എത്രയധികം വെള്ളം വറ്റിയോ, അതുപോലെ വരണ്ടുപോയി; ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണ പദ്ധതികളും. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഇന്നൊരു കണ്ണുനീർത്തുള്ളിയാണ്. ഉപ്പു കലർന്ന അഷ്ടമുടിക്കായലിന്റെ പ്രലോഭനം തൊട്ടടുത്തുണ്ടെങ്കിലും അതിൽ കലരാതെ, നാടിനായി തെളിനീരു നൽകുന്ന ജലസ്രോതസ്സ്. വറ്റിപ്പോയാൽ, നാടും നഗരവും തൊണ്ട വരണ്ടു പിടയുമെന്നുറപ്പ്. എന്നിട്ടും തടാകസംരക്ഷണം എന്ന വാക്കു കേട്ടാൽപ്പോലും അധികൃതർ മുഖംതിരിക്കുന്നു. തടാകതീരത്തെ ധർമശാസ്താക്ഷേത്രത്തിന്റെ കൽപ്പടവുകളിൽനിന്ന് ഏട്ടമീനുകൾക്ക് അരിയിട്ടു കൊടുത്തിരുന്ന കാലത്തിന്റെ കഥ പറയാനുണ്ട് പഴമക്കാർക്ക്. ആ തെളിനീരിൽ മുഖം കഴുകിയിരുന്ന കാലത്തെ ഓർമിക്കുന്നുണ്ട്, ശാസ്താംകോട്ട ഡിബി കോളജിലെ പൂർവവിദ്യാർഥികൾ.

അതെല്ലാം ഇന്നു പഴങ്കഥയാണ്. ആ കൽപ്പടവുകളും തീരവും വിട്ടു തടാകം ഇറങ്ങിപ്പോയിട്ട്, നൂറുകണക്കിനു മീറ്ററുകളോളം ദൂരം ചെളിക്കുണ്ടായി മാറിയിട്ടു വർഷങ്ങളായി. വടക്കുകിഴക്കു ബണ്ട് ഭാഗമാണെങ്കിൽ ഏക്കറുകളോളം വറ്റി ചതുപ്പായി മാറി. എന്നിട്ടൊന്നും അധികൃതർ പദ്ധതികൾ പ്രഖ്യാപിച്ചശേഷം  മറക്കുന്ന ആ പതിവ് തെറ്റിച്ചില്ല.

ശാസ്താംകോട്ട തടാകം

21 മൊട്ടക്കുന്നുകളുടെ കൈയിലെ നീർത്തളിക. കൊല്ലം നഗരത്തിലും ചവറ, പന്മന ഉൾപ്പെടെ ഒട്ടേറെ പഞ്ചായത്തുകളിലും പ്രാദേശിക പദ്ധതികളിലുമായി ഏകദേശം 6 ലക്ഷം ജനങ്ങൾക്കു പ്രതിദിനം 4 കോടി ലീറ്റർ ശുദ്ധജലം നൽകുന്ന സ്രോതസ്സ്.  കുന്നത്തൂർ താലൂക്കിൽ 521.27 ഹെക്ടർ വൃഷ്ടി പ്രദേശത്തായി 4.75 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച ജലസമൃദ്ധി ഒടുവിൽ 3.75 ചതുരശ്ര കിലോമീറ്റായി ചുരുങ്ങിയിട്ടു കാലങ്ങളായി. രാജ്യത്തു പ്രത്യേക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അർഹമായ  റംസാർ സൈറ്റുകളിൽ ഒന്നാണിത്.  2002 ഓഗസ്റ്റ് 8നായിരുന്നു ആ പ്രഖ്യാപനം.

ചിത്രം: ലിജിൻ മത്തായി

ആദ്യം തകർത്തത് കാവൽക്കാരെ

ശാസ്താംകോട്ട തടാകത്തിനു കാവലായി നിന്ന മൊട്ടക്കുന്നുകളിൽ കയ്യേറ്റം തുടങ്ങിയതോടെ  മണ്ണൊലിപ്പും മലിനീകരണവും കൂടി. പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്തിൽ 1998 –2013 കാലത്തുണ്ടായിരുന്ന പരിധിവിട്ട ചെളി, കരമണ്ണ് ഖനനം തടാകത്തിന്റെ നാശത്തിലേക്കുള്ള വഴി തുറന്നു. താഴ്‌വാരങ്ങളിൽ തെളിഞ്ഞുവന്ന മണലും മാഫിയകൾ കവർന്നു. മണൽക്കുഴികളിലേക്കു വെള്ളം  ഊർന്നിറങ്ങി തടാകജലം വറ്റിത്തുടങ്ങി.  കല്ലടയാറിനെ വേർതിരിക്കുന്ന കിഴക്ക്, വടക്ക് അതിർത്തിയിൽ 15 ഏക്കറെങ്കിലും നികന്നു കാടുകയറി. ഇപ്പോൾ പായൽപ്പുതപ്പിൽ, മാലിന്യങ്ങൾ കലർന്നു തടാകം ചെറുതാവുകയാണ്!

