‘ഗുജറാത്തിൽ ഇര കാട്ടി സിംഹത്തെ കൊതിപ്പിച്ച സംഭവം’; ശിക്ഷ വിധിച്ച് കോടതി!
ഗുജറാത്തിൽ പെൺസിംഹത്തെ ഉപദ്രവിച്ച കേസിൽ ഏഴുപേരെ ശിക്ഷിച്ച് കോടതി. ഗിർ–സോമനാഥ് ജില്ലാ കോടതിയുടേതാണ് വിധി. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്.
കേസിൽ പ്രതിയായ ആറുപേർക്ക് മൂന്നുവർഷത്തെ തടവും ഒരാൾക്ക് ഒരു വർഷത്തെ തടവും കോടതി വിധിച്ചു. 2018 മെയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺ സിംഹത്തിനു മുന്നിൽ ജീവനുള്ള കോഴിയെ കാട്ടിയായിരുന്നു പ്രതികളുടെ അഭ്യാസം. സിംഹം കോഴിയെ പിടികൂടാനായി ചാടുമ്പോൾ ഇയാൾ തുടരെ കൈ വലിക്കും. ഒടുവിൽ കയ്യിൽ നിന്നും കോഴിയെ കടിച്ചെടുത്ത് പോകുന്ന സിംഹത്തെയും കാണാം. ഈ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.
English Summary: Gujarat: Six get 3 years in jail for illegal lion show