലുകൾ

ഓസ്ട്രേലിയയിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകളും എത്തിയിട്ടുണ്ട്. കനത്ത വടക്കുകിഴക്കൻ കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം. സിഡ്നി തീരത്തും ബ്ലൂബോട്ടിലുകൾ അടിഞ്ഞിട്ടുണ്ട്. ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട്!

ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ. പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു. ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും (ഫിസാലിയ ഫിസാലിസ്–Physalia physalis) ഇൻഡോ–പസഫിക് (ഫിസാലിയ യുട്രിക്കുലസ്– Physalia utriculus) വിഭാഗക്കാരും. അറ്റ്ലാന്റിക് സമുദ്രത്തിലും പസഫിക്– ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ. പക്ഷേ ഇൻഡോ–പസഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത്. 

വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം. ടെന്റക്കിളുകളെപ്പോലെ ആകൃതിയുള്ള ‘പോളിപ്സ്’ എന്ന ഒരുകൂട്ടം ജീവികള്‍ ‘ബലൂണിനു’ താഴെ കൂടിച്ചേർന്ന് കോളനിയായി ഒരൊറ്റ ജീവിയെപ്പോലെ ജീവിക്കുന്നതു കൊണ്ടാണ് ജെല്ലിഫിഷുകളെന്ന് ഇവയെ വിളിക്കാൻ ഗവേഷകർ മടിക്കുന്നത്. ജെല്ലിഫിഷ് എന്നാൽ ഒരൊറ്റ ജീവിയാണല്ലോ! പക്ഷേ പലതരക്കാരാണെങ്കിലും ഒരൊറ്റ ‘യൂണിറ്റ്’ ആയി നിന്ന് ഇരതേടുകയാണ് ഇവയുടെ സ്വഭാവം. അതായത് ഇരതേടുന്ന കാര്യത്തിൽ അവയുടെ സ്വഭാവം ശരീരകോശങ്ങളും കലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു ജലജീവിയെയും പോലെത്തന്നെയാണ്. 

സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്. അറ്റ്ലാന്റിക്കിൽ കാണപ്പെടുന്നവയുടെ ‘വായു അറയ്ക്ക്’ 12 ഇ‍ഞ്ച് വരെ വലുപ്പമുണ്ടാകും. ഇൻഡോ–പസഫിക്കിനാകട്ടെ ആറിഞ്ചു വരെയും. ഇരുവിഭാഗം ബ്ലൂബോട്ടിലുകളും കൂട്ടത്തോടെയാണു സഞ്ചരിക്കുക.

ബ്ലൂ ബോട്ടിലുകളുടെ ശരീര ഘടന ഇങ്ങനെയാണ്: വായു നിറഞ്ഞ ഒരു തരം ‘പോളിപ്’ ആണ് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുക. ഗാസ്ട്രോസൂയിഡുകൾ, ഗോണോസൂയിഡുകൾ, ഡക്ടിലോസൂയിഡുകൾ എന്നീ തരം പോളിപുകളാണ് ‘ബലൂണിനു’ താഴെയുണ്ടാകുക. വെള്ളത്തിലെ ഇരകളെ കണ്ടെത്തി അവയെ ആക്രമിക്കേണ്ട ചുമതല  ഡക്ടിലോസൂയിഡിനാണ്. അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ (cnidocytes) ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്.  ശേഷം അവയെ ഗാസ്ട്രോസൂയിഡുകൾക്ക് എത്തിച്ചുകൊടുക്കും. അവയാണ് ബ്ലൂബോട്ടിലുകളും വായും ദഹനത്തിനു സഹായിക്കുന്നതുമായ പോളിപുകൾ. പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതാണ് (മുട്ടയിടാനും ബീജത്തെ പുറംതള്ളാനും) ഗോണോസൂയിഡുകൾ.

കാറ്റിലും മറ്റും പെട്ട് കൂട്ടം തെറ്റുന്ന ബ്ലൂ ബോട്ടിലുകളാണ് പലപ്പോഴും ബീച്ചുകളിൽ എത്തിപ്പെടുന്നത്. ഓസ്ട്രേലിയൻ ബീച്ചുകളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് യുട്രിക്കുലസുകൾ. ഇവിടെ ഇവയുടെ വിഷം നിറഞ്ഞ ‍ടെന്റക്കിളിന് ഏതാനും സെന്റിമീറ്റർ മുതൽ മീറ്ററു കണക്കിന് നീളം വരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക്കുകളുടെയത്ര ദോഷകരമല്ലെങ്കിലും കുത്തേറ്റാൽ ഒരു മണിക്കൂറിലേറെ വേദനയുണ്ടാകും. കൈകളിലെയും കാലുകളിലെയും ‘ലിംഫ്’ ഗ്രന്ഥികളെയാണ് വിഷം ബാധിക്കുക. എന്തായാലും കാണാൻ ഭംഗിയുണ്ടെങ്കിലും അപകടകാരികളാണ് കടൽത്തീരത്തടിഞ്ഞിരിക്കുന്ന ഈ ജീവികളെല്ലാം. അതുകൊണ്ട് തന്നെ ഇവയിൽ നിന്ന് അകലം പാലിക്കാനാണ് അധികൃതർ നൽകുന്ന നിർദേശം.

English Summary: Blue dragon nudibranchs and bluebottles invade Australia’s east coast beaches