എത്രയെത്ര പദ്ധതികൾ!

1997ലാണു തടാകം വറ്റിത്തുടങ്ങുന്നതു കണ്ടെത്തുന്നത്. തുടർന്ന്, ജില്ലാ കലക്ടർ  മുൻകയ്യെടുത്തു ശുദ്ധജല സംരക്ഷണ സൊസൈറ്റി  രൂപീകരിച്ചു. പക്ഷേ അതു ഫലം കണ്ടില്ല. പിന്നീടു നാട്ടുകാർ ചേർന്നു തടാകസംരക്ഷണ സമിതി രൂപീകരിച്ചു.

1998 മുതൽ ഇതുവരെ 8 പദ്ധതികളിലായി 87.7 കോടി രൂപയുടെ സംരക്ഷണ പ്രവർത്തനങ്ങളാണു സംസ്ഥാന സർക്കാരിന്റെ  വിവിധ ഏജൻസികൾ തയാറാക്കിയത്. എന്നാൽ ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. 98ൽ കോഴിക്കോട് ജലവിഭവ കേന്ദ്രം 3.13 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചു. കേന്ദ്രസർക്കാർ 40 ലക്ഷം രൂപ ആദ്യഗഡുവായി അനുവദിച്ചു. ഇതു സംസ്ഥാനത്തിനു കിട്ടിയെങ്കിലും അതു കായലിലെത്തിയില്ല. രണ്ടാം ഗഡുവായ 16.23 ലക്ഷം  കിട്ടിയത് അന്നത്തെ  വകുപ്പ് മന്ത്രി പോലും അറിഞ്ഞില്ലെന്നും ആരോപണമുണ്ട്. പിന്നീടു തടാകസംരക്ഷണ സമിതി ഇടപെട്ട് ആ തുക മണ്ണുസംരക്ഷണ ഓഫിസിനു ലഭ്യമാക്കി.

വനംവകുപ്പ് 2000 ൽ 8.69 കോടിയുടെ പദ്ധതി രൂപീകരിച്ചു. 2005ൽ ഈ തുക വിപുലീകരിച്ച്  25 കോടി രൂപയുടെ പദ്ധതിയാക്കി അവതരിപ്പിച്ചു. അംഗീകരിക്കപ്പെട്ടെങ്കിലും അതും മാഞ്ഞുപോയി.  മണലൂറ്റിനെതിരെ സമരം ശക്തമായപ്പോൾ 2004 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി 17.5 കോടി രൂപയുടെ കരടുപദ്ധതി നിയമസഭയിൽ പ്രഖ്യാപിച്ചു. അതേക്കുറിച്ചും പിന്നീടു കേട്ടില്ല. പിന്നീട്,  കുളിക്കടവുകൾ വൃത്തിയാക്കാനുള്ള 1.60 കോടിയുടെ പദ്ധതിയും അവഗണിക്കപ്പെട്ടു. 2005ൽ ഉദ്ഘാടനം ചെയ്യപ്പെട്ട വനംവകുപ്പ് ഓഫിസ് 15ാം വർഷവും തുറന്നില്ല. 2008 ൽ നിയമസഭ പാസാക്കിയ 2 കോടി രൂപയും ഗുണം ചെയ്തില്ല. തടാകതീരം സർവേ നടത്തി കല്ലിട്ടത് ആ കാലത്താണ്.

2010ൽ അന്നത്തെ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ മുൻകയ്യെടുത്തു രൂപം കൊടുത്ത 4.92 കോടിയുടെ ആക്‌ഷൻ പ്ലാനും നടപ്പായില്ല. അദ്ദേഹം നടപ്പാക്കിയ ഓർഡിനൻസും ഭരണം മാറിയതോടെ മറഞ്ഞുപോയി.

