സമുദ്രതാപനിലയിലെ വർധനവ്; ശക്തമായ കാറ്റുകൾ അതിതീവ്ര ചുഴലിക്കാറ്റാകാൻ കുറഞ്ഞ സമയം,റിപ്പോർട്ട്
ഇന്ത്യൻ മഹാ സമുദ്രത്തിലെയും അറബിക്കടലിലെയും അതിതീവ്ര ചുഴലിക്കാറ്റുകൾക്കു കാരണം സമുദ്ര താപനിലയിലെ വർധനവെന്നു പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി(ഐഐടിഎം) പഠനം. ശക്തമായ കാറ്റുകൾ അതിതീവ്ര ചുഴലിക്കാറ്റാകാൻ കുറഞ്ഞ സമയം(റാപ്പിഡ് ഇന്റൻസിഫിക്കേഷൻ) മതിയെന്നും പഠനത്തിൽ പറയുന്നു. നിലവിൽ ചുഴലിക്കാറ്റുകളെക്കുറിച്ചു പഠിക്കുന്ന മാതൃകകളിൽ സമുദ്രങ്ങളുടെ ഉപരിതല താപനില മാത്രമേ കണക്കിലെടുക്കുന്നുള്ളു. ഉപരിതലത്തിനു താഴെയുള്ള താപനില കൂടി പഠന വിധേയമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണു പുതിയ പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. ലോകത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ 6% ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയും ബംഗാൾ ഉൾക്കടലും അറബിക്കടലുമുൾപ്പെടുന്ന മേഖലയിലാണ്. എന്നാൽ ചുഴലിക്കാറ്റു മൂലമുള്ള 80 % മരണങ്ങളും ഈ മേഖലയിലാണെന്നാണു കണക്കുകൾ.
∙ റാപ്പിഡ് ഇന്റൻസിഫിക്കേഷൻ
ന്യൂന മർദാവസ്ഥയിലുള്ള ഒരു കാറ്റ് ചുഴലിക്കാറ്റാവുകയും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ സൂപ്പർ സൈക്ലോൺ ഘട്ടത്തിലേക്കു വേഗം കൂടാനും സമുദ്ര താപനിലയിലെ ചൂടേറുന്നത് കാരണമാകുന്നു. ആഗോളതാപനത്തിന്റെ അനന്തര ഫലങ്ങൾ സമുദ്ര താപനിലയെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചുഴലിക്കാറ്റുകൾ അവയുടെ ഊർജം വലിച്ചെടുക്കുന്നത് സമുദ്രത്തിൽ നിന്നാണ്. കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറംതള്ളലും സമുദ്രങ്ങൾക്കു ചൂടേറാനും കാരണമാകുന്നു.
∙ചൂടേറുന്ന ഇന്ത്യൻ മഹാസമുദ്രം
ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്നതിനാൽ ഏറ്റവുമധികം ചൂടുള്ളത് ഇന്ത്യൻ മഹാ സമുദ്രത്തിനാണ്. ഇതോടൊപ്പം താപനിലയിലെ വർധനവ് കൂടുതൽ രേഖപ്പെടുത്തുന്നതും ഇവിടെത്തന്നെ. അറബിക്കടലിലും സമാനമായ സാഹചര്യമുണ്ട്. ശക്തിയേറിയ ചുഴലിക്കാറ്റുകൾ ഈ മേഖലയിൽ രൂപപ്പെടാനിടയുണ്ടെന്ന് ‘നേച്ചർ’ മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഐഐടിഎം ഗവേഷക വിദ്യാർഥിയായ വിനീത് കുമാർ സിങ്, കാലാവസ്ഥാ ശാസ്ത്രജ്ഞരായ റോക്സി മാത്യു കോൾ, മേധ ദേശ്പാണ്ഡെ എന്നിവരും പഠനത്തിന്റെ ഭാഗമായി.
∙ ആയുസ് വർധിച്ച് ചുഴലിക്കാറ്റുകൾ
ചുഴലിക്കാറ്റുകൾ കൂടുതൽ സമയം നീണ്ടു നിൽക്കുന്ന പ്രതിഭാസവും പുതിയ പഠനങ്ങളിൽ വ്യക്തമായി. സാധാരണ 4 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചുഴലിക്കാറ്റുകളുടെ ദൈർഘ്യം ഫാനി ചുഴലിക്കാറ്റിന്റെ കാര്യത്തിൽ 8 ദിവസമായിരുന്നു. നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വേഗം കൈവരിക്കുന്ന ചുഴലിക്കാറ്റുകളുടെ കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയെന്നത് വെല്ലുവിളിയാണെന്ന് ഐഐടിഎം പൂനെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ കോട്ടയം ഭരണങ്ങാനം സ്വദേശി റോക്സി മാത്യു കോൾ പറഞ്ഞു.
