ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടന്ന 20മത് പക്ഷി സർവേയിൽ 145 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ 12 എണ്ണം പശ്ചിമഘട്ടത്തിൽ തനതായി കാണുന്ന പക്ഷികളാണ്. കോഴിക്കിളി എന്ന ഇനം പക്ഷിയെ പുതുതായി കണ്ടെത്തി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ 247 പക്ഷികളെയാണ് 20 വർഷത്തിനിടയിൽ കണ്ടെത്തിയത്.

ആറളം വൈൽഡ് ലൈഫ് ഡിവിഷനും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നാണ് സർവേ നടത്തിയത്. കേരളത്തിൽ മറ്റൊരു സംരക്ഷിത മേഖലകളിലും പക്ഷികളെക്കുറിച്ചു ഇത്രയും നീണ്ട പഠനങ്ങൾ നടന്നിട്ടില്ല. ബസ്ര പ്രാപിടിയൻ, പൊടി പൊന്മാൻ, ത്രിയംഗുലി മരംകൊത്തി, കിന്നരി പ്രാപരുന്ത് എന്നിവയാണ് സർവേയിൽ രേഖപ്പെടുത്തിയ മറ്റ് പ്രധാന പക്ഷികൾ.

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ ജീവനക്കാരും തൃശൂർ കേരള ഫോറസ്ട്രി കോളജിലെ കുട്ടികളും 20 ഓളം പക്ഷി നിരീക്ഷകരും പങ്കെടുത്തു. വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്‌ന ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ.അനിൽകുമാർ, പക്ഷി നിരീക്ഷകരായ സത്യൻ മേപ്പയൂർ, റോഷ്നാഥ് രമേശ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയേഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: Three new species of birds sighted at Aralam sanctuary