പശ്ചിമഘട്ടത്തിൽ പുതിയൊരു സസ്യ ഇനത്തെ കണ്ടെത്തി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ പശ്മിമഘട്ടം അവസാനിക്കുന്ന ഭാഗത്തുള്ള മരുത്വാമലയിൽനിന്നാണ് കോഴിക്കോട്ടുകാരായ ഗവേഷകർ കെ.ഷിനോജും ടി.സുനോജ്കുമാറും പുതിയ സസ്യം കണ്ടെത്തിയത്.

‘അനൈസോക്കൈലസ് കന്യാകുമാരിയെൻസിസ്’ എന്നാണ് സസ്യത്തിന് ശാസ്ത്രീയനാമം നൽകിയത്. മഗ്നോളിയ പ്രസ്സിന്റെ ഫൈറ്റോടാക്സോ ജേണലിൽ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളയും ഇളം റോസും ചേർന്ന നിറത്തിലുള്ള പൂക്കളാണ് ഈ സസ്യത്തിനുള്ളത്. ഇലകൾക്ക് പച്ചനിറമാണെങ്കിലും ഇടതൂർന്ന രോമാവരണമുള്ളതിനാൽ ചിലയിടങ്ങളിൽ ചാരനിറമാണ്. ഇലയ്ക്കും തണ്ടിനും സുഗന്ധമുണ്ട്. പാറപ്പുറത്തെ പുൽചെടികളുമായി ഇടകലർന്നാണ് ഇവ വളരുന്നത്.

പനിക്കൂർക്കയ്ക്കും ഇരുവേലിക്കും സമാനമായ വർഗത്തിൽപെട്ടതാണ് പുതിയ സസ്യം. ഇതോടെ ഈ ഇനത്തിലുള്ള 20 വർഗം സസ്യങ്ങളാണ് ലോകമെമ്പാടും കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ പുതിയ സസ്യമടക്കം 17 വർഗവും ഇന്ത്യയിൽത്തന്നെയാണ്. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം അധ്യാപകനാണ് സുനോജ്കുമാർ. ദേവഗിരി സെന്റ്ജോസഫ്സ് കോളജിലെ അധ്യാപകനാണ് ഷിനോജ്.

English Summary: New plant species discovered in the Western Ghats