കാട്ടുതീക്കും വെള്ളപ്പൊക്കത്തിനും ശേഷം ഓസ്‌ട്രേലിയയിൽ എലിപ്രളയം. രാജ്യത്തെ ക്വീൻസ്‌ലൻഡ്, ന്യൂ സൗത്ത് വെയിൽസ് മേഖലകളിലാണ് എലികൾ പൊടുന്നനെ പെരുകിയത്. ഇവിടങ്ങളിൽ തെരുവുകളിലെ റോഡുകൾ മുതൽ വീടുകളും കൃഷിയിടങ്ങളുമെല്ലാം എലികൾ പാഞ്ഞുനടക്കുകയാണ്. വീട്ടിലെ അലമാര തുറക്കുമ്പോൾ എലികൾ ചാടിവരുന്നതും, കട്ടിലിലെ മെത്തയ്ക്കുള്ളിലും തലയിണയിലും എലികളെ കണ്ടെത്തുന്നതും തുടങ്ങി പ്രശ്‌നത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒട്ടേറെ വിഡിയോകളാണ് ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുള്ളത്.

കാർഷിക മേഖലയായ ഇവിടങ്ങളിൽ കനത്ത നാശമാണ് എലികളെക്കൊണ്ട് കർഷകർക്കുണ്ടായിരിക്കുന്നത്. വിളവെടുപ്പ് കാലമാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഗോഡൗണുകളിലും സംഭരണകേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന ധാന്യശേഖരത്തിന്റെ നല്ലൊരു പങ്കും എലികൾ ശാപ്പിട്ടുകഴിഞ്ഞു. ടൂറിസം മേഖലയും എലികൾ അവതാളത്തിലാക്കി. ഹോട്ടലുകളിലും റെസ്റ്ററന്‌റുകളിലും ഇവയുടെ ശല്യം അധികരിച്ചതിനാൽ എല്ലാം അടച്ചിട്ടിരിക്കുകയാണ്. സിഡ്‌നിക്ക് വടക്കുകിഴക്കൻ ഭാഗത്തുള്ള ജിൽഗാൻഡ്ര മേഖലയിൽ ഒരു ചെറുപട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഒറ്റരാത്രി കൊണ്ട് 600 എലികളെ പിടിച്ചത് വൻ വാർത്തയായിരിക്കുകയാണ്. എലികൾ ആളുകളെ കടിച്ച് പരുക്കേൽപ്പിക്കുന്നുമുണ്ട്. മേഖലയിലെ ആശുപത്രികളിൽ ഈ പ്രശ്‌നവുമായി എത്തുന്നവർ ഏറെ.

ക്വീൻസ് ലൻഡ്, ന്യൂ സൗത്ത് വെയിൽസ് മേഖലകളിൽ ഇത്തവണ റെക്കോർഡ് വിളവെടുപ്പാണ് രേഖപ്പെടുത്തിയത്. അധികം നഷ്ടങ്ങളുണ്ടാകാതെ തന്നെ വലിയ അളവിൽ ധാന്യം സംഭരിക്കാൻ കർഷകർക്കു കഴിഞ്ഞു. ഈ വലിയ അളവിലുള്ള ധാന്യശേഖരമാണ് എലികളെ കൂട്ടമായി ഇവിടെയെത്തിച്ചതെന്ന് ഓസ്‌ട്രേലിയൻ ശാസ്ത്ര ഏജൻസിയായ സിസീറോയിലെ ശാസ്ത്രജ്ഞനായ സ്റ്റീവ് ഹെന്റി പറയുന്നു. വന്ന എലികൾ അനുകൂല സാഹചര്യങ്ങളിൽ വർധിത തോതിൽ പ്രജനനവും തുടങ്ങി. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയും മേഖല എലിസൈന്യം കീഴ്‌പ്പെടുത്തുകയും ചെയ്തു.

എലികളെ നശിപ്പിക്കാനും സാധാരണസ്ഥിതി വീണ്ടെടുക്കുവാനുമായി അശ്രാന്ത പരിശ്രമത്തിലാണു നാട്ടുകാർ. മേഖലയിൽ വ്യാപകമായി എലിക്കെണികൾ സ്ഥാപിച്ചു തുടങ്ങി. കുട്ടികളുൾപ്പെടെ എലിവേട്ടയ്ക്കിറങ്ങിയിട്ടുണ്ട്. എലിവിഷവും ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രത്യാഘാതത്തെപ്പറ്റിയുള്ള ആശങ്കയും നിലനിൽക്കുന്നു. വിഷം ഉള്ളിൽ ചെല്ലുന്ന എലികൾ പ്രദേശത്തെ വാട്ടർ ടാങ്കുകളിലും ജലസംഭരണികളിലും വലിയ തോതിൽ ചത്തുപൊങ്ങുന്നുണ്ട്. അഴുകിയ രീതിയിൽ ചത്ത എലികളുടെ ശരീരങ്ങൾ പൈപ്പ് ജോയിന്റുകളിലും മറ്റും തടസ്സമുണ്ടാക്കി കൊരുത്തിരിക്കുന്നതും ഒരു പ്രതിസന്ധിയാണ്. ഇതേ വെള്ളമാണ് വീട്ടാവശ്യത്തിനും കുടിവെള്ളത്തിനായും പോകുന്നത്. മേഖലയിലാകെ കടുത്ത ദുർഗന്ധവും ഉടലെടുക്കുന്നുണ്ട്, ചത്ത എലി ശരീരങ്ങൾ അഴുകുന്നതിൽ നിന്നും എലികളുടെ വിസർജ്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഇവിടെ ജനജീവിതം ദുസ്സഹമാക്കുന്നു.