ഉള്ളുരുകി തടാകം

ചിത്രം: ലിജിൻ മത്തായി

2013 ആയതോടെ  ശുദ്ധജലം തീരെ കിട്ടാനില്ലാത്ത അവസ്ഥയിലെത്തി തടാകം.  ആദ്യത്തെ വേനലിൽത്തന്നെ ജലനിരപ്പ് –1.13 മീറ്റർ ആയി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരത്തെത്തി പ്രഖ്യാപിച്ച ബദൽ കുടിവെള്ള പദ്ധതി ഏറെ പ്രതീക്ഷ പകർന്നു. സംരക്ഷണ പാക്കേജ് പ്രഖ്യാപിച്ച്, 14.5 കോടി രൂപ അനുവദിച്ചു പദ്ധതിയുടെ നിർമാണപ്രവൃത്തിയും തുടങ്ങി. കല്ലടയാറ്റിലെ കടപുഴയിൽനിന്നു നാലേമുക്കാൽ കിലോമീറ്റർ ദൂരം പൈപ്പിട്ടു ജലം ശാസ്താംകോട്ടയിലെ പ്ലാന്റിലെത്തിച്ചു  ശുദ്ധീകരിച്ചു വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷേ,  സർക്കാർ മാറിയതോടെ പദ്ധതി നിലച്ചു. 6.93 കോടി രൂപ ചെലവിട്ട ശേഷമാണു പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്. 

4 കോടിയോളം രൂപയുടെ പൈപ്പുകൾ  കായൽ ബണ്ട് ഭാഗത്തു കിടന്നു നശിക്കുന്നു.  സർക്കാരിന് ഈ പദ്ധതി വഴി  8.5 കോടിയുടെ നഷ്ടം ജലഅതോറിറ്റി വരുത്തിയതായി ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നു.  കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി നവകേരള യാത്രയുടെ ഭാഗമായി എത്തിയ പിണറായി വിജയനും തടാകം സംരക്ഷിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.

2016ൽ ജലക്ഷാമം രൂക്ഷമായപ്പോഴാണു കല്ലട കനാലിൽനിന്നു പൈപ്പിട്ടു ജലം  പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന രീതി തുടങ്ങിയത്. ഇപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ ഇങ്ങനെ ചെയ്യുന്നുണ്ട്. 

കിട്ടിയതും....

2018ൽ തടാക സംരക്ഷണത്തിനായി കേന്ദ്രം അനുവദിച്ച തുക പ്രളയക്കെടുതിയുടെ പേരിൽ സംസ്ഥാന സർക്കാർ തിരിച്ചെടുത്തതും വിവാദമായി. 2017 ഡിസംബർ 31നു തടാക സംരക്ഷണ സമിതി ചെയർമാൻ കെ. കരുണാകരൻപിള്ള പ്രധാനമന്ത്രിക്കു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി വേഗത്തിലായത്. അനുവദിച്ചത് 59,62,500 രൂപ. 60 ശതമാനമായിരുന്നു കേന്ദ്ര വിഹിതം. തുക ചെലവഴിക്കാത്തതിനെ തുടർന്ന് അടുത്ത 2 വർഷങ്ങളിൽ പുതുക്കി നൽകി. ഒടുവിൽ കേന്ദ്രവിഹിതമായ 35,77,500 രൂപ ലഭ്യമാക്കിയിട്ടും അതിനു മാത്രമായി മാനേജ്മെന്റ് ആക്‌ഷൻ പ്ലാൻ തയാറാക്കിയിട്ടും ഒന്നും നടപ്പായില്ല. ഇതു പ്രളയത്തിന്റെ പേരിൽ സർക്കാർ പിടിച്ചെന്നും തുടർന്ന് 20 ലക്ഷം തിരികെ അനുവദിച്ചെന്നുമാണു തണ്ണീർത്തട അതോറിറ്റി പിന്നീട് അറിയിച്ചത്. കിട്ടിയതും പോയ അവസ്ഥ തടാകസ്നേഹികളെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

20 ലക്ഷത്തിൽ 5 ലക്ഷം തീരത്തെ പൊതുകിണറുകൾ ശുചീകരിക്കാനും 3 ലക്ഷം തടാകത്തിലെ പായൽ നീക്കാനും 12 ലക്ഷം പഠനത്തിനും മാറ്റിയതായും അറിയിപ്പും കിട്ടി. സന്നദ്ധസംഘടനകൾ വന്നു ക്ഷേത്രക്കടവിലെ മാലിന്യം നീക്കിയതല്ലാതെ ഒരു പദ്ധതിയിലുംപെട്ടവർ പായൽ നീക്കാനെത്തിയതായി നാട്ടുകാർക്കും അറിയില്ല. പക്ഷേ, ആദ്യഘട്ട പായൽനീക്കം കഴിഞ്ഞെന്നാണു തണ്ണീർത്തട അതോറിറ്റി പറയുന്നത്.

