ADVERTISEMENT

വടക്കൻ അറ്റ്‌ലാൻ്‌റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ ദ്വീപ രാജ്യമായ ഐസ്‌ലൻഡ് പ്രകൃതിദുരന്ത ഭീഷണിയിൽ. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് സംഭവിച്ചത് 18000 ൽ അധികം ഭൂചലനങ്ങളാണ്. ഇതെ തുടർന്ന് അഗ്നിപർവത വിസ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ, ഭൗമശാസ്ത്ര വിദഗ്ധർ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന റെയ്ക്ജാനീസ് മേഖലയിലെ മൗണ്ട് കേയ്‌ലിർ, മൗണ്ട് ഫാഗ്രഡസ്ജാൽ എന്നീ അഗ്നിപർവതങ്ങൾ വരും ദിവസങ്ങളിൽ ലാവ പുറന്തള്ളിയേക്കാം എന്നാണു സൂചന. 12 ാം നൂറ്റാണ്ടിനു ശേഷം ആദ്യമായാകും ഈ മേഖലയിൽ അഗ്നിപർവത വിസ്‌ഫോടനം സംഭവിക്കുക. 

ഐസ്‌ലൻഡിന്‌റെ തലസ്ഥാന നഗരമായ റെയ്ക്ജവീക്കിനു തൊട്ടടുത്തുള്ള മേഖലയാണ് റെയ്ക്ജാനീസ്. അതിനാൽ തന്നെ വലിയ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്.വെറും നാലുലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡ് യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ്.ജനസംഘ്യയിൽ മൂന്നിൽ രണ്ടു ഭാഗവും റെയ്ക്ജാവിക്കിലും പരിസരപ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്. ബുധനാഴ്ച മാത്രം 2500 ഭൗമചലനങ്ങളും വ്യാഴാഴ്ച 800 ചലനങ്ങളും ഉണ്ടായിട്ടുണ്ടെന്നാണു ഗവേഷകർ പറയുന്നത്. ഏറെയും ചെറിയ ചലനങ്ങളാണ്. റിക്ടർ സ്‌കെയിലിൽ 5.6 രേഖപ്പെടുത്തിയ ഒരു ചലനമാണ് ഇതിൽ ഏറ്റവും കൂടിയത്.

A swarm of earthquakes shakes Iceland. Are volcanic eruptions next?
Image Credit: Tsuguliev/Shutterstock

അഗ്നിപർവത വിസ്‌ഫോടനത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇപ്പോൾ ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. രാജ്യാന്തര വ്യോമമേഖലയും ഇതിനാൽ അൽപം കരുതലിലാണ്. 2010ൽ ഐസ്‌ലൻഡിൽ മറ്റൊരു മേഖലയിൽ സംഭവിച്ച അഗ്നിപർവത വിസ്‌ഫോടനത്തിൽ വലിയ പൊട്ടിത്തെറി നടക്കുകയും തീയും പുകയും ആകാശത്തേക്കുയരുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് ലോകവ്യാപകമായി നൂറുകണക്കിന് വിമാനങ്ങൾ നിർത്തിവച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. യൂറോപ്പിൽ നടന്ന ഒരു ചാംപ്യൻഷിപ് മൽസരത്തിൽ പങ്കെടുക്കാൻ ലിവർപൂൾ ഫുട്‌ബോൾ ടീം ഇതു മൂലം തടസ്സം നേരിട്ടതൊക്കെ അന്നു വാർത്തയായിരുന്നു. എന്നാൽ, ഇത്തരമൊരു പൊട്ടിത്തെറിക്കു സാധ്യതയില്ലെന്നും ലാവാപ്രവാഹം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നുമാണ് ഗവേഷകരുടെ വിലയിരുത്തൽ. 

എന്തുകൊണ്ടാണ് ഇപ്പോൾ ഈ പ്രതിഭാസം ഉടലെടുക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭൂമിക്കടിയിൽ നിന്നുള്ള മാഗ്മ, പുറന്തോടായ മാന്‌റിലിലേക്കു കടന്നിരിക്കാമെന്നും ഇതു പുറത്തേക്കു പോകുന്നതിനു മുന്നോടിയാകാം ഈ നിരന്തരമായ ഭൂചലന പരമ്പരയെന്നാണു വിദഗ്ധർ സംശയിക്കുന്നത്.ഇതിനുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.മാഗ്മ ഇപ്പോൾ ഉപരിതലത്തിനോട് അടുത്തെത്തിയെന്നും ഏതു നിമിഷവും പുറത്തേക്കു തള്ളാമെന്നും ചില ഗവേഷകർ പറയുന്നു. ഭൗമപ്ലേറ്റുകളുടെ അതിർത്തിയായ മിഡ് അറ്റ്‌ലാന്‌റിക് റിഡ്ജിൽ സ്ഥിതി ചെയ്യുന്നതിനാൽ ഐസ്‌ലൻഡിൽ ഭൂചലനസാധ്യത എപ്പോഴുമുണ്ട്. 

രാജ്യത്തിന്‌റെ ഉപരിതലത്തിനു താഴെ ഭൂഗർഭ പർവതങ്ങളുമുണ്ട്.ഇവ വടക്കനമേരിക്കൻ, യൂറേഷ്യൻ പ്ലേറ്റുകളെ എപ്പോഴും തമ്മിൽ അകറ്റാനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടുമിരിക്കുകയാണ്. ഇതിനാലാണ് ഭൂചലന സാധ്യത എപ്പോഴും ഐസ്‌ലൻഡിൽ ശക്തമായി നിലനിൽക്കുന്നത്. ഭൂചലന പ്രവണത കൂടുതലുള്ളതിനാൽ, ഇതു സംബന്ധിച്ച വകുപ്പുകളും നെറ്റ്വർക്കുകളും രക്ഷാസേനകളുമൊക്കെ വളരെ ഊർജിതമാണ് ഐസ്‌ലൻഡിൽ.ഇവർ ദുരന്തത്തെച്ചെറുക്കാനുള്ള നടപടികൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.

English Summary: A swarm of earthquakes shakes Iceland. Are volcanic eruptions next?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com