അമേരിക്കയിലെ കണക്കനുസരിച്ച് ഏതാണ്ട് ലൊസാഞ്ചലസിനോളം വലുപ്പമുള്ള ഒരു മഞ്ഞുപാളിയാണ് അന്‍റാര്‍ട്ടിക്കില്‍ നിന്നു വേര്‍പെട്ടത്. നവംബര്‍ 2020 ന് അന്‍റാർട്ടിക്കിലുണ്ടായ വിള്ളലിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മഞ്ഞുപാളിയുടെ വേര്‍പെടലെന്നാണ് വിലയിരുത്തുന്നത്. ഈ വിള്ളല്‍ കൂടുതല്‍ വലുതായി ഒടുവില്‍ അത്രയും ഭാഗം ഫെബ്രുവരി 26 ന് അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെടുകയായിരുന്നു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ അന്‍റാര്‍ട്ടിക്കയില്‍ നോര്‍ത്ത് റിഫ്റ്റ് ക്രാക്ക് എന്നറിയപ്പെടുന്ന വിള്ളല്‍ നിമിത്തം വേര്‍പെടുന്ന മൂന്നാമത്തെ കൂറ്റന്‍ മഞ്ഞുപാളിയാണ് ഇത്.

ഇപ്പോഴത്തെ ഈ മഞ്ഞുപാളിയുടെ വിള്ളല്‍ അതുകൊണ്ട് തന്നെ അപ്രതീക്ഷിതമല്ല. ബ്രിട്ടിഷ് അന്‍റാര്‍ട്ടിക് സര്‍വേ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഈ മാറ്റങ്ങള്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചു വന്നിരുന്നതാണ്. ഇതുവരെ വേർപെട്ട മഞ്ഞുപാളികളെല്ലാം തന്നെ ബ്രൂന്‍ട് ഐസ് ഷെല്‍ഫ് എന്ന അന്‍റാര്‍ട്ടിക് മേഖലയില്‍ നിന്നാണ്. അതേസമയം വരും മാസങ്ങളില്‍ ഈ വേര്‍പെട്ട മഞ്ഞുപാളി ഇതേ മേഖലയില്‍ തന്നെ തുടരുമോ അതോ ദൂരേക്ക് ഒഴുകി മാറുമോ എന്നത് പ്രദേശത്തെ കടലിന്‍റെ ഒഴുക്കിനനുസരിച്ചായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും വിള്ളലും

ആഗോളതാപനം അന്‍റാര്‍ട്ടിക്കിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നുവെന്നത് ഇതിനകം ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ള വിഷയമാണ്. അതേസമയം ബ്രൂൺ ഐസ് ഷെല്‍ഫിലെ ഈ വിള്ളലും ആഗോളതാപനവും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നാണ് ഗവേകര്‍ കരുതുന്നത്. ഇപ്പോഴുണ്ടായ മഞ്ഞുപാളിയുടെ വേര്‍പെടല്‍ സ്വാഭാവികമാണെന്നാണ് ഇവരുടെ നിഗമനം. ഏതാണ്ട് 150 മീറ്റര്‍ കനമാണ് ഇപ്പോള്‍ വേര്‍പെട്ടിരിയ്ക്കുന്ന മഞ്ഞുപാളിക്കുള്ളത്. ജനുവരി മുതലാണ് ഈ മേഖലയിലെ വിള്ളല്‍ ശക്തമായത്. ദിവസത്തില്‍ ഏതാണ്ട് 0.6 മൈല്‍ എന്ന രീതിയിലായിരുന്നു വിള്ളല്‍ വ്യാപിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് ഫെബ്രുവരി 26 ഓടെ മഞ്ഞുപാളി പൂര്‍ണമായി വേര്‍പെടുകയായിരുന്നു. 

ഏതാണ്ട് 490 ചതുരശ്ര മൈല്‍ ആണ് ഈ മഞ്ഞുപാാളിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നത്. അതായത് ഏകദേശം 1250 മുതല്‍ 1400 വരെ ചതുരശ്ര കിലോമീറ്റര്‍ ചുററ്റളവ് ഈ മഞ്ഞുപാളിക്കുണ്ടാകും. ഇത്രയധികം വലുമുള്ളത് കൊണ്ട് തന്നെ സാറ്റ്‌ലെറ്റ് ദൃശ്യങ്ങളില്‍ നിന്നും മറ്റും ഈ മഞ്ഞുപാളിയുടെ വേര്‍പെടല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഒരു ദിവസത്തില്‍ 2.5 മൈല്‍  വേഗത്തിലാണ് ഇപ്പോള്‍ ഈ മഞ്ഞുപാളി ഒഴുകുന്നത്. കിഴക്ക് ദിശയിലേക്കാണ് ഇപ്പോഴത്തെ സഞ്ചാരമെന്നും ഗവേഷകര്‍ പറയുന്നു. 

അതേസമയം തന്നെ ഈ മഞ്ഞുപാളി വേര്‍പെട്ട ബ്രൂന്‍ട് ഐസ് ,ഷെല്‍ഫ് വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ്. അതേസമയം ഇപ്പോഴത്തെ വിള്ളല്‍ അന്‍റാര്‍ട്ടിക് ഗവേഷണ കേന്ദ്രങ്ങളുടെ സുരക്ഷയേയോ പ്രവര്‍ത്തനത്തെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ബിഎഎസ് ബാലി എന്ന ഗവേഷണ കേന്ദ്രമാണ് മേഖലയിലെ ഏറ്റവും നിര്‍ണായകമായ സാന്നിധ്യം. അന്‍റാര്‍ട്ടിക്കിന്‍റെ അന്തരീക്ഷത്തിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കണക്കാക്കി ലോക കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രവചിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ ഗവേഷണ കേന്ദ്രത്തിനുണ്ട്. ഇത് കൂടാതെ പ്രകാശ മലിനീകരണം ഏറ്റവും കുറമുള്ള മേഖല എന്ന നിലയില്‍ വാനനിരീക്ഷണത്തിനും ഈ ഗവേഷണ കേന്ദ്രത്തിന്‍റെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. 

പ്രവചനാതീതമായി അന്‍റാര്‍ട്ടിക്

ഇപ്പോഴത്തെ വിള്ളലില്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാര്യമായ പങ്കില്ല എങ്കിലും അന്‍റാര്‍ട്ടിക്കിലെ മാറ്റങ്ങള്‍ പ്രവചനാതീതമാകാന്‍ കാലാവസ്ഥാ വ്യതിയാനം കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ബിഎഎസ് ഹാലി ഉള്‍പ്പടെയുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ ശൈത്യകാലത്ത് ഗവേഷകര്‍ ഇപ്പോള്‍ തങ്ങാറില്ല. ഇപ്പോള്‍ തെക്കന്‍ ധ്രുവത്തില്‍ ശൈത്യകാലത്തിന് ആരംഭമായതോടെ ഗവേഷകരെല്ലാം സ്വന്തം രാജ്യത്തേക്ക് തിരികെ പോയിക്കഴിഞ്ഞു. ഇനി അടുത്ത വേനല്‍ക്കാലത്ത് മാത്രമാണ് ഇവര്‍ തിരികെയെത്തുക.

English Summary: Giant crack frees a massive iceberg in Antarctica