അപ്രത്യക്ഷമാകുന്ന അങ്ങാടിക്കുരുവികൾ; ഓർക്കണം, ഈ ദിവസമെങ്കിലും
നമ്മുടെ രാജ്യതലസ്ഥാനം ഡൽഹിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഡൽഹിയുടെ ഔദ്യോഗിക പക്ഷിയേതെന്ന് അറിയാമോ ? വലിയ ഘടാഘടിയൻമാരൊന്നുമല്ല. ഇത്തിരിക്കുഞ്ഞൻ അങ്ങാടിക്കുരുവി (ഹൗസ് സ്പാരോ). വീട്ടുകുരുവി, അരിക്കിളി, നാരായണപ്പക്ഷി, അന്നക്കിളി തുടങ്ങിയ പേരുകളിലും ഈ കുഞ്ഞന്മാർ പ്രാദേശികമായി അറിയപ്പെടുന്നു.
2012ൽ ഈ ഇത്തിരിക്കുഞ്ഞന് ഔദ്യോഗിക പക്ഷി പദവിയൊക്കെ കൊടുത്ത് നല്ലസ്ഥാനത്ത് ഇരുത്തിയത് എന്തുകൊണ്ടാണെന്ന് അറിയാമോ ? നമ്മുടെ ചുറ്റുവട്ടത്ത്, പ്രത്യേകിച്ച് ഗോഡൗണുകൾ, അങ്ങാടികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ചിലെചിലെ ശബ്ദമുണ്ടാക്കി, കൊത്തിപ്പെറുക്കി, തെന്നിമാറി പറന്നുനടക്കുന്ന അങ്ങാടിക്കുരുവിക്കൂട്ടത്തെ ഇപ്പോൾ അത്രയ്ക്കങ്ങു കാണാറുണ്ടോ ? ചില ‘ചെറുകാര്യങ്ങൾ’ മനുഷ്യന്റെ കണ്ണിൽപെടാൻ ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കേണ്ട കാലമാണ്.
അങ്ങാടിക്കുരുവികൾ ലോകത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതായി കണ്ടെത്തിയത് ബ്രിട്ടനിലെ ഒരുകൂട്ടം പക്ഷിനിരീക്ഷകരായിരുന്നു. മനുഷ്യരുമായി ഇണക്കം കാണിക്കുന്ന അങ്ങാടിക്കുരുവികൾ ഒരു പരിധിവരെ വംശനാശ ഭീഷണിയിലുമാണ്. മനുഷ്യരോടു കാണിച്ച ആ ഇണക്കം തന്നെയാകാം ചിലപ്പോൾ ഈ കുഞ്ഞിക്കിളികൾക്കു വിനയാകുന്നതും. അങ്ങാടിക്കുരുവികളെ സംരക്ഷിക്കാനുള്ള ‘നാടുണർത്തൽ’ പരിപാടികളുടെ ഭാഗമായാണ് ഡൽഹി സർക്കാർ ‘ഔദ്യോഗിക പക്ഷിക്കിരീടം’ കൊടുത്തത്.