എലികളിലുള്ള ഉയർന്ന പ്രജനന നിരക്കാണ് വില്ലനാകുന്നത്. ഒരു പെണ്ണെലിക്ക് മൂന്നാഴ്ചകളുടെ ഇടവേളകളിൽ പ്രജനനം നടത്താനുള്ള ശേഷിയുണ്ട്. ഒരു സീസണിൽ ഒരു പെണ്ണെലിക്ക് 60 കുട്ടികളെ വരെ ഒരു വർഷം ഉത്പാദിപ്പിക്കാം. ജനിക്കുന്ന കുട്ടികൾ പെട്ടെന്നു തന്നെ വളർച്ച പ്രാപിക്കും. രണ്ടുമാസം പ്രായമായ ഒരു പെണ്ണെലിക്ക് പ്രജനനശേഷി കൈവരും. ഒരു ചെയിൻ റിയാക്ഷൻ പോലെ ഇതു വർധിച്ച എലിപ്പെരുപ്പത്തിനു വഴി വയ്ക്കുമെന്നും ഇപ്പോൾ കാണുന്നതു തുടക്കം മാത്രമാണെന്നും ചില ഗവേഷകർ പറയുന്നു. 15 മുതൽ 20 തവണ എലികൾ ദിവസവും ഭക്ഷണം കഴിക്കാറുണ്ട്. അതിനാൽ കർഷകർ തീർത്തും ആശങ്കയിലാണ്. 

കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് ഇതുവരെ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഇതിനിയും കൂടാനാണു സാധ്യത. ആരോഗ്യമേഖലയിലെ വിദഗ്ധരും ഇതേ ആശങ്ക പങ്കുവയ്ക്കുന്നു. എലികളുടെ മൂത്രത്തിൽ നിന്നും വിസർജ്യവസ്തുക്കളിൽ നിന്നും സാൽമൊണെല്ല ബാക്ടീരിയ ഭക്ഷണത്തിലൂടെയും വെള്ളത്തിലും കലർന്ന് മനുഷ്യരിലെത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഇവർ പറയുന്നു. ഇതിനെ ചെറുക്കാനുള്ള നടപടികളും ഊർജിതമാണ്. ഈ എലിശല്യത്തിൽ നിന്നു രക്ഷനേടാനായി പ്രകൃതിയിലേക്കാണ് കർഷകർ നോക്കുന്നത്. താപനില കുറഞ്ഞാലോ നല്ലൊരു മഴപ്പെയ്ത്ത് സംഭവിച്ചാലോ പ്രശ്‌നത്തിനു പരിഹാരമാകുമെന്ന് അവർ പറയുന്നു. എലികളെ നശിപ്പിക്കാൻ ശേഷിയുള്ള മരുന്നുകൾ നിറച്ച ഡ്രോണുകളും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ

ഓസ്‌ട്രേലിയയിലെ എലി പ്രശ്‌നം

ലോകത്ത് പലയിടത്തും എലികൾ പെരുകിയത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ദ് പൈഡ് പൈപ്പർ ഓഫ് ഹാംലിൻ എന്ന ജർമൻ നാടോടിക്കഥയൊക്കെ ഇതിനെ പശ്ചാത്തലമാക്കിയുള്ളവയാണ്. ഹാംലിൻ നഗരത്തിൽ എലികൾ പെരുകുന്നതും പിന്നീട് ഒരു കുഴൽവാദ്യക്കാരൻ തന്റെ സംഗീതത്തിലൂടെ എലികളെ വശീകരിച്ചു കൊണ്ടുപോകുന്നതുമാണ് കഥയുടെ ഇതിവൃത്തം.

ഇന്ന് ലോകത്തിൽ ഇത്തരം എലിപ്പെരുപ്പം വലിയ പ്രതിസന്ധിക്ക് ഇടയ്ക്കിടെ വഴിവയ്ക്കുന്ന രണ്ട് രാജ്യങ്ങൾ ഓസ്‌ട്രേലിയയും ചൈനയുമാണ്. 1788ൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ കപ്പലിലേറിയാണ് എലികൾ ഓസ്‌ട്രേലിയയിൽ എത്തിയത്. 1871ൽ ന്യൂ സൗത്ത് വെയിൽസിൽ ആദ്യ എലിപ്പെരുപ്പമുണ്ടായി. പിന്നീട് ഇടയ്ക്കിടെയുണ്ടായ ഇടവേളകൾക്കു ശേഷം എലിപ്പെരുപ്പം ഓസ്‌ട്രേലിയയിൽ വീണ്ടും വീണ്ടും സംഭവിച്ചു. 1917ലുണ്ടായ ഗ്രേറ്റ് മൗസ് പ്ലേഗ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ തോതിലുള്ളതാണ്.2011ലും ക്വീൻസ് ലൻഡ് , പടിഞ്ഞാറൻ വിക്ടോറിയ മേഖലകളിൽ ഒരു വലിയ എലിപ്പെരുപ്പം ഉടലെടുത്തിരുന്നു.

English Summary: Footage Of Australia’s Massive Mouse Plague Will Haunt Your Nightmares

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT