കടലിലുണ്ടായ എണ്ണച്ചോർച്ച മൂലം ഇസ്രയേലിന്റെ തീരപ്രദേശങ്ങളിൽ വൻതോതിൽ ടാർ അടിഞ്ഞുകൂടുന്നത് പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നു. രാജ്യം ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമാണ് ഇതെന്നാണു വിലയിരുത്തപ്പെടുന്നത്. ബീച്ചുകളിൽ നിന്നു മാറി നിൽക്കാൻ ജനങ്ങൾക്ക് ഇസ്രയേൽ ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ടാർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവച്ചേക്കാമെന്നുള്ളതു കൊണ്ടാണിത്.

കഴിഞ്ഞ ആഴ്ച മുതലാണ് മെഡിറ്ററേനിയൻ കടലിനു സമീപമുള്ള ഇസ്രയേലിന്റെ തീരങ്ങളിൽ ടാർ അടിയാൻ തുടങ്ങിയത്. ഇതോടൊപ്പം തന്നെ കടലാമകളും കടൽപ്പക്ഷികളും ടാറിൽ മുങ്ങിയതിന്റെ ദൃശ്യങ്ങളും പ്രചരിച്ചു. മീനുകൾ, ജെല്ലിഫിഷ്,ആമകൾ തുടങ്ങിയവ ചത്തൊടുങ്ങാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തീരത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ടാർ കണ്ടെടുത്തിരുന്നു. ഇതും ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്ന സംഭവമാണ്.

വലിയ ശുദ്ധീകരണ യജ്ഞങ്ങൾ ഇതിനിടെ തുടങ്ങിയെങ്കിലും പൂർണമായി പഴയനിലയിലേക്കെത്താൻ ഒരുപാടു സമയം വേണ്ടിവരുമെന്നാണ് ഇസ്രയേൽ അധികൃതർ കണക്കാക്കുന്നത്.190 കിലോമീറ്ററുള്ള ഇസ്രയേലിന്റെ തീരപ്രദേശത്ത് 170 കിലോമീറ്ററുകളിലും ടാർ അടിയുന്നുണ്ട്. ഒരു ലക്ഷം കിലോയോളം ഭാരം വരുന്നതാണ് ഇതെന്നാണു കണക്കുകൂട്ടപ്പെടുന്നത്.

എന്താണ് ഇതിന്റെ കാരണമെന്നത് ഇനിയും കണ്ടെത്തിയിട്ടില്ല. ഉൾക്കടലിൽ, കൊടുങ്കാറ്റിൽ അകപ്പെട്ട് തകരാർ സംഭവിച്ച ഏതോ എണ്ണക്കപ്പലിൽ നിന്നുണ്ടായ ചോർച്ച മൂലമാണെന്നാണു സംശയം. കപ്പലിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റൊരു ഭീഷണിയും ഇതു മൂലമുണ്ട്. ഇസ്രയേലിന്റെ കുടിവെള്ളത്തിൽ 75 ശതമാനവും കിട്ടുന്നത് സമുദ്രജലം ഡീസാലിനേഷൻ പ്ലാന്റുകളിൽ ശുദ്ധീകരിച്ചാണ്. നിലവിൽ ഇത്തരം പ്ലാന്റുകളെ ടാർ ദുരന്തം ആക്രമിച്ചിട്ടില്ലെങ്കിലും ഇതിന്റെ തുടർച്ചയായി അതു സംഭവിക്കാൻ സാധ്യതയുണ്ട്.

∙ആമകളെ രക്ഷിക്കാൻ മയണൈസ്

തീരങ്ങൾ ശുദ്ധീകരിക്കാനും പ്രതിസന്ധിയിലായ ജീവജാലങ്ങളെ രക്ഷിക്കാനുമായി കോവിഡ് ഭീഷണി അവഗണിച്ചും ഇസ്രയേലി സന്നദ്ധപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഗ്രീൻ സീ ടർട്ടിൽസ് എന്നു പേരുള്ള അപൂർവമായ, വംശനാശഭീഷണി നേരിടുന്ന ആമകളും ദുരിതത്തിലാണ്. ശ്വാസകോശത്തിലും വയറ്റിലും വരെ ടാർ കയറിയ നിലയിൽ ഇത്തരം ആമകളെ കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ വയറ്റിൽ നിന്നു ടാർ നീക്കം ചെയ്യാനായി മയണൈസാണ് നൽകുന്നത്. മയണൈസ് കഴിച്ചാൽ ഇവയുടെ വയറിലുള്ള ടാർ ഘട്ടം ഘട്ടമായി നശിച്ചുപോകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

English Summary: Oil spill leads Israel to close beaches as it faces one of its 'most severe ecological disasters'