രാമച്ചം പോലും....

2012ൽ പഞ്ചായത്തും കയർഫെഡും ചേർന്നാണു തീരത്തു 10 ലക്ഷം മുടക്കി കയർഭൂവസ്ത്രം വിരിച്ചത്.  പക്ഷേ, രാമച്ചത്തൈകൾ വളരാൻ സാമൂഹിക വിരുദ്ധർ അനുവദിച്ചില്ലെന്നു സമിതി ഭാരവാഹികൾ വേദനയോടെ പറയുന്നു. ആ  പദ്ധതിയും പിഞ്ഞിപ്പോയി.

പടരുന്ന ആധി

തടാകതീരത്ത് ഉണങ്ങിയ പുല്ലുകൾക്കു തീപിടിക്കുന്നതും ഏക്കറുകളോളം കത്തിനശിക്കുന്നതും പതിവായി. സാമൂഹികവിരുദ്ധരാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിക്കുന്നു. ഫയർ ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ആരും കേട്ട മട്ടില്ല. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനു പുറകിലുള്ള പ്രദേശങ്ങളാണിത്.   ഒരു മാസത്തിനിടെ 3 തവണയാണു തീ പടർന്നതെന്നു സമിതി ചെയർമാൻ കരുണാകരൻ പിള്ള പറയുന്നു.

പ്രതിസന്ധിയാകുന്ന പായൽ

തടാകത്തിന്റെ ജീവനു മീതെയാണു  പായൽ പടരുന്നത്. ശുദ്ധജലത്തിൽ കാണാൻ പാടില്ലാത്ത തരം പായലുകൾ  2 കിലോമീറ്ററോളം ദൂരത്തിൽ പടർന്നിട്ടുണ്ട്.  ഇതു നീക്കാനായി പ്രത്യേക കർമപദ്ധതി ആവിഷ്കരിക്കണമെന്നു സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. പ്രത്യേകതരം ചെളി തടാകത്തിന്റെ അടിത്തട്ടിലുള്ളതുകൊണ്ടു ഡ്രെജിങ് ഫലപ്രദമാവില്ല. തടാകം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പായൽ തന്നെയാണെന്നു പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണനും പറയുന്നു.

ഇനി വേണ്ടത്

കല്ലടയാറ്റിലെ ഞാങ്കടവിൽ നിന്നു വെള്ളം പമ്പ് ചെയ്തു കൊല്ലം കോർപറേഷൻ പരിധിയിലെ വസൂരിച്ചിറയിൽ സ്ഥാപിക്കുന്ന പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന ഞാങ്കടവ് ശുദ്ധജല വിതരണ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണം. തടാകത്തിൽനിന്നുള്ള പമ്പിങ് കുറയ്ക്കണം.  തീരത്തു കാവൽക്കാരെ നിയമിക്കണമെന്ന ആവശ്യം ഇനിയെങ്കിലും നടപ്പാക്കണം. എങ്കിലേ ചെടികൾ സംരക്ഷിക്കാനും മലിനീകരണം അകറ്റാനും കഴിയൂ.  

പതിറ്റാണ്ടുകളുടെ സമരം

1992 ൽ, സംരക്ഷണസമിതി രൂപീകരിച്ചതുമുതൽ ശാസ്താംകോട്ട സ്വദേശി  കെ. കരുണാകരനാണു ചെയർമാൻ.  വയനാട്ടിലെ ഗവ. പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലായിരുന്ന അദ്ദേഹം തടാകത്തിനായി നടത്തിയ നിയമപോരാട്ടങ്ങൾ ഒട്ടേറെയാണ്.  എൺപതാം വയസ്സിലും അദ്ദേഹം കൺമുന്നിൽ വലിയൊരു കുളം പോലെ ചെറുതാവുന്ന ശുദ്ധജല സ്രോതസ്സിനുവേണ്ടി പൊരുതുന്നു. എന്നിട്ടും  തടാകത്തെ കാക്കാൻ അധികൃതരുടെ കരങ്ങൾ നീളുന്നില്ലെന്ന നോവു മാത്രം ബാക്കി. തടാകസംരക്ഷണം എന്നതു സ്വപ്നം മാത്രമായ ഈ നാളുകളിൽ അദ്ദേഹത്തിന് ഒരാഗ്രഹമേയുള്ളൂ;  ബദൽ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണം. തടാകത്തെ നിർദയം ഊറ്റുന്നത് അവസാനിപ്പിക്കണം.

English Summary: Kerala’s largest freshwater lake shrinking