∙ ഓഖിയും ഫാനിയും
–ഓഖി – 1925നു ശേഷം ലക്ഷദ്വീപ് കടലിലുണ്ടായ ആദ്യ അതിതീവ്ര ചുഴലിക്കാറ്റായിരുന്നു ഓഖി. 2017 നവംബർ 29നാണ് ഓഖി ഡിപ്രഷൻ ഘട്ടത്തിലെത്തിയത്. കന്യാകുമാരിക്ക് തെക്കായിരുന്ന ഓഖി പിന്നീട് പടിഞ്ഞാറേക്കു നീങ്ങി. ഡിസംബർ 1ന് 65 നോട്ട് വേഗമാർജിച്ച് ഓഖി തീവ്ര ചുഴലിക്കാറ്റായി മാറി. തെക്കു–കിഴക്കൻ അറബിക്കടലിലൂടെ വടക്കു ഭാഗത്തേക്ക് നീങ്ങി. ഡിസംബർ 2ന് പരമാവധി വേഗമായ 85 നോട്ടിലെത്തി. വടക്കു പടിഞ്ഞാറേക്ക് ദിശയിൽ ചെറിയ വ്യതിയാനം വന്നിരുന്നു. ( 1 നോട്ട് – 1.852 കിലോമീറ്റർ/ മണിക്കൂർ) ഡിസംബർ 5നാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത്.
മാഡെൻ ജൂലിയൻ ഓസിലേഷനും(ഇന്ത്യൻ–പസഫിക് സമുദ്രങ്ങളിലെ ചൂടേറിയ മേഖലകൾക്കു മുകളിലൂടെ കിഴക്കു ഭാഗത്തേക്കു നീങ്ങുന്ന മേഘങ്ങൾ) തെക്കു–കിഴക്കൻ അറബിക്കടലിലെ ഉയർന്ന താപനിലയും കാറ്റിന്റെ തീവ്രത വർധിക്കാൻ കാരണമായി. ഓഖി ചുഴലിക്കാറ്റിന്റെ കാര്യത്തിൽ വിവിധ ഘട്ടങ്ങളിലായി 2 തവണ അതിവേഗ വർധനയുണ്ടായെന്നും 5 ദിവസം കാറ്റ് ശക്തമായി നിലനിന്നെന്നും റോക്സി മാത്യു കോൾ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ കാറ്റിന് 55 കിലോമീറ്റർ വേഗം വർധിച്ചാൽ പെട്ടെന്നു വേഗമേറുന്ന വിഭാഗത്തിൽ പെടുത്താം. നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് ഈ മാറ്റം തിരിച്ചറിയാനാകില്ല. ഇതു രക്ഷാ മുന്നൊരുക്കങ്ങളെ ഇതു ബാധിക്കാനും സാധ്യതയുണ്ട്.
ഫാനി – 1990നു ശേഷം 4 പ്രധാന ചുഴലിക്കാറ്റുകളാണ് പ്രീ മൺസൂൺ(മാർച്ച്–മേയ്) കാലത്ത് ഉണ്ടായത്. 100 നോട്ടിലധികം വേഗമുള്ളവ. 2019 ഏപ്രിൽ 26നാണ് ഭൂമധ്യ രേഖയോടടുത്ത് ഫാനി രൂപപ്പെട്ടത്. അതിവേഗം കരുത്താർജിച്ച ഫാനിയുടെ വേഗം 115 നോട്ടിലെത്തി. ഒഡീഷയിൽ പുരിയുടെ സമീപം തീരം തൊട്ടപ്പോളും 105 നോട്ടായിരുന്നു വേഗം. 204 മണിക്കൂർ ഫാനി ശക്തമായി നിലനിന്നു. സാധാരണ ആയുസ് 100 മണിക്കൂറുള്ളപ്പോഴാണിത്. ഒഡീഷ തീരത്ത് ആഞ്ഞടിച്ച് ബംഗ്ലദേശ് പിന്നിടുന്നതിനിടെ ഫാനി സഞ്ചരിച്ചത് 3024 കിലോമീറ്ററുകൾ.
മൺസൂൺ കാലത്തിനു മുൻപു ബംഗാൾ ഉൾക്കടലിൽ വീശിയ കാറ്റുകളിൽ 1994നു ശേഷമുള്ള ഏറ്റവും ശക്തിയേറിയതായിരുന്നു ഫാനി. ഫാനിയുടെ തുടക്ക സമയത്ത് സമുദ്രോപരിതലത്തിലെ താപനില 30.4 ഡിഗ്രി ആയിരുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകൾക്കിടയിലെ ചുഴലിക്കാറ്റ് ഉണ്ടാകുന്ന സമയത്ത് ഈ മേഖലയിലെ ഉയർന്ന താപനിലയായിരുന്നു ഇത്.
English Summary: Rapid Intensification of Cyclones