ഓർക്കണേ, ഈ ദിവസമെങ്കിലും
അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2010 മാർച്ച് 20 നാണ് ആദ്യമായി ഒരു ദിനം മാറ്റിവച്ചത്. 2010 ൽ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്‌ഷൻ ഓഫ് ബേർഡ്സ് അങ്ങാടിക്കുരുവികളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. നേച്ചർ ഫോർഎവർ സൊസൈറ്റി എന്ന സംഘടനയും അങ്ങാടിക്കുരുവി സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ഇതുവരെ ഈ പക്ഷികളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
അങ്ങാടിക്കുരുവികളുടെ ആവാസ കേന്ദ്രങ്ങളും അങ്ങാടിക്കുരുവികൾതന്നെയും അപകടകരമാംവിധം കുറയുന്നതായി ചില സർവേ ഫലങ്ങൾ വ്യക്‌തമാക്കുന്നു. എന്തൊക്കെയാകാം ഇതിനു കാരണങ്ങൾ ? വിഷം നിറഞ്ഞ ഭക്ഷ്യധാന്യങ്ങൾ മനുഷ്യനെ മാത്രമല്ല ഇല്ലാതാക്കുന്നത്, ഇത്തരം ജീവജാലങ്ങളെക്കൂടിയാണ്. മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി നാട്ടിലെങ്ങും പുതിയ പരിഷ്കാര കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോൾ കുരുവികൾക്കു കൂടു കൂട്ടാൻ ഇടം കിട്ടാറില്ല. ധാന്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ ചെറു പ്രാണികളെയും അകത്താക്കും. പുൽമേടുകളുടെ നശീകരണം, ആഗോളതാപനം, കീടനാശിനികളുടെ അമിത ഉപയോഗം, ആഹാര ദൗർലഭ്യം തുടങ്ങിയ കാര്യങ്ങളൊക്കെ കാരണങ്ങളായി ശാസ്‌ത്രലോകം ചൂണ്ടിക്കാട്ടുന്നു. ‘ആകാശംമുട്ടുന്ന’ മൊബൈൽ ടവറുകളിൽനിന്നുള്ള റേഡിയേഷനും മറ്റും കുരുവികളുടെ പ്രജനനത്തെയും ബാധിക്കുന്നു.
കൂട് കൂട്ടി, കൂട്ടുകൂടി
വൈദ്യുതി പോസ്‌റ്റ്, ഭിത്തികളിലെ ചെറു പൊത്തുകൾ, കെട്ടിടങ്ങളുടെ ഇടുങ്ങിയ പ്രദേശം, മരച്ചില്ല ഇവിടങ്ങളിലൊക്കെ അങ്ങാടിക്കുരുവികൾ കൂടുകെട്ടും. ഇനിയിപ്പൊ, മനുഷ്യർ കൂട് കണ്ടാലും ഇവർക്ക് അത്ര നാണക്കേടൊന്നും തോന്നാറുമില്ല. വൈക്കോൽ, തുണി, കടലാസ്, ചകിരിനാര്, നൂൽ അങ്ങനെ എന്തും കൂടുകെട്ടാൻ ഉപയോഗിക്കാറുണ്ട്. വർഷത്തിൽ മൂന്നോ നാലോ തവണ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കും. ഒറ്റത്തവണ 4–5 മുട്ടകളിടും. അടയിരിക്കുന്ന ചുമതല പെൺപക്ഷിക്കാണ്. മുട്ട വിരിയാൻ ഏതാണ്ട് 14 ദിവസം വേണ്ടിവരും. മുട്ട വിരിഞ്ഞാലും പൂർണവളർച്ചയെത്തുന്നത് ഒന്നോ രണ്ടോ എണ്ണമാകും.
കുരുവി റോഡ്
അങ്ങാടിക്കുരുവികളുടെ പേരിൽ നമ്മുടെ നാട്ടിൽ റോഡ് ഉണ്ടെന്ന് അറിയാമോ ? ‘അങ്ങാടിക്കുരുവി റോഡ്’. കുരുവികളുടെ സംരക്ഷണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച ‘കുരുവിക്കൊരു കൂട്’ പദ്ധതിയുടെ ഉദ്‌ഘാടനവേളയിൽ, കോട്ടയം മാർക്കറ്റിലെ കച്ചവടക്കാരുടെ ആവശ്യപ്രകാരം അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് റോഡിന് അങ്ങാടിക്കുരുവി റോഡ് എന്നു പേര് മാറ്റിയിട്ടത്. എംഎൽ റോഡിൽ തുടങ്ങി മാർക്കറ്റിലൂടെ ടിബി റോഡിൽ അവസാനിക്കുന്ന അരകിലോ മീറ്റർ ദൂരമുള്ള ഈ റോഡ് പഴയ അങ്ങാടി റോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. കുരുവികളെ സംരക്ഷിക്കാൻ പ്രത്യേകമായി തയാറാക്കിയ കൂടുകളും അന്നു വനംവകുപ്പ് വിതരണം ചെയ്‌തിരുന്നു.
English Summary: World Sparrow Day 2021: Here Are Sparrow Day Facts And How To Celebrate