പത്തനംതിട്ട ∙ ക്രമംകെട്ട വികസന ഭ്രമവും അതിവേഗ നഗരവൽക്കരണവും മൂലം കേരളത്തിന്റെ പരിസ്ഥിതിയിൽ മാത്രമല്ല, ഋതുക്കളിലും മാറ്റം ദൃശ്യമായെന്ന് ദേശീയ ഭൗമശാസ്ത്രകേന്ദ്രം ജല– അന്തരീക്ഷ പഠന വിഭാഗം മേധാവി ഡോ. ഡി. പദ്മലാൽ. 

ഇതിനനുസൃതമായി കൃഷിരീതികളിൽ മാറ്റം വരുത്താനും വരൾച്ചയെയും ഉപ്പുവെള്ളത്തെയും അതിജീവിക്കുന്ന പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. 

നീരൊഴുക്കു കുറയുന്ന ദിവസങ്ങളുടെയും നീരൊഴുക്കു പൂർണമായും നിലയ്ക്കുന്ന ദിവസങ്ങളുടെയും എണ്ണം കൂടിവരുന്നതാണ് കേരളത്തിലെ നദികൾ നേരിടുന്ന പുതിയ വെല്ലുവിളി. ഇതിനു പരിഹാരം കാണാനായി ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം ക്രിറ്റിക്കൽ സോൺ പഠനത്തിനു തുടക്കമിട്ടതായും ഡോ. പദ്മലാൽ അറിയിച്ചു. ഏറ്റവും ഉയരമുള്ള മരത്തിന്റെ മുകൾ ഭാഗം മുതൽ ഏറ്റവും അടിത്തട്ടിലെ ഭൂഗർഭജല മേഖല വരെയുള്ള പ്രദേശങ്ങളിൽ മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയാണ് ഈ പഠനം.

കേരളത്തിൽ മൂന്നാറിലും അട്ടപ്പാടിയിലും ഇതിനായി ക്രിറ്റിക്കൽ സോൺ ഒബ്സർവേറ്ററികൾ സ്ഥാപിച്ചു കഴിഞ്ഞു. ഇത്തരം 4 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ അനുമതി ലഭിച്ചു. ഉപഗ്രഹ സഹായത്തോടെ നഗരവൽക്കരണം പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെപ്പറ്റി ഉപഗ്രഹ സഹായത്തോടെയുള്ള പഠനമാണിത്. 

English Summary: Scientists to study climate change impact on